ആഴക്കടലിൽ ജീവിച്ചിരുന്നത് 46 കൈകളുള്ള അദ്ഭുതജീവി

ഉടലു നിറയെ കൈകളുള്ള ഭീകര സത്വത്തിനു സമാനമായ ഒരു പുരാതന ജീവിയെ ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. പക്ഷേ ഒരു വ്യത്യാസമുണ്ട്. ഉടല് നിറയെ ഉള്ളത് മനുഷ്യരുടേതിനു സമാനമായ കൈകളല്ല മറിച്ച് നീരാളിയുടേതു പോലെയുള്ള കൈകളാണ്.ഉടല് നിറയെ കൈകളുണ്ടെങ്കിലും ഈ ജീവി ഒരു ഭീകര സത്വമൊന്നുമല്ല. മാത്രമല്ല വലുപ്പത്തില്‍ കുഞ്ഞനുമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ജീവിയുമായും ജനിതക ബന്ധമില്ലെങ്കിലും കാഴ്ചയില്‍ നീരാളിയോടും സീ കുക്കുംബറിനോടുമെല്ലാം ഈ ജീവിക്ക് സാമ്യമുണ്ട്. ആമയുടേതു പോലെ കട്ടിയുള്ള പുറന്തോടാണ് ഈ ജിവിയുടെ മറ്റൊരു സവിശേഷത. കഥുലു എന്ന അതിപുരാതന ജീവി കഥുലു എന്നു പേര് നല്‍കിയിരിക്കുന്ന ജീവിക്ക് ഈ പേര് ലഭിച്ചത് തന്നെ എച്ച്. പി ലോവര്‍ ക്രാഫ്റ്റിന്‍റെ നോവലിലെ ശരീരം നിറയെ നീരാളി കൈകളുള്ള ഒരു ജീവിയില്‍ നിന്നാണ്. 430 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ജീവി ഭൂമിയിലുണ്ടായിരുന്നത്. ആദ്യമായി എല്ലുകളുള്ള ഒരു മത്സ്യം രൂപപ്പെട്ട സിലൂറിയന്‍ കാലഘട്ടമായിരുന്നു അത്. ഈ ജിവികളെക്കുറിച്ചു നേരത്തെ തന്നെ ഗവേഷകര്‍ക്കു സൂചനളുണ്ടായിരുന്നു എങ്കിലും പൂര്‍ണമായ രൂപം ലഭ്യമായത് ഇപ്പോഴാണ്. ഗവേഷകര്‍ പ്രതീക്ഷിച്ചതിലും വലുപ്പം കുറവായിരുന്നു അക്കാലത്ത് ജീവിച്ചിരുന്ന കഥുലു എന്ന ജീവികള്‍ക്ക്. പക്ഷേ ഇവയുടെ കൈകളുടെ എണ്ണം ഏതാണ്ട് 6 നീരാളികളുടെ കൈകളുടെ എണ്ണത്തിനു തുല്യമായിരുന്നു. ഭക്ഷിക്കാനായി ചെറുജീവികളെയും മറ്റും വലിച്ചെടുക്കാന്‍ കഴിയുന്ന രീതിയില്‍ സ്പര്‍ശനികളായാണ് ഈ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാണ്ട് 46 കൈകളാണ് ഒരു കഥുലുവിനുണ്ടായിരുന്നത്. ഓരോ കൈക്കും ഏതാണ്ട് 3 സെന്‍റീമീറ്റര്‍ നീളം. ജീവിയുടെ ശരീരത്തിന് ഏതാണ്ട് ഒന്നരയിഞ്ച് നീളമുണ്ടായിരുന്നു. കാഴ്ചയില്‍ എട്ട് കാലിയോടും നീരാളിയോടുമൊക്കെ സാമ്യം തോന്നുമെങ്കിലും കഥുലുവിന് ഈ ജീവികളുമായി യാതൊരു ബന്ധവുമില്ലെന്ന് ഗവേഷകര്‍ പറയുന്നു. വംശമറ്റു പോയ ഒഫിയോസിസ്റ്റിയോയിഡ്സ് എന്ന ജീവിവംശത്തിലെ അംഗങ്ങളായിരുന്നു സൊലാസിനാ കഥുലുകള്‍. ഇന്ന് സമുദ്രത്തിലുള്ളവയില്‍ സീ കുക്കുംബര്‍ എന്ന ജീവിക്ക് മാത്രമാണ് ഇവയോട് അല്‍പമെങ്കിലും സാമ്യമുള്ളത്. എന്നാല്‍ കഥലുകള്‍ക്ക് ആമയുടേതു പോലെ കട്ടിയേറിയ പുറന്തോടുകളുണ്ടായിരുന്നു. സീ കുക്കുംബറുകളില്‍ ഈ പുറന്തോടില്ല. പേശീബലത്തിന് പകരം ഹൈഡ്രോളിക് അഥവാ ജലമര്‍ദമുപയോഗിച്ചിരുന്ന ജീവികള്‍ അമേരിക്കയിലെ യെല്‍ സര്‍വകലാശാലയിലെ പാലിയന്‍റോളജിസ്റ്റായ ഡെറിക് ബ്രിഗ്സ് ആണ് ഈ ജീവികളുടെ ഫോസില്‍ പഠനവിധേയമാക്കിയതും കഥലുകള്‍ എന്ന ജീവികള്‍ ഒരു കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നു തെളിയിച്ചതും. പസിഫിക്കില്‍ നിന്നു ലഭിച്ച ഒരു കഥലുവിന്‍റെ ഫോസിലാണ് ഈ പഠനത്തിനു സഹായിച്ചത്. ഫോസിലില്‍ നിന്ന് ത്രീഡിയുടെ സഹായത്തോടെയാണ് കഥുലുവിന്‍റെ രൂപം ഗവേഷകര്‍ നിര്‍മിച്ചെടുത്തത്. വിശദമായ പരിശോധനയിലൂടെ ജീവിയുടെ ഘടന ഗവേഷകർ മനസിലാക്കി. രൂപം മാത്രമല്ല ഫോസില്‍ ഓരോ പാളികളായി ഇഴകീറി ഗവേഷകര്‍ പരിശോധനയ്ക്കു വിധേയമാക്കിയതിലൂടെ ജീവിയുടെ ശരീരത്തിന്‍റെ ഉൾവശത്തെ ഘടനയും അവര്‍ മനസ്സിലാക്കി. ഇതില്‍ നിന്നാണ് ഈ ജീവികളുടെ സഞ്ചാരം ഹൈഡ്രോളിക് ശക്തിയുടെ സഹായത്തോടെയാണെന്നു മനസ്സിലാക്കിയത്. ശരീരത്തിനുള്‍വശത്ത് നക്ഷത്രമത്സ്യങ്ങളിലും മറ്റും കാണപ്പെടുന്ന രീതിയില്‍ വാട്ടര്‍ വസ്കുലാര്‍ ഘടനയാണുണ്ടായിരുന്നത്. ശരീരത്തിന്‍റെ ഉള്‍വശത്തെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും ഹൈഡ്രോളിക് ശക്തിയിലൂടെയാണ് സാധ്യമായിരുന്നതെന്നും ഈ കണ്ടെത്തലിലൂടെ വ്യക്തമായി. ഹൈഡ്രോളിക് ശക്തി ഉപയോഗിച്ചിരുന്നതുകൊണ്ട് തന്നെ ഈ ജീവികള്‍ക്ക് പേശികളുണ്ടായിരുന്നിരിക്കില്ല എന്ന നിഗമനവും ഗവേഷകര്‍ക്കുണ്ട്. പക്ഷെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പേശികളുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് പേശീബലം അഥവാ മസിലുകള്‍ സഞ്ചാരത്തിലും ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപോഗിച്ചിരുന്നില്ല എന്നതും ഗവേഷകര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്. discovered ancient sea creature is the worlds most underwhelming cthulhu