നാവിലൂടെ അറിയാം മണവും

നാവിലൂടെ അറിയാം മണവും രുചിയറിയാൻ നാവും ഗന്ധം അറിയാൻ മൂക്കും ആണെന്നാണ് നാം ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഗന്ധം തിരിച്ചറിയാൻ ഉള്ള റിസപ്റ്ററുകൾ നാവിലും ഉണ്ടെന്ന് ഒരു പഠനം തെളിയിക്കുന്നു. ഭക്ഷണ രുചികളിൽ കൂടുതൽ മാറ്റം വരുത്താൻ ഈ പഠനം സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഗന്ധത്തിന്റെ തന്മാത്രകൾ രുചികളെ എങ്ങനെ ക്രമീകരിക്കുന്നുവെന്നും മാറ്റുന്നുവെന്നും കെമിക്കൽ സെൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വിശദമാക്കുന്നു. ഇത് ഗന്ധത്തെ അടിസ്ഥാനമാക്കിയ രുചിഭേദങ്ങൾ വികസിപ്പിക്കാനും അമിതമായി ഉപ്പ്, പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണവുമായി ബന്ധപ്പെട്ട പൊണ്ണത്തടി, പ്രമേഹം മുതലായ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് പഠനത്തിനു നേതൃത്വം നൽകിയ മെഹ്മെത് ഹക്കൻ ഓ‍സ്ഡെനർ പറയുന്നു. മിക്കവരും ഭക്ഷണത്തിന്റെ മണവും രുചിയും ഒന്നാണെന്നു കരുതുന്നു. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും പ്രത്യേക ഫ്ലേവർ, അധികവും ഗന്ധത്തിലൂടെയാണ് നാം അറിയുന്നത്. ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഗന്ധമാണ് നൽകുന്നത്. ഉദാഹരണത്തിന്, അതു വാഴപ്പഴമാണോ ചെറിയാണോ എന്നെല്ലാം അറിയുന്നത് ഗന്ധത്തിലൂടെയാണ്. രുചി, ഗന്ധം മറ്റ് ഇന്ദ്രിയസംവേദനങ്ങൾ ഇവയെല്ലാം ചേർത്ത് മസ്തിഷ്കം രുചിയുടെ (ഫ്ലേവറിന്റെ) ഒരു ഇന്ദ്രിയാവബോധം ഉണ്ടാക്കുന്നു.രുചിയും മണവും രണ്ട് വ്യത്യസ്ത സെൻസറി സിസ്റ്റമാണെന്നും തലച്ചോറിലെത്തുന്നതു വരെ അവ പരസ്പരം ഇടപെടലുകൾ (interactions) നടത്തുന്നില്ലെന്നുമാണ് ഇതുവരെ കരുതിയിരുന്നത്. ഘ്രാണശക്തിയുടെ റിസപ്റ്ററുകളിൽ (Olfactory receptors) ഉള്ള പ്രധാനപ്പെട്ട തന്മാത്രകളെല്ലാം മനുഷ്യന്റെ രുചിമുകുളങ്ങളിൽ ഉള്ളതായി പഠനത്തിൽ പറയുന്നു. ഘ്രാണശക്തിയുമായി ബന്ധപ്പെട്ട റിസപ്റ്ററുകൾ, നാവിലെ രുചിയുടെ റിസപ്റ്ററുകളുമായി ഇടപെടലുകൾ നടത്തുന്നതായും രുചി തിരിച്ചറിയാൻ ഇവ പ്രധാന പങ്കു വഹിക്കുന്നതായും കണ്ടു. രുചിയുടെ ഒരു കോശത്തിൽ രുചിയുടെയും മണത്തിന്റെയും റിസപ്റ്ററുകൾ ഉണ്ടെന്ന് മോണെൽ കെമിക്കൽ സെൻസസ് സെന്റർ തെളിയിക്കുന്നു. Smell Can Be Sensored Through Tongue