തീപിടിത്ത മുന്നറിയിപ്പ് നൽകിയ നായ ചത്തു

തീപ്പിടിത്തമുണ്ടായപ്പോൾ മുന്നറിയിപ്പ് നൽകി 30 പേരെ രക്ഷപ്പെടുത്തിയ നായ തീയിൽപ്പെട്ട് ചത്തു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ തീപ്പിടിത്തം മറ്റു നിലകളിലേക്ക്പ ടരുന്നതിന് മുമ്പ് കുരച്ച് മുന്നറിയിപ്പ് നൽകി നിരവധിപ്പേർക്ക് രക്ഷകനായ നായ അതേ തീയിൽപ്പെട്ട് ചത്തു. ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ജനവാസമേഖലയിലെ ഇലക്ട്രോണിക്‌സ് -ഫര്‍ണിച്ചര്‍ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. നാല് നിലകകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. മുകളിലത്തെ നിലയിലാണ് ഉടമ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട നായ നിര്‍ത്താതെ കുരച്ച് കെട്ടിടത്തിലെ താമസക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചു. നായയുടെ നിർത്താതെയുള്ള കുര ശ്രദ്ധിച്ച കെട്ടിടത്തിലെ വിവിധ നിലകളില്‍ താമസിച്ചിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ രക്ഷകനായ നായയെ എല്ലാവരം മറന്നു. ഇതോടെ നായ തീയില്‍ പെട്ട് ചത്തു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയിലാണ് നായയ്ക്ക് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട താമസക്കാരില്‍ ഒരാള്‍ അറിയിച്ചു. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് നിഗമനം. കെട്ടിടത്തിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന വിറകിന്റെ ശേഖരം തീപിടിത്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. വിവിധ ഫ്‌ളാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളും അഗ്നിബാധയെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.