ഗ്ലോബുലാര്‍ ക്ലസ്റ്ററില്‍ പുതിയ നക്ഷത്രഗ്രൂപ്പ്

നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച് സുപ്രധാനമായ കണ്ടെത്തല്‍ ഇന്ത്യന്‍ വംശനായ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍ ആണ് നടത്തിയത്. സൂര്യന്റെ 1.4 മടങ്ങോ അതില്‍ കുറവോ വലിപ്പമുള്ള നക്ഷത്രങ്ങള്‍ ഇന്ധനം എരിഞ്ഞുതീര്‍ന്ന് വെള്ളക്കുള്ളന്‍മാരാകും എന്നതായിരുന്നു ആ കണ്ടെത്തല്‍. നക്ഷത്രഭൗതികത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ 'ചന്ദ്രശേഖര്‍ പരിധി'യെന്ന പേരില്‍ വന്‍സ്വാധീനം ചെലുത്താന്‍ പോകുന്ന കണ്ടെത്തലായിരുന്നു അത്. ഒരുതരത്തിലല്ല, പല വിധത്തില്‍ നക്ഷത്രങ്ങള്‍ക്ക് അന്ത്യം സംഭവിക്കാം എന്ന സാധ്യതയാണ് ചന്ദ്രശേഖര്‍ മുന്നോട്ടുവെച്ചത്. 'ചന്ദ്രശേഖര്‍ പരിധി'ക്കുള്ളില്‍ വരുന്ന നക്ഷത്രങ്ങളാണ് വെള്ളക്കുള്ളന്‍മാര്‍ (white dwarfs) ആവുക. അതിലും വലിയ നക്ഷത്രങ്ങള്‍ അന്ത്യത്തില്‍ ന്യൂട്രോണ്‍ താരങ്ങളോ തമോഗര്‍ത്തങ്ങളോ ആകുമെന്ന് പില്‍ക്കാല പഠനങ്ങള്‍ തെളിയിച്ചു. സൂര്യനെക്കാള്‍ ദ്രവ്യമാനം കുറഞ്ഞവയുടെ അന്ത്യം 'ചുവപ്പ് കുള്ളന്‍' (red dwarf) എന്ന അവസ്ഥയിലാകും. പ്രപഞ്ചത്തില്‍ നക്ഷത്രങ്ങള്‍ പിറക്കുന്നു, വളരുന്നു, ഒടുവില്‍ ഇന്ധനം തീര്‍ന്ന് മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും അവസ്ഥയില്‍ അവസാനിക്കുന്നു. സൂര്യന്‍ തന്നെ ഉദാഹരണം. 500 കോടി വര്‍ഷം പ്രായമുളള സൂര്യന് ഇനി 500 കോടി വര്‍ഷം കൂടി ജ്വലിക്കാനുള്ള ഇന്ധനമുണ്ട്. അതുകഴിഞ്ഞേ, സൂര്യന്‍ വാര്‍ധക്യത്തിലെത്തൂ. അതിനാല്‍, സൂര്യന്റെ അന്ത്യം എങ്ങനെയാകുമെന്ന് നേരിട്ടു പഠിക്കുക അസാധ്യം.എന്നാല്‍, വ്യത്യസ്ത നക്ഷത്രങ്ങളുടെ അവസാനകാലം നിരീക്ഷിക്കാനും പഠിക്കാനും സാഹചര്യമൊരുക്കുന്ന ചില മേഖലകള്‍ പ്രപഞ്ചത്തിലുണ്ട്, ഗ്ലോബുലാര്‍ ക്ലസ്റ്ററുകള്‍ ഉദാഹരണം. ഗോളാകൃതി പൂണ്ട് ഒറ്റ യൂണിറ്റായി നീങ്ങുന്ന ലക്ഷോപലക്ഷം നക്ഷത്രങ്ങളുടെ കൂട്ടത്തെയാണ് ഗ്ലോബുലാര്‍ ക്ലസ്റ്റര്‍ (Globular Cluster) എന്ന് വിളിക്കുന്നത്. നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയില്‍ നൂറ്റമ്പതിലേറെ ഗ്ലോബുലാര്‍ ക്ലസ്റ്ററുകളുണ്ട്, ആയിരം കോടി വര്‍ഷത്തോളം പഴക്കമുള്ളവ. നക്ഷത്രങ്ങളുടെ പരിണാമവും അന്ത്യവും പഠിക്കാന്‍ സഹായിക്കുന്ന 'ലബോറട്ടറികള്‍' എന്നുതന്നെ കരുതാവുന്ന ഇടങ്ങളാണ് ഇത്തരം ക്ലസ്റ്ററുകള്‍. അതിലൊരെണ്ണമാണ് 'ഗ്ലോബുലാര്‍ ക്ലസ്റ്റര്‍ NGC 2808'. ഭൂമിയില്‍ നിന്ന് 47,000 പ്രകാശവര്‍ഷമകലെ, 'കറൈന' (Carina) നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന അതാണ് ശാസ്ത്രത്തിന് പരിചയമുള്ള ഏറ്റവും വലിയ ഗ്ലോബുലാര്‍ ക്ലസ്റ്റര്‍. 1100 കോടി വര്‍ഷം പ്രായമുള്ള ക്ലസ്റ്ററില്‍ അഞ്ചു വ്യത്യസ്ത ഗ്രൂപ്പുകളിലായി പത്തുലക്ഷത്തിലേറെ നക്ഷത്രങ്ങളുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഒബ്‌സര്‍വേറ്ററിയായ 'അസ്‌ട്രോസാറ്റ്' (AstroSat) ഉപയോഗിച്ച് ആ ഗ്ലോബുലാര്‍ ക്ലസ്റ്ററിലെ നക്ഷത്രപരിണാമം പഠിക്കുന്നതിനിടെ, പുതിയൊരു നക്ഷത്രഗ്രൂപ്പ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തിരുവനന്തപുരത്തെ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി' (IIST), മുംബൈയില്‍ 'ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്' (TIFR) എന്നിവയിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തലിന്റെ റിപ്പോര്‍ട്ട്, 'മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമി സൊസൈറ്റി' ജേര്‍ണലിലാണ് പ്രസിദ്ധീകരിക്കുക. വ്യത്യസ്തയിനം നക്ഷത്രങ്ങളുടെ ജീവിതചക്രം വ്യത്യസ്തമാണ്. 'ഭീമന്‍ നക്ഷത്രങ്ങള്‍ വേഗം രൂപപ്പെടും, ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മതി അതിന്. അവയുടെ അന്ത്യവും ഉജ്ജ്വലമായ രീതിയിലായിരിക്കും. അതേസമയം സൂര്യനോ, സൂര്യനെക്കാളും വലുപ്പം കുറഞ്ഞ നക്ഷത്രങ്ങളോ രൂപപ്പെടുന്നത് സാവധാനത്തിലാണ്, കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട്'- വ്യത്യസ്ത ദ്രവ്യമാനവും, അതേസമയം ഒരേ രാസഉള്ളടക്കവുമുള്ള നക്ഷത്രങ്ങളാണ് ഗ്ലോബുലാര്‍ ക്ലസ്റ്ററില്‍ കാണപ്പെടുക. വ്യത്യസ്ത ദ്രവ്യമാനമുള്ള നക്ഷത്രങ്ങള്‍ വ്യത്യസ്ത പരിണാമഘട്ടങ്ങളിലായിരിക്കും. അള്‍ട്രാവയലറ്റ് പരിധിയില്‍ നക്ഷത്രങ്ങളുടെ ശോഭ കണക്കാക്കുമ്പോള്‍ അവയുടെ താപനില പിടികിട്ടും. അങ്ങനെ ലഭിക്കുന്ന ഡേറ്റയുടെ സഹായത്തോടെ ഗ്ലോബുലാര്‍ ക്ലസ്റ്ററിലെ നക്ഷത്രങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുകയാണ് ചെയ്തത്.അള്‍ട്രാവയലറ്റ് പരിധിയില്‍ ദൃശ്യമാകുന്ന നാലു വ്യത്യസ്ത നക്ഷത്രഗ്രൂപ്പുകളുടെ സാന്നിധ്യം, NGC 2808 ക്ലസ്റ്ററില്‍ വ്യക്തതയോടെ നിരീക്ഷിക്കാന്‍ സംഘത്തിനും കഴിഞ്ഞു. ഗ്ലോബുലാര്‍ ക്ലസ്റ്ററില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞ നക്ഷത്രഗ്രൂപ്പുകളില്‍ ഒരെണ്ണം ശാസ്ത്രത്തിന് പുതിയതാണ്! 'റെഡ് ഹോറിസോണ്ടല്‍ ബ്രാഞ്ച്' (Red Horizontal Branch) ഗ്രൂപ്പിലെ ക്ഷത്രങ്ങളുടെ സാന്നിധ്യം അവിടെയുള്ളതായി മുമ്പുതന്ന നിരീക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അസ്‌ട്രോസാറ്റ് ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്, അത് ഒറ്റ ഗ്രൂപ്പല്ല, രണ്ടു വ്യത്യസ്ത നക്ഷത്രഗ്രൂപ്പുകള്‍ ചേര്‍ന്നതാണ് എന്നാണ്. ഗ്ലോബുലാര്‍ ക്ലസ്റ്ററുകളില്‍ വിവിധ നക്ഷത്രഗ്രൂപ്പുകള്‍ എങ്ങനെ രൂപപ്പെടുന്നു എന്നകാര്യം പഠിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിത്. ഇന്ത്യന്‍ ബഹിരാകാശ നിരീക്ഷണകേന്ദ്രമായ അസ്‌ട്രോസാറ്റിന്റെ വിജയഗാഥയിലെ പുതിയ ഏടാണ് മേല്‍സൂചിപ്പിച്ച കണ്ടെത്തല്‍. another discovery from india astrosat new group of stars in globular cluster