നമ്മള്‍ സ്നേഹിക്കുന്ന , നമ്മെ സ്നേഹിക്കുന്ന വീട് !

വീടും മനസ്സും പൊരുത്തപ്പെട്ടാല്‍ ജീവിതം സുഖകരം വീട് ഇന്ന് പണത്തിന്‍റെയും പ്രൗഢിയുടെയും പ്രതീകമാണ്. എന്നാല്‍ വീടിന് ഒരു ചൈതന്യമുണ്ട്. ഇരുണ്ടുകിടക്കുന്ന വീടുകള്‍ക്കൊപ്പം മനസ്സുകളും ഇരുണ്ടുപോകും. നമ്മുടെ ആവശ്യം കണ്ടറിഞ്ഞുള്ള വീടാകണം ഒരുക്കേണ്ടത്. കട ഭാരങ്ങള്‍ വലിച്ച് തലയില്‍ വച്ച് വീട് പണിതശേഷം സമാധാനമില്ലാതെ ജീവിക്കുന്നതില്‍ അര്‍ഥമില്ല.വലുതായാലും ചെറുതായാലും വീട് വൃത്തിയായി സൂക്ഷിക്കണം. ധാരാളം വായുവും വെളിച്ചവും മുറിയിലെത്തണം.വീടിന്റെ പരിപാലനം വീട്ടുകാരുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കും വിധമാകണം.പലപ്പോഴും ഗൃഹനാഥയ്ക്കാണ് വീടിന്റെ ചുമതല നല്‍കുക. അത് ശരിയല്ല. കുട്ടികള്‍ക്കടക്കം ഓരോ ചുമതല നല്‍കണം. ഷീറ്റ് വിരിക്കുക, മുറി അടിച്ചിടുക, ചെടിനനയ്ക്കുക തുടങ്ങിയവ കുട്ടികളെ ഏല്പിക്കാം.ഷീറ്റുകള്‍ ആഴ്ചയിലൊന്നു മാറ്റണം. ഫ്രിഡ്ജും ക്ലീന്‍ചെയ്യാം. വാട്ടര്‍ടാങ്ക് മാസത്തിലൊന്ന് ശുചിയാക്കാം.ഓരോന്നിനും സ്ഥലം നിശ്ചയിക്കുന്നതും നല്ലതാണ്. വായിച്ച പത്രം എവിടെ വെയ്ക്കണം, അത്യാവശ്യമരുന്നുകള്‍ എവിടെ സൂക്ഷിക്കണം എന്നിങ്ങനെ. അറ്റകുറ്റപ്പണികളും മറ്റും നീട്ടി വയ്ക്കാതിരിക്കുന്നതാണ് നല്ലത്.പൊട്ടിയ ഓട് മാറ്റാന്‍ മഴക്കാലം വരെ കാക്കണ്ട. ലീക്കുള്ള പൈപ്പും വെള്ളംവരാത്ത ഷവറുമൊക്കെ നെഗറ്റീവ് എനര്‍ജി പകരുന്നതിനൊപ്പം നമ്മുടെ കീശയും കാലിയാക്കുമെന്നോര്‍ക്കണം.ആവശ്യമില്ലാത്ത വസ്തുക്കള്‍ സൂക്ഷിച്ചു വെയ്ക്കുന്നതാണ് പല വീടുകളുടെയും പ്രശ്‌നം. പഴകിയ ഉടുപ്പുകളും വസ്തുക്കളുമൊക്കെ പ്രയോജനമുള്ളവര്‍ക്ക് കൈമാറാം.നമ്മള്‍ ജീവിതത്തിലെ കൂടുതല്‍ സമയവും വീട്ടിലാണ് ചെലവഴിക്കുക. നമ്മുടെ മനസ്സിനെ ഉണര്‍ത്തുന്ന ചെറിയ ചെടികള്‍, അക്വേറിയം, കൗതുകവസ്തുക്കള്‍ തുടങ്ങിയവയെല്ലാം വീട്ടില്‍ ഭംഗിയായി വക്കുന്നത് പോസിടിവ് എനര്‍ജി നല്‍കും.വീട്ടിലെ ക്രമീകരണങ്ങള്‍ അവിടെ താമസിക്കുന്നവരുടെ മനസ്സിനെ സ്വാധീനിക്കുന്നു എന്നതിനാല്‍ രൂപങ്ങള്‍, നിറങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് കൃത്യമായ ക്രമീകരണങ്ങള്‍ വേണം