ലോകത്തിനു ഭീഷണിയായി പറക്കും ഗ്രനേഡുകള്‍

ലോകത്തിനു ഭീഷണിയായി പറക്കും ഗ്രനേഡുകള്‍ 

    ശത്രു സങ്കേതത്തിന് മുകളിലൂടെ വട്ടമിട്ട് പറന്ന് കൃത്യസമയത്ത് ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള ഗ്രനേഡുകള്‍ യാഥാര്‍ഥ്യമാകുന്നു. ഡ്രോണുകളുടെ സഹായത്തില്‍ പറന്ന ശേഷം ആറ് മൈല്‍ ദൂരെയുള്ള (ഏകദേശം 9.6 കിലോമീറ്റര്‍) ലക്ഷ്യസ്ഥാനം വരെ ഭേദിക്കാന്‍ ഇവക്കാകും. കൊച്ചു ഹെലിക്കോപ്റ്ററുകളുടെ രൂപത്തിലുള്ള ഇവക്ക് മിനിറ്റുകളോളം നിരീക്ഷണ പറക്കല്‍ നടത്താനാകുമെന്നത് പ്രഹരശേഷി വര്‍ധിപ്പിക്കുന്നു.
          ഇനിയങ്ങോട്ട് ഡ്രോണുകളായിരിക്കും യുദ്ധമേഖലകളില്‍ നിര്‍ണ്ണായകമാകുക എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഡ്രോണ്‍ 40 എന്ന ഈ പറക്കും ഗ്രനേഡ്. ഫ്‌ളോറിഡയില്‍ കഴിഞ്ഞ മാസം നടന്ന ആയുധ പ്രദര്‍ശനത്തിനിടെയാണ് കൈക്കുമ്പിളിലൊതുങ്ങുന്ന ഈ പറക്കും ഗ്രനേഡിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അല്‍പം വലുപ്പം കൂടിയ വെടിയുണ്ടയുടെ ആകൃതിയിലുള്ള ഇവയുടെ പറക്കല്‍ നിയന്ത്രിക്കുന്നത് നാല് ഫാനുകളുള്ള ചെറു ഡ്രോണാണ്.
   12 മിനിറ്റുവരെ പറന്ന് ലക്ഷ്യസ്ഥാനത്തിനടുത്തെത്താനും 20 മിനിറ്റുവരെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ വട്ടമിട്ട് പറക്കാനും ഇവക്കാകും. ഒന്നിലേറെ ഡ്രോണുകളേയും ശത്രുക്കളുടെ ലക്ഷ്യസ്ഥാനം തകര്‍ക്കാനായി നിയോഗിക്കാന്‍ സാധിക്കും. ആറ് മൈല്‍ ദൂരത്തു നിന്നുവരെ ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കുന്ന ഇവക്ക് തൊടുത്തുവിട്ടു കഴിഞ്ഞാല്‍ 45 മൈല്‍(ഏകദേശം 72 കിലോമീറ്റര്‍) വേഗത്തില്‍ സഞ്ചരിക്കാനാകും.
     മെല്‍ബണ്‍ ആസ്ഥാനമായുള്ള ഡിഫെന്‍സ് ടെക്‌സ് എന്ന കമ്പനിയാണ് ഈ പറക്കും ഗ്രനേഡ് നിര്‍മിച്ചിരിക്കുന്നത്. അതേസമയം ഏതെങ്കിലും രാജ്യത്തെ സൈന്യം ഇവയെ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഗ്രനേഡ് ഉപയോഗിക്കാന്‍ മാത്രമല്ല സമരക്കാരെ പിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന പുക ഗ്രനേഡുകളും ഇവ ഉപയോഗിച്ച് തൊടുക്കാനാകും. റിമോട്ട് കണ്‍ട്രോള്‍ വഴി ഇവ ഉപയോഗിക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല ചാര ക്യാമറകള്‍ ഘടിപ്പിക്കുന്നതടക്കമുള്ള പണികളും ഈ പറക്കും ഗ്രനേഡിന് വിജയകരമായി നിര്‍വ്വഹിക്കാനാകും.
 റഷ്യ റോബോട്ടുകളുടെ സൈനിക വിഭാഗം തന്നെ രൂപീകരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു പൂച്ചയുടെ വലിപ്പത്തിലുള്ള ചെറു ഡ്രോണുകളും റഷ്യന്‍ റോബോ സൈന്യത്തിലെ പ്രധാന അംഗങ്ങളാണ്. രാജ്യങ്ങളിലെ സൈന്യത്തിനൊപ്പം ഭീകരസംഘടനകളും ഇത്തരം ഡ്രോണ്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. അതും പറക്കും ഗ്രനേഡ് പോലുള്ളവയും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
  
Grenades That Threaten The World