വിവാഹമോചനങ്ങള്‍ക്ക് കാരണമായി സോഷ്യല്‍ മീഡിയയും

വിവാഹമോചനത്തിന് കോടതികളിലെത്തുന്ന കേസുകളുടെ കാര്യകാരണങ്ങൾ അറിഞ്ഞാല്‍ ഞെട്ടും .കേസുകളുടെ എണ്ണവും ഓരോവർഷ തോറും കൂടി വരുന്നു . 1990-കളിൽ മദ്യപാനവും കുടുംബവഴക്കുകളും അക്രമങ്ങളുമായിരുന്നു വിവാഹമോചനക്കേസുകളിലെ പ്രധാന കാരണമായിരുന്നത് . എന്നാല്‍ ഇപ്പോൾ സാമൂഹികമാധ്യമങ്ങളും ആ സ്ഥാനത്തേക്ക് കടന്നുവരുന്നു. സാമൂഹികമാധ്യമങ്ങൾവഴി ഉണ്ടാകുന്ന ബന്ധങ്ങളും അതേച്ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടാകുന്ന തർക്കങ്ങളും വിവാഹമോചനത്തിന് കാരണമായി.സാമൂഹികമാധ്യമങ്ങളിലൂടെ അപരിചതരുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരം ലഭിക്കുന്നത് പലപ്പോഴും ദമ്പതിമാർക്കിടയിൽ സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്. മൊബൈൽഫോണും ഇതിലൊരു പ്രധാന പങ്കുവഹിക്കുന്നു. ഇത്തരം സംശയങ്ങളാണ് ഇപ്പോൾ മിക്ക കേസുകളിലുമുള്ളതെന്ന് കൗൺസലർമാർ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമാധ്യമങ്ങളടക്കമുള്ളവയുടെ ഇടപെടലുകൾവഴി വിവാഹബന്ധം വേർപെടുത്തുന്നവരുടെ എണ്ണം 33 ശതമാനത്തോളമായി വര്‍ധിച്ചു. മുമ്പ് കുടുംബനാഥന്മാരുടെ മദ്യപാനവും ഗാർഹികപീഡനങ്ങളുമായിരുന്നു 30 ശതമാനത്തിലേറെ കേസുകൾക്കും കാരണം. എന്നാൽ, 2010-നുശേഷം ഇക്കാരണം പറഞ്ഞ് എത്തുന്നവരുടെ എണ്ണം പത്തുശതമാനമായി കുറഞ്ഞതായി കൗൺസലർമാർ ചൂണ്ടിക്കാട്ടുന്നു.സിനിമ, ടെലിവിഷൻ തുടങ്ങിയവയിലൂടെ കടന്നുവരുന്ന കുടുംബത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും മറ്റൊരു പ്രധാന കാരണമാണെന്ന് മനശ്ശാസ്ത്രജ്ഞർ പറയുന്നു. വിവാഹമോചനം മുൻതലമുറയ്ക്ക് ചിന്തിക്കാൻപോലും പ്രയാസമുള്ള കാര്യമായിരുന്നെങ്കിൽ ഇപ്പോഴത്, ഏറക്കുറേ സാധാരണമായിരിക്കുന്നു. വിവാഹമോചനവും പുനർവിവാഹവും ആവാമെന്ന ധാരണ മിക്കവരിലുമുണ്ട്. ചെറിയ കുടുംബങ്ങൾ, വരുമാനം തുടങ്ങി പല കാരണങ്ങൾ വിവാഹമോചനം കൂടാനിടയാക്കുന്നു.