ജീവന്റെ അംശം തേടി മാർസ് 2020

ജീവന്റെ അംശം തേടി മാർസ് 2020 പേടകം ചൊവ്വയിലെ നദീതട പ്രദേശമായ ‘ജെസീറോ ക്രേറ്ററി’ലായിരിക്കും ഇറങ്ങുക 2020 ജൂലൈയിൽ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയയ്ക്കാനുള്ള ഒരുക്കത്തിലാണ് നാസ. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയാണു ലക്ഷ്യം. മാർസ് 2020 എന്നു പേരിട്ട പേടകം പക്ഷേ എവിടെ ഇറക്കുമെന്നതു സംബന്ധിച്ചു കഴിഞ്ഞ നാലു വർഷമായി ഗവേഷകർ കൊണ്ടുപിടിച്ച ചർച്ചയിലായിരുന്നു. 250 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന പേടകം ചൊവ്വയിലെ നദീതട പ്രദേശമായ ‘ജെസീറോ ക്രേറ്ററി’ലായിരിക്കും ഇറങ്ങുക. 2021 ഫെബ്രുവരിയിൽ ഇതു ജെസീറോയിൽ വന്നിറങ്ങുമെന്ന പ്രതീക്ഷയിലാണു ഗവേഷണം തുടരുന്നത്. ആറു വർഷം മുൻപു ചൊവ്വയിൽ വന്നിറങ്ങിയ ക്യൂരിയോസിറ്റി റോവറിനേക്കാളും ഭാരിച്ച ഉത്തരവാദിത്തമാണ് മാർസ് 2020യെ കാത്തിരിക്കുന്നത്. ജെസീറോയിൽ വന്നിറങ്ങുന്ന പേടകത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ– ചൊവ്വയിൽ ഏതെങ്കിലും വിധത്തിൽ എന്നെങ്കിലും ജീവൻ നിലനിന്നിരുന്നോയെന്നു കണ്ടെത്തുക. 350 മുതൽ 390 കോടി വരെ വർഷങ്ങൾ പഴക്കമുള്ളതായിരിക്കും ഈ ജീവന്റെ അംശമെന്നത് മറ്റൊരു സത്യം. എന്നാൽ ഭൂമിയിൽ എങ്ങനെയാണു ജീവനുണ്ടായത് എന്നതിന്റെ ഉൾപ്പെടെ ഉത്തരം ചൊവ്വയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. അടുത്ത ഘട്ടത്തിൽ ചൊവ്വയിലേക്കു മനുഷ്യനെ അയയ്ക്കുകയാണു നാസയുടെ ലക്ഷ്യം.