വിക്രം ലാൻഡർ കണ്ടെത്തി; പ്രതീക്ഷയോടെ ഇസ്റൊ

വിക്രം ലാൻഡർ കണ്ടെത്തി; പ്രതീക്ഷയോടെ ഇസ്റൊ

ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡർ കണ്ടെത്തിയതായി ഇസ്റൊ ചെയർമാൻ ഡോ. കെ.ശിവൻ. ലാൻഡറിന്റെ ലൊക്കേഷൻ കണ്ടെത്തി. ലാൻഡറിന്റെ തെർമൽ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തി. എന്നാൽ ഓർബിറ്ററും ലാൻഡറും തമ്മിൽ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ലാൻഡറിന് എന്തെങ്കിലും കേടുപാടുകൾ പറ്റിയോ എന്നും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ–2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാൻഡർ കാണാതായത്. ലാൻഡർ കണ്ടെത്തിയതിനു പിന്നാലെ ഇതിനുള്ളിലെ റോവർ പ്രവർത്തനക്ഷമമായോന്നുള്ള ആകാംക്ഷയിലാണു ശാസ്ത്രലോകം.

ഇരുൾ നിറഞ്ഞ മേഖലയായതിനാൽ ദക്ഷിണധ്രുവത്തിൽ നിന്നു വ്യക്തമായ ചിത്രത്തിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ പേടകത്തിൽ നിന്നുള്ള ഇൻഫ്രാറെഡ് റേഡിയേഷനെ അടിസ്ഥാനമാക്കി തെർമൽ ഇമേജിങ് നടത്താനാകും. രാത്രിയിലെ കാഴ്ച സാധ്യമാക്കുന്ന രീതിയാണ് തെർമൽ ഇമേജിങ്. ചന്ദ്രനിലെ ഇരുണ്ട മേഖലയിലായിട്ടും ചിത്രങ്ങളെടുക്കാൻ സാധിക്കുന്ന അതിശക്തമായ ക്യാമറയാണ് ഓർബിറ്ററിലുള്ളത്. 

നിലവിൽ ചന്ദ്രനെ ചുറ്റുന്ന പേടകങ്ങളിൽ ഏറ്റവും ക്വാളിറ്റിയുള്ള ചിത്രങ്ങളെടുക്കാൻ കഴിയുന്ന ക്യാമറയും ചന്ദ്രയാൻ 2ന്റെ ഓര്‍ബിറ്ററിലേതാണ്. അതുവഴി ലഭിക്കുന്ന ചിത്രത്തിലൂടെ ലാൻഡർ വിക്രമിന്റെ നിലവിലെ സ്ഥാനവും ചന്ദ്രോപരിതലത്തിൽ എങ്ങനെയാണു കിടക്കുന്നതെന്നും വിശകലനം ചെയ്തെടുക്കാൻ സാധിക്കും. ലാൻഡറിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്നറിയാനും തെർമൽ ഇമേജിങ്ങിലൂടെ സാധിക്കും. ക്രാഷ് ലാൻഡിങ് ആണോ അതോ സോഫ്റ്റ്‌ലാൻഡിങ്ങാണോ ലാൻഡർ നടത്തിയതെന്നും അറിയാനുണ്ട്. 

ക്രാഷ് ലാൻഡിങ് അല്ലെന്നാണു ഐഎസ്ആർഒ വിദഗ്ദര്‍ പറയുന്നത്. ഓർബിറ്ററും ലാൻഡറും തമ്മിലുള്ള കമ്യൂണിക്കേഷൻ ചാനൽ ഇപ്പോഴും സജീവമായിരിക്കുന്നതാണ് അതിനു കാരണമെന്നും മുൻ ഐഎസ്ആർഒ ഡയറക്ടർ ഡി.ശശികുമാർ പറയുന്നു. എന്നാൽ ലാൻഡറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നതു സംബന്ധിച്ച വിശദീകരണം നൽകണമെങ്കിൽ കൂടുതൽ ഡേറ്റ വിശകലനം അത്യാവശ്യമാണ്. അതിനുള്ള ശ്രമം ഐഎസ്ആർഒ തുടരുകയാണ്. ലാൻഡറിന് എന്താണു സംഭവിച്ചതെന്നറിയാൻ നിയോഗിച്ചിട്ടുള്ള എഫ്എസി കമ്മിറ്റിയുടെ വിവരങ്ങളും പുറത്തു വരാനുണ്ട്.

ലാൻഡറിന്റെ സ്ഥാനം നിർണയിക്കാൻ സാധിച്ചതുതന്നെ വലിയ നേട്ടമായാണു വിലയിരുത്തപ്പെടുന്നത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിൽനിന്നു ചന്ദ്രയാൻ 2 പ്രയാണം ആരംഭിച്ചത്. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് പ്രശംസയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അടക്കം രംഗത്തു വന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ദൗത്യം പ്രചോദനമായെന്നു നാസ വ്യക്തമാക്കി.

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമാവുകയായിരുന്നു. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നുമാണ് ഇസ്റോ ചെയർമാൻ ഡോ. കെ.ശിവൻ ഏഴിനു പുലർച്ചെ 2.18ന് അറിയിച്ചത്. ചന്ദ്രയാൻ–2 ദൗത്യം 90 മുതൽ 95 ശതമാനം വിജയമാണെന്ന് ഐഎസ്ആർഒ വിലയിരുത്തിയിരുന്നു. ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും ഐഎസ്ആർഒ അറിയിച്ചിരുന്നു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയിട്ടുള്ളത്. അതും ഇന്ത്യൻ ദൗത്യത്തിന്റെ ചെലവു പരിഗണിച്ചാൽ പതിന്മടങ്ങ് പണം മുടക്കിയും.

ചന്ദ്രോപരിതലത്തിലെ സോഫ്റ്റ്‌ ലാൻഡിങ് ദൗത്യങ്ങളിൽ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വൻശക്തികളുടെ ഒട്ടേറെ ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാൻഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞർക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്.

വീഴ്ചയുടെ കാരണങ്ങളെക്കുറിച്ചു പഠിക്കാൻ പരാജയ വിശകലന സമിതി (എഫ്എസി) ഇസ്റോ രൂപീകരിക്കും. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്റോ പ്രാഥമിക വിശകലനം നടത്തും. വിക്രം ലാൻഡറിനെ കണ്ടെത്താൻ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ കറങ്ങുന്ന ചന്ദ്രയാൻ പേടകം (ഓർബിറ്റർ) ഉപയോഗിച്ച് ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ പകർത്തും. ഇതുവരെയുള്ള ചാന്ദ്രദൗത്യങ്ങളിലെ ഏറ്റവുമധികം റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാൻ ഓർബിറ്ററിലുള്ളത്.

Vikram Lander Found; Hopefully ISRO