ഡിടിഎച്ച് വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വര്‍ധനവ്

ഡിടിഎച്ച് വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി : ഡിടിഎച്ച് വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വര്‍ധനവ്. 2003 മുതല്‍ ഇന്ത്യയില്‍ ഡിടിഎച്ച് സേവനം ആരംഭിച്ചതു മുതല്‍ മികച്ച വളര്‍ച്ചയാണ് ഈ മേഖല കൈവരിച്ചിരിക്കുന്നതെന്നാണു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ഡിടിഎച്ച് സജീവ വരിക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും 2019 മാര്‍ച്ച് അവസാന പാദത്തിലാണ് ഏറ്റവും ഉയര്‍ച്ച ഉണ്ടായിരിക്കുന്നത്.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സജീവ വരിക്കാരുടെ എണ്ണം 69.30 ദശലക്ഷമാണെന്നാണ് പുതിയ കണക്കുകള്‍. ജൂണില്‍ 68.92 ദശലക്ഷം വരിക്കാരാണുണ്ടായിരുന്നത്. വിപണിയില്‍ 31.61 ശതമാനം ഓഹരിയുള്ള ടാറ്റ സ്‌കൈ ഡിടിഎച്ചിനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 31.23 ശതമാനവുമായി ഡിഷ് ടിവി രണ്ടാം സ്ഥാനത്തും. 23.39 ശതമാനം വിപണി വിഹിതവുമായി എയര്‍ടെല്‍ മൂന്നാമതാണ്. സണ്‍ ഡയറക്റ്റിന് 13.78 ശതമാനം വരിക്കാരാണുള്ളത്.
കേബിള്‍ ടിവി മേഖല, 2019 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ അനുസരിച്ച് സിറ്റി നെറ്റ്വര്‍ക്കിനാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 9.1 ദശലക്ഷം വരിക്കാരാണ് ഇവര്‍ക്കുള്ളത്. ജിടിപിഎല്‍ ഹാത്ത്വേ, ഹാത്ത്വേ ഡിജിറ്റല്‍ എന്നിവയ്ക്ക് യഥാക്രമം 5.34 ദശലക്ഷവും 5.31 ദശലക്ഷം വരിക്കാരുമുണ്ട്. ഡെന്‍ നെറ്റ്വര്‍ക്കിന് 4.3 ദശലക്ഷം വരിക്കാരുമാണുള്ളത്. നേരത്തെ 130 രൂപയുടെ നെറ്റ്വര്‍ക്ക് കപ്പാസിറ്റി ഫീസില്‍ ലഭ്യമായ സൗജന്യ ചാനലുകളുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അത് ഇരുന്നൂറായി ഉയര്‍ത്തിയിട്ടുണ്ട്. ഈ പുതിയ വ്യവസ്ഥകള്‍ 2020 മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.