സൈനയ്ക്കും സിന്ധുവിനും പിന്നാലെ മലയാളിപ്പെണ്‍കുട്ടിയും

ഒളിമ്ബിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളിയായിരിക്കുകയാണ് തക്കല സ്വദേശി അശ്വതി പിള്ള സൈനക്കും സിന്ധുവിനും പിന്നാലെ ലോക ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ വുജയക്കൊടി പാറിച്ച്‌ മലയാളിപ്പെണ്‍കുട്ടി അശ്വതി പിള്ള.ഒളിമ്ബിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളിയായിരിക്കുകയാണ് തക്കല സ്വദേശി അശ്വതി പിള്ള. 2018-ല്‍ ബ്യൂണസ് അയേഴ്സില്‍ നടന്ന യൂത്ത് ഒളിമ്ബിക്സിലാണ് അശ്വതി ബാഡ്മിന്റണ്‍ ടീമിനത്തില്‍ സ്വീഡനുവേണ്ടി സ്വര്‍ണം നേടിയത് . മേളയില്‍ രണ്ട് ഇന്ത്യക്കാരാണ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയത്. ലക്ഷ്യസെന്‍ ഇന്ത്യക്കായി യൂത്ത് ഒളിമ്ബിക്‌സില്‍ ആദ്യമായി സ്വര്‍ണം നേടിയ താരമായപ്പോള്‍ സ്വീഡനുവേണ്ടി കോര്‍ട്ടിലിറങ്ങിയ അശ്വതി മലയാളികള്‍ക്കും അഭിമാനമായി.കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്ത് ഇരണിയലില്‍ മലയാളികളായ വിനോദ് പിള്ളയുടെയും ഗായത്രിയുടെയും മകളാണ് 18-കാരിയായ അശ്വതി. ഒന്‍പത് വയസ്സുള്ളപ്പോഴാണ് അശ്വതി മാതാപിതാക്കള്‍ക്കൊപ്പം സ്വീഡനിലേക്കു കുടിയേറുന്നത്. പിന്നീട് അണ്ടര്‍-13, 15, 17 വിഭാഗങ്ങളില്‍ ദേശീയ ചാമ്ബ്യനായി.ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ സ്വീഡിഷ് സീനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജേതാവാകുന്നത്.2012-13 മുതല്‍ സ്വീഡനിലെ മികച്ച ബാഡ്മിന്റണ്‍ താരം എന്ന ബഹുമതിയും അശ്വതിക്കാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ 17-ാമത്തെ വയസ്സില്‍ സ്വീഡിഷ് നാഷണല്‍ ചാമ്ബ്യന്‍ഷിപ്പ് വിജയിക്കുന്ന പ്രായംകുറഞ്ഞ താരമായി മാറി അശ്വതി. സ്വീഡിഷ് എലൈറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. സ്വീഡിഷ് നാഷണല്‍ അക്കാദമിയിലും ടാബി ബാഡ്മിന്റണ്‍ അക്കാദമിയിലുമാണ് പരിശീലനം. ഇന്തോനേഷ്യന്‍ കോച്ചിന്റെ കീഴിലാണ് സ്റ്റോക്ഹോമില്‍ പരിശീലനം. ദിവസവും മൂന്നരമണിക്കൂര്‍ പരിശീലനത്തിനായി മാറ്റിവയ്ക്കാറുണ്ടെന്ന് 12-ാം ക്ലാസുകാരിയായ അശ്വതി പറയുന്നു. ബംഗളൂരുവിലെ പ്രകാശ് പദുക്കോണ്‍ അക്കാദമിയിലും വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ പരിശീലനത്തിനെത്താറുണ്ട്.അച്ഛൻ വിനോദ് പിള്ളയ്ക്ക് ബംഗളൂരുവിലായിരുന്നു നേരത്തെ ജോലി. അശ്വതി നാലാം ക്‌ളാസ് വരെ പഠിച്ചതും അവിടെയാണ്. പിന്നീട് വിനോദ് ഐ.ടി. കമ്ബനിയില്‍ ജോലി കിട്ടിയശേഷം സ്വീഡനിലേക്കു കുടിയേറുകയായിരുന്നു. കുടുംബസമേതം അവിടെയെത്തിയതോടെ മകളെ അവിടത്തന്നെ ബാഡ്മിന്റണ്‍ പരിശീലനത്തിന് അയയ്ക്കുകയായിരുന്നു.യൂത്ത് ഒളിമ്ബിക്സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ എട്ടുപേരടങ്ങുന്ന ടീമിനത്തിലാണ് അശ്വതി സ്വര്‍ണം നേടിയത്.കാനഡയില്‍ നടന്ന ലോക യൂത്ത് ചാമ്ബ്യന്‍ഷിപ്പിലും അശ്വതി പങ്കെടുത്തു. ലോകത്തെ മികച്ച കളിക്കാരിയാകണമെന്നതാണ് ആഗ്രഹം. തന്നെ ഇന്ത്യക്കാര്‍ സ്വന്തം താരമെന്നതുപോലെ പ്രോത്സാഹിപ്പിക്കുന്നു. മെഡല്‍ നേടിയതോടെ ഇന്ത്യയുടെ എല്ലാ ഭാഗത്തുള്ളവരും അഭിനന്ദനങ്ങള്‍ അറിയിച്ചു. അത് തരുന്ന പിന്തുണയും ആത്മവിശ്വാസവും വലുതാണ്.പരിശീലനവും മറ്റ് സൗകര്യങ്ങളും സര്‍ക്കാരാണ് നല്‍കുന്നത്.ഏഴു വയസ്സുമുതലാണ് ബാഡ്മിന്റണ്‍ കളിച്ചുതുടങ്ങുന്നത്. ബംഗളൂരുവില്‍ താമസിക്കുമ്ബോള്‍ അച്ഛന്‍ വൈകുന്നേരങ്ങളില്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് കണ്ട് റാക്കറ്റുമെടുത്ത് കൂടെക്കൂടി. സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ബാഡ്മിന്റണ്‍ ചാമ്ബ്യനായിരുന്നു. അവിടെനിന്നു തുടങ്ങിയ ബാഡ്മിന്റണ്‍ കമ്ബം ഇന്ന് ലോകത്തെ മികച്ച കായികമേളകളിലെ മെഡല്‍ സാന്നിധ്യത്തിലെത്തി നില്‍ക്കുകയാണ്. അശ്വതിയുടെ സഹോദരന്‍ ദീപക് പിള്ളയും ബാഡ്മിന്റണ്‍ പ്ലേയറാണ്.2020-ലെ ടോക്കിയോ ഒളിമ്ബിക്സില്‍ പങ്കെടുക്കുകയാണ് അശ്വതിയുടെ അടുത്ത ലക്ഷ്യം.അതിനായുള്ള കഠിന പരിശ്രമത്തിലാണ്അശ്വതിയിപ്പോൾ . യൂത്ത് ഒളിമ്ബിക്സില്‍ സ്വര്‍ണം നേടിയതോടെ ഒളിമ്ബിക്സ് എന്ന സ്വപ്നത്തിലേക്ക് ഒരുചുവടുകൂടി അടുത്തതായും അശ്വതി പറയുന്നു.യൂറോപ്പിലെ നിരവധി മികച്ച ടൂര്‍ണമെന്റുകളില്‍ അശ്വതി പങ്കെടുത്തു കഴിഞ്ഞു. വിജയങ്ങള്‍ക്കുപിന്നില്‍ തന്റെ അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയുണ്ടെന്നും അശ്വതി പറയുന്നു . ഫുട്ബോളിന് പ്രാധാന്യമുള്ള രാജ്യമായിട്ടും സ്വീഡനില്‍ അശ്വതിക്കു മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് അച്ഛന്‍ വിനോദ് പിള്ള പറയുന്നു. യൂത്ത് ഒളിമ്ബിക്സില്‍ മെഡല്‍ നേടിയശേഷം ഇപ്പോള്‍ അശ്വതിക്കു വലിയ പ്രോത്സാഹനമാണ് സ്വീഡനില്‍ ലഭിക്കുന്നത്.ചാമ്ബ്യന്‍ഷിപ്പുകളും പരിശീലനവുമായി ലോകം കറങ്ങിനടന്നാലും വര്‍ഷത്തിലൊരിക്കലെങ്കിലും നാട്ടിലെത്തണമെന്നും കേരളം മുഴുവന്‍ സഞ്ചരിച്ച്‌ സ്ഥലങ്ങള്‍ കാണണമെന്നും ആഗ്രഹമുണ്ട്. അമ്മയുണ്ടാക്കുന്ന കേരളീയ വിഭവങ്ങളാണ് അശ്വതിയുടെ ഇഷ്ടഭക്ഷണം. ലോക ചാമ്ബ്യന്‍ ലിന്‍ ഡാനാണ് അശ്വതിയുടെ ഇഷ്ടതാരം. ഇന്ത്യന്‍ താരങ്ങളില്‍ സിന്ധുവും സൈനയുമാണ് ആരാധനാപാത്രങ്ങള്‍. സിന്ധുവിന്റെ പോരാട്ടവീര്യവും ആത്മസമര്‍പ്പണവും തന്നെപ്പോലുള്ള ജൂനിയര്‍ താരങ്ങള്‍ക്ക് പ്രചോദനമാണെന്നും അശ്വതി പറയുന്നു. വിരാട് കോലിയാണ് ഇഷ്ട ക്രിക്കറ്റ് താരം. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിച്ച്‌ ചാമ്ബ്യന്‍ഷിപ്പുകള്‍ വിജയിക്കണമെന്നതാണ് ഇനിയുള്ള സ്വപ്നം.നിലവില്‍ സ്വീഡിഷ് ദേശീയ ചാമ്ബ്യനായ അശ്വതിക്കു ലോകത്തെ മികച്ച ചാമ്ബ്യന്‍ഷിപ്പുകളില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം