നേരിട്ട് സുപ്രീംകോടതി ജഡ്ജിയിലേക്ക്....!!!

രാജ്യത്ത് ആദ്യമായി വനിതാ അഭിഭാഷക നേരിട്ട് സുപ്രിം കോടതി ജഡ്ജി പദവിയിലേക്ക്. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയാണ് സുപ്രിം കോടതി ജഡ്ജിയാവുക. ഒപ്പം മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെയും സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇന്ദു മല്‍ഹോത്ര ചരിത്രം കുറിക്കും. മലയാളിയായ ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രിം കോടതിയുടെ ആദ്യത്തെ വനിതാ ജഡ്ജി. 1989 ലായിരുന്ന അവരുടെ നിയമനം. നിലവില്‍ 25 ജഡ്ജിമാരില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി മാത്രമാണ് വനിതാ സാന്നിധ്യം.രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് ശുപാര്‍ശ ചെയ്യപ്പെടുന്നത്. 2007ല്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായി നിയമിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇന്ദു.