ഇരയ്ക്കടുത്തേക്ക് പറക്കുന്ന ചിലന്തി

സെക്കന്റ് സ്‌ക്വയറില്‍ 1,100 മീറ്റര്‍ ത്വരണ വേഗതയാണ് സ്ലിങ് ഷോട്ട് ചിലന്തിയ്ക്കുള്ളത് വലയൊരു തെറ്റാലിയാക്കി സ്വയം ഇരയ്ക്കടുത്തേക്ക് പറക്കുന്ന ചിലന്തി. സ്ലിങ് ഷോട്ട് ചിലന്തിയെ അഥവാ കവണ ചിലന്തി കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അടുത്തിടെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരുകൂട്ടം ഗവേഷകര്‍ അതിവേഗ ക്യാമറ ഉപയോഗിച്ച് ഈ ചിലന്തിയുടെ ചലനം പകര്‍ത്തിയപ്പോള്‍ അതിന് സെക്കന്റില്‍ നാല് മീറ്റര്‍ വേഗമുണ്ടെന്ന് കണ്ടെത്തി. സെക്കന്റ് സ്‌ക്വയറില്‍ 1,100 മീറ്റര്‍ ത്വരണ വേഗതയാണ് (Acceleration speed )സ്ലിങ് ഷോട്ട് ചിലന്തിയ്ക്കുള്ളത്. ചീറ്റപ്പുലിയുടെ ത്വരണ വേഗം സെക്കന്റ് സ്‌ക്വയറില്‍ 13 മീറ്ററാണ് അങ്ങനെ വരുമ്പോള്‍ ചിലന്തിവര്‍ഗത്തില്‍ ഏറ്റവും വേഗമേറിയത് സ്ലിങ്‌ഷോട്ട് ചിലന്തിയ്ക്കാണെന്ന് പറയാം. പുതിയ കണക്കുകള്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ മോറോക്കന്‍ ഫ്‌ലിക്ഫ്‌ലാക്ക് ( സെക്കന്റില്‍ രണ്ട് മീറ്റര്‍) പോലുള്ള ചിലന്തികള്‍ വേഗതയുടെ കാര്യത്തില്‍ പിന്നിലാവും. അടുത്തിടെ നടന്ന അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി യോഗത്തിലാണ് ഗവേഷകര്‍ ചിലന്തി വേഗത്തെ കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പെറുവിയന്‍ ആമസോണ്‍ മേഖലയിലാണ് ഇത്തരം ചിലന്തികള്‍ കണ്ടുവരുന്നത്. എന്തായാലും ഈ ചിലന്തികള്‍ മനുഷ്യരെ അല്ല ലക്ഷ്യമിടുന്നത്. കോണ്‍ ആകൃതിയിലുള്ള വലയാണ് ഇവ നെയ്യുക. അതിന്റെ കോണില്‍ നിന്നും ഒരു നൂല് അടുത്തുള്ള മരച്ചില്ലകളില്‍ ബന്ധിപ്പിച്ചിട്ടുണ്ടാവും. ഈ നൂല് വലിച്ച് വിട്ടാണ് ചിലന്തി പറക്കുന്നത്. എന്നിട്ട് ഇരയ്ക്കുമേല്‍ പറ്റിപിടിക്കുകയാണ് ചെയ്യുക.