ചാരത്തിൽ നിന്ന് ചരിത്രത്തിലേക്ക്

ചാരത്തിൽ  നിന്ന് ചരിത്രത്തിലേക്ക് 

ഏറ്റവും കുറഞ്ഞ ചെലവിൽ റോക്കറ്റ് നിർമിച്ച് ചന്ദ്രയാൻ–2 ദൗത്യത്തിന് തുടക്കമിട്ട് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി ഐഎസ്ആർഒ വൻ കുതിപ്പ് നടത്തുമ്പോൾ ആദ്യ കാലങ്ങളിലെ ഇല്ലായ്മകളുടെ നിരവധി കഥകൾ കൂടി നാം അറിഞ്ഞിരിക്കണം. രണ്ടാം ചന്ദ്രയാൻ പേടകം കുതിച്ചുയർന്നപ്പോൾ ഐഎസ്ആർഒയുടെ ആദ്യ ഓഫീസ് ഒരു ക്രിസ്ത്യൻ പള്ളി ആയിരുന്നു എന്നും ശാസ്ത്രജ്ഞർ താമസിച്ചിരുന്നത് ബിഷപ്പിന്റെ വസതിയിലായിരുന്നുവെന്നും കേൾക്കുമ്പോൾ കഴിഞ്ഞ 55 വർഷത്തിനിടെ നാം എത്ര മു ന്നേറിയിരിക്കുന്നുവെന്ന് മനസിലാകും.

ഉന്തിക്കൊണ്ടു പോയ പഴയ റോക്കറ്റിൽ നിന്ന്, ബഹിരാകാശ ഗവേഷണകേന്ദ്രമായി മാറിയ ദേവാലയത്തിന്റെ മടിത്തട്ടിൽ നിന്ന് നാമിപ്പോൾ ക്രയോജനിക് റോക്കറ്റ് ടെക്നോളജി സ്വന്തമാക്കി ചന്ദ്രനിൽ വരെ എത്തിനിൽക്കുന്നു.ആദ്യ റോക്കറ്റ് കുതിച്ചതിന്റെ 55ാം വകർഷത്തിൽ ബഹിരാകാശ വിപണിയും ഗവേഷണ ലോകവും നമുക്ക് കീഴിലായിരിക്കുന്നു. ബഹിരാകാശ നേട്ടങ്ങളെല്ലാം നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെ.

സൈക്കിളിൽ പേലോഡ്, പഴയൊരു ജീപ്പിൽ റോക്കറ്റ്, അതും അമേരിക്ക സമ്മാനിച്ചത്, വിക്ഷേപണത്തിനു സഹായിക്കാൻ അമേരിക്കയിലെയും റഷ്യയിലെയും ഫ്രാൻസിലെയും ശാസ്‌ത്രജ്‌ഞർ, വിക്ഷേപണത്തറയിലേക്കു ഘോഷയാത്രയായി നീങ്ങുന്ന ആൾക്കൂട്ടം... ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന്റെ കഥയാണിത്. ലോകത്തൊരിടത്തും അങ്ങനെയൊരു റോക്കറ്റ് വിക്ഷേപണം അതിനു മുൻപോ ശേഷമോ നടന്നിട്ടുണ്ടാവില്ല. ഇവിടെ നിന്നാണ് ചൊവ്വയും ചന്ദ്രനും മറ്റു ഗ്രഹങ്ങളും കീഴടക്കാൻ വെമ്പുന്നിടത്തേക്ക് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾ വളർന്നതെന്നതു കൗതുകകരമാണ്.

തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷനോടു (ടേൾസ്) ചേർന്നുള്ള വിക്ഷേപണത്തറയിൽനിന്ന് അമേരിക്കൻ നിർമിത നൈക്ക് അപ്പാച്ചേ ആകാശം തൊട്ടത് 1963 നവംബർ 21ന് ആയിരുന്നു. അതുവരെ റോക്കറ്റിന്റെ ചിത്രം കാണാൻപോലും നല്ലൊരവസരമില്ലാതിരുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം.

ഇല്ലായ്‌മകളിൽനിന്ന് ആത്മസമർപ്പണത്തിലൂടെ എങ്ങനെ ലോകം കീഴടക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യയുട ബഹിരാകാശ വിജയഗാഥ. 1962ൽ ആണവോർജ വകുപ്പിനു കീഴിൽ ബഹിരാകാശ ഗവേഷണത്തിനായുള്ള ദേശീയ സമിതി നിലവിൽ വന്നതോടെയാണ് ബഹിരാകാശ ഗവേഷണ രംഗത്തേക്കു രാജ്യം ചുവടുവയ്‌ക്കുന്നത്. ഡോ. വിക്രം സാരാഭായിയുടെ സ്വപ്‌നങ്ങളും അന്നത്തെ അണുശക്‌തി വകുപ്പു തലവൻ ഡോ. ഹോമി ഭാഭയുടെ കലവറയില്ലാത്ത പിന്തുണയും കൂടിച്ചേർന്നപ്പോൾ അത് അറ്റമില്ലാത്ത വിജയക്കുതിപ്പിനു നാന്ദികുറിക്കുകയായിരുന്നു. ഈ സ്വപ്‌നങ്ങൾക്കു ചിറകു നൽകിയത് തിരുവനന്തപുരത്തെ ഒരു കുന്നിൻപുറത്തുള്ള ദേവാലയത്തിൽനിന്നായിരുന്നുവെന്നതു മറ്റൊരു കൗതുകം.

ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളാണ് കേരളത്തിലെ തുമ്പയെന്ന ചെറുഗ്രാമത്തിലേക്കു വിക്രം സാരാഭായിയുടെ കണ്ണെത്താൻ കാരണം. ഭൗമാന്തരീക്ഷ പഠനങ്ങൾക്കു പ്രാധാന്യമുള്ള ഇടമാണ് തുമ്പ. ഇവിടത്തെ സെന്റ് മേരീസ് പള്ളിയിലും അതിനോടു ചേർന്നുള്ള അരമനയിലും ആ മഹാശാസ്‌ത്രജ്‌ഞന്റെ കണ്ണുടക്കി. അതു ബഹിരാകാശ ഗവേഷണത്തിനു വിട്ടുതരണമെന്ന വിക്രം സാരാഭായിയുടെ അഭ്യർഥനയോട് ബിഷപ് പീറ്റർ ബർനാർഡ് പെരേരയുടെ പ്രതികരണം അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. രാജ്യാന്തര തലത്തിൽ ഏറെ മുന്നിലെത്തിയ ഐഎസ്ആർഒയുടെ ആദ്യ ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ പള്ളിയിലായിരുന്നു. ഇവിടത്തെ ബീച്ചായിരുന്നു ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ തറ.


From Ashes To History