കൃത്രിമ മനുഷ്യൻ’ അപകടകാരിയാണോ?

 'കൃത്രിമ മനുഷ്യൻ' അപകടകാരിയാണോ? 'നിയോണി'ന്റെ പിന്നിൽ പ്രവർത്തിച്ച ഇന്ത്യക്കാരൻ പറയുന്നു

റഷ്യൻ സാഹിത്യകാരൻ ഐസക്ക് അസിമോവിന്റെ, യന്ത്രമനുഷ്യർ പ്രധാന കഥാപാത്രങ്ങളായി വരുന്ന, കഥാപുസ്തകങ്ങളിലൂടെയാണ് മനുഷ്യൻ ആദ്യമായി റോബോട്ടുകളെക്കുറിച്ചും മനുഷ്യസമൂഹത്തിൽ അവ നടത്താൻ സാദ്ധ്യതയുള്ള ഇടപെടലുകളെ കുറിച്ചും ആദ്യമായി ചിന്തിക്കുന്നത്. ഇതിനുശേഷം സിനിമയിലും മറ്റുമായി റോബോട്ടുകൾ മുഖ്യധാരയിൽ ഇടപെടാൻ ആരംഭിച്ചു.

ചിലപ്പോഴൊക്കെ മനുഷ്യന്റെ സുഹൃത്തായും, മറ്റുചിലപ്പോൾ അവനെ ഇല്ലാതാക്കാൻ നടക്കുന്ന ശത്രുവായും റോബോട്ടുകൾ അരങ്ങുവാണു. കണ്ടാൽ മനുഷ്യനിൽ നിന്നും വേർതിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള, 'ജീവനുറ്റ' റോബോട്ടുകളായിരുന്നു സിനിമാക്കാരുടെ ഒരു കാലത്തെ ഭ്രമം. ടെർമിനേറ്റർ, റോബോകോപ്പ്, ബ്ലേഡ് റണ്ണർ എന്നീ ചിത്രങ്ങൾ സിനിമാപ്രേക്ഷകരുടെ കൗതുകങ്ങളെയും ഒരുപാട് പരിപോഷിപ്പിച്ചു.

എന്നാൽ യഥാർത്ഥ ജീവിതത്തിലും ഇത്തരം റോബോട്ടുകൾ രംഗത്തെത്തിയയാൽ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ കേട്ടോളൂ. ഇത്തരത്തിൽ മനുഷ്യനിൽ നിന്നും തിരിച്ചറിയാൻ സാധിക്കാതെ, മനുഷ്യന്റെ അതേ സ്വഭാവമുള്ള റോബോട്ടുകളെ ഈ വർഷത്തോടെ തന്നെ പുറത്തിറക്കാൻ ആലോചിക്കുകയാണ് പ്രണവ് മിസ്ത്രി എന്ന ഇന്ത്യക്കാരൻ.

എന്നാൽ, സാംസങിന്റെ പിന്തുണയുള്ള, സ്റ്റാർ ലാബ്സ് എന്ന സഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ മിസ്ത്രി ഇവരെ റോബോട്ടുകളായി കാണാനോ, മനുഷ്യന്റെ അടിമകളായി കണക്കാക്കാനോ ഒരുക്കമല്ല. മനുഷ്യനെ പോലെ തന്നെ പെരുമാറുന്ന അവന്റെ കൂട്ടുകാരനായാണ് മിസ്ത്രി തന്റെ 'നിയോൺ' എന്ന് പേരിട്ടിരിക്കുന്ന കൃത്രിമ മനുഷ്യനെ കാണുന്നത്.