കൊറോണ രോഗത്തിന് ഇനി മുതൽ പുതിയ പേര്

കൊറോണ രോഗത്തിന് ഇനി മുതൽ പുതിയ പേര്


ലോകത്തെ ആശങ്കയിലാഴ്ത്തിയ നോവൽ കൊറോണ വൈറസ് ഇനി കൊവിഡ്– 19(COVID-19) എന്നറിയപ്പെടും. ലോകാരോഗ്യസംഘടനയുടെ തലവൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പുതിയ പേര് നൽകുന്നതായി സ്ഥിരീകരിച്ചു. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് കൊവിഡ്– 19. പല രാജ്യങ്ങളിലും കൊറോണ വൈറസിനു വിവിധ പേരുകളുള്ളതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ പേരെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടർ ജനറൽ പറഞ്ഞു. രോഗചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം അറിയിച്ചു.കൊറോണവൈറസ് ബാധയെത്തുടർന്ന് ചൈനയിൽ ഇന്നലെ 97 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1113 ആയി.

കൊറോണ വൈറസ് രോഗം ഇപ്പോഴും ഗുരുതരമായി തുടരുന്നതായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. കേരളത്തിൽ രോഗം പരിപൂർണമായി നിയന്ത്രണവിധേയമായി എന്ന് പ്രഖ്യാപിക്കുവാൻ കുറച്ചു സമയം കൂടി വേണ്ടിവന്നേക്കും. രോഗം പകർത്തുവാൻ സാധ്യതയുള്ള ആൾക്കാരെ മാറ്റിനിർത്തുന്ന quarantine എന്ന രീതി ഇപ്പോഴും തുടരുന്നു.ചൈന, ഹോംകോങ്, സിംഗപ്പൂർ, മലേഷ്യ തായ്‌ലൻഡ്, ജപ്പാൻ, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്, സൗത്ത് കൊറിയ, വിയറ്റ്നാം, തായ്‌വാൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നും യാത്ര കഴിഞ്ഞ് വരുന്നവർക്കാണ് നിയന്ത്രണങ്ങൾ ഉള്ളത്.

ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ‍. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാവാം.

ആദ്യഘട്ടം ജലദോഷപ്പനി: ചെറിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവയാണ്. 
ലക്ഷണങ്ങൾ– വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. 
രണ്ടാംഘട്ടം– ന്യുമോണിയ: പനി, ചുമ, ശ്വാസതടസ്സം, ഉയർന്ന ശ്വസനനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ.
മൂന്നാം ഘട്ടം– എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം): ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ, രക്തസമ്മർദം താഴുകയും കടുത്ത ശ്വാസതടസ്സമുണ്ടാവുകയും ചെയ്യും. ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകാം. നാലാം ഘട്ടം– സെപ്റ്റിക് ഷോക്ക്: രക്തസമ്മർദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു. 
അഞ്ചാം ഘട്ടം– സെപ്റ്റിസീമിയ: വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരികാവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കുന്നു.
രോഗം പകരുന്ന വിധം– രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പകരാം. 
മുൻകരുതൽ: കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദര്‍ശിക്കുന്നുണ്ടെങ്കിൽത്തന്നെ മാസ്ക് ധരിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായും മൂക്കും പൊത്തണം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണം. ധാരാളം വെള്ളം കുടിക്കണം.