എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ : ആഗസ്റ്റ് ഒന്ന്

എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ : ആഗസ്റ്റ് ഒന്ന് പ്രകൃതിയ്ക്ക് ഒരു വര്‍ഷം മനുഷ്യന് വേണ്ടി നല്‍കാവുന്ന വിഭവങ്ങളുടെ പരിധി അവസാനിക്കുന്ന ദിവസമാണ് എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ.പ്രകൃതി ഘടകങ്ങളായ കാര്‍ബണ്‍ , ആഹാരം, തടി എന്നിവയ്ക്ക് പ്രതിവര്‍ഷം മനുഷ്യന് ഉപയോഗിക്കാവുന്ന ഒരു പരിധി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം മനുഷ്യന് പ്രകൃതിയില്‍ നിന്നും ലാഭിക്കാവുന്ന വിഭവങ്ങളുടെ പരിധി ആഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. അതിന് ശേഷമുള്ള മനുഷ്യന്‍റെ ഉപയോഗം പരിധി ലംഘനമായാണ്‌ കണക്കാക്കേണ്ടത്. ഇത്തവണ കലണ്ടറില്‍ പറഞ്ഞതിലും രണ്ട് ദിവസം മുന്‍പാണ് എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ വരുന്നത്.ഗ്ലോബല്‍ ഫൂട്ട് പ്രിന്‍റ് നെറ്റ്വര്‍ക്ക് എന്ന ഗവേഷക സംഘമാണ് ഈ കലണ്ടര്‍ നിര്‍മ്മിച്ചിട്ടുള്ളത് .ജൈവശാസ്ത്രപരമായി ഫലഭൂയിഷ്ഠമായ പ്രദേശങ്ങളുടെ അളവ്, കടലിന്‍റെ സ്വഭാവം,വിസ്തീര്‍ണ്ണം ,കാട്, വിളവെടുപ്പ് പ്രദേശങ്ങള്‍, മത്സ്യ സമ്പത്ത്, കൃത്രിമമായ വികസനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവയുടെ എല്ലാം കണക്ക് എടുത്ത ശേഷമാണ് പ്രകൃതി വിഭവങ്ങള്‍ സംബന്ധിച്ച കലണ്ടര്‍ തയ്യാറാക്കുന്നത്.നിലവിലുള്ള ജനസംഖ്യയും പ്രകൃതി വിഭവങ്ങളും തമ്മിലുള്ള അനുപാതമാണ് കലണ്ടറിന്റെ അടിസ്ഥാനം. അമേരിക്കയിലെ ജീവിത രീതി അനുസരിച്ച് ആളുകളുടെ സുഖ ജീവിതത്തിന് 5 ഭൂമികള്‍ കൂടി വേണ്ടി വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.