കേരള രാഷ്ട്രീയത്തിലെ അതികായൻ വിട പറയുമ്പോൾ

അമ്പതിലേറെ വർഷത്തെ കെ.എം.മാണിയുടെ പൊതുപ്രവർത്തന ജീവിതത്തിൽ പാലാ തന്നെയായിരുന്നു കേന്ദ്ര ബിന്ദു രാഷ്ട്രീയ കേരളത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായന്‍ കെഎം മാണി ഇനി ഓര്‍മയാകുമ്പോൾ ബാക്കിയാവുന്നത് കേരളം രാഷ്ട്രീയത്തിലെ തീരാ നഷ്ടം. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി. കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ ഉടമയുമാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോര്‍ഡ്;25 വര്‍ഷം മന്ത്രി‌‌‍‌‌ , നിയമസഭാംഗമായി 52 വര്‍ഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായെ നിയസഭയില്‍ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്. 1965 മുതല്‍ 13 തവണ ജയം നേടി അദ്ദേഹം. കെ.എം. മാണിയെന്നാൽ പാലായും പാലായെന്നാൽ കെ.എം.മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം. കന്നിയങ്കം മുതൽ പതിമൂന്ന് തവണ പാലായെ നിയമസഭയിൽ കെ.എം.മാണി പ്രതിനിധീകരിച്ചു. പാലായെ വിട്ടൊരു കെ.എം.മാണി ഇല്ല എന്നുതന്നെ പറയാം. അമ്പതിലേറെ വർഷത്തെ കെ.എം.മാണിയുടെ പൊതുപ്രവർത്തന ജീവിതത്തിൽ പാലാ തന്നെയായിരുന്നു കേന്ദ്ര ബിന്ദു. തനിക്കൊരു രണ്ടാം ഭാര്യയുണ്ടെന്നും അതു പാലായാണെന്നും കെ.എം.മാണി തന്നെ പറഞ്ഞിട്ടുണ്ട്.തിരഞ്ഞെടുപ്പുകളിൽ പല വൻ മരങ്ങളും പലയിടങ്ങളിലും കടപുഴകി വീണപ്പോഴും പാലാ എന്നും മാണിയ്ക്ക് സുരക്ഷിത താവളമായിരുന്നു. മീനച്ചിലെന്നും പുലിയന്നൂരെന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1964 ൽ ആണ്. കേരള കോൺഗ്രസ് പിറന്നതും ആ വർഷം തന്നെ. 65 ൽ തിരഞ്ഞെടുപ്പ്. മരങ്ങാട്ടുപള്ളിക്കാരനും വക്കീലും കോൺഗ്രസിൽ പി. ടി. ചാക്കോയുടെ ശിഷ്യനുമായിരുന്ന കെ. എം. മാണി കേരള കോൺഗ്രസ് ടിക്കറ്റിൽ സ്‌ഥാനാർഥിയായി. സ്വതന്ത്രനായ വി. ടി. തോമസിനെ തോൽപിച്ചു കന്നി വിജയം കുറിച്ച് മാണി ജൈത്രയാത്ര തുടങ്ങി. കോൺഗ്രസ് സ്‌ഥാനാർഥി ഏലിക്കുട്ടി തോമസ് മൂന്നാം സ്‌ഥാനത്തായി. 67 ൽ വീണ്ടും വി.ടി. തോമസ് തോൽവിയറിഞ്ഞു. കരുത്തനായ എം.എം. ജേക്കബിനെ കോൺഗ്രസ് രംഗത്തിറക്കിയെങ്കിലും മൂന്നാം സ്‌ഥാനം കൊണ്ടു തൃപ്‌തിപ്പടേണ്ടി വന്നു. ഏറ്റവും വാശിയേറിയ മത്സരം 1970ലായിരുന്നു. കേരള കോൺഗ്രസിനുവേണ്ടി മാണിയും കോൺഗ്രസ് ടിക്കറ്റിൽ എം.എം.ജേക്കബും വീണ്ടും കളത്തിലിറങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം. ഭാഗ്യം മാണിക്കൊപ്പമായിരുന്നു. 364 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. മാണിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. അടിയന്തരാവസ്‌ഥയ്‌ക്കു ശേഷം '77ൽ നടന്ന തിരഞ്ഞടുപ്പിൽ മാണി ക്ഷീണം തീർത്തു. കോൺഗ്രസും കേരള കോൺഗ്രസും ഒന്നിച്ചു നിന്നപ്പോൾ ഇടതു പക്ഷത്തിന്റെ എൻ.സി. ജോസഫിനെ 14857 വോട്ടിന് മാണി മലർത്തിയടിച്ചു. കെ. എം. മാണി ഇടതു പാളയത്തിലായിരുന്ന 80 ൽ വീണ്ടും എം. എം. ജേക്കബ് എതിരെ വന്നു. 4566 വോട്ടിന് മാണി ജയിച്ചു കയറി. 82ൽ വീണ്ടും ജനാധിപത്യ ചേരിയിലെത്തിയ മാണി ആ വർഷം ജെ. എ. ചാക്കോയെയും 87ൽ കെ.എസ്. സെബാസ്‌റ്റ്യനെയും '91 ൽ ജോർജ് സി. കാപ്പനെയും തോൽപ്പിച്ചു. 96 ൽ കോണ്‍ഗ്രസിന്‍റെ യുവതുര്‍ക്കിയായി എത്തിയ സി. കെ. ജീവനാണു മാണിയോടു മൽസരിച്ചത്. മാണിയുടെ ഭൂരിപക്ഷം റെക്കോർഡിലെത്തി- 23790 വോട്ട്. 2001ൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ചത് എൻസിപി നേതാവ് ഉഴവൂർ വിജയൻ. 2006ലും 2011ലും ,2016ലും എൻസിപിയുടെ തന്നെ മാണി സി. കാപ്പൻ. മാണിയുടെ സീറ്റിന് ഒരു ഇളക്കവുമുണ്ടായില്ല. 2016ലെ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത അഗ്നിപരീക്ഷകളുടെ നടുവിലായിരുന്നു കെ.എം.മാണി. ബാര്‍ കോഴ ആരോപണം മാണിയെ മാത്രമല്ല പാര്‍ട്ടിയെയും യുഡിഎഫിനെയും ശരിക്കും പിടിച്ചുകുലുക്കി. പിന്നീട് അതിജീവനത്തിന്‍റെ പോരാട്ടങ്ങളായിരുന്നു. അതിലേറ്റവും പ്രധാനം താൻ കോഴ വാങ്ങിയിട്ടില്ലെന്ന് പാലായിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു. പാലാക്കാരിലും രണ്ടഭിപ്രായങ്ങൾ ഉയർന്നു. 2016ലെ വിജയം മാണിക്ക് വലിയ ആശ്വാസമായിരുന്നു. വിജയവാര്‍ത്തയറിഞ്ഞ മാണി ആദ്യമെത്തിയത് ജാതിമതഭേദമന്യേ പാലായുടെ വിശ്വാസ കേന്ദ്രമായ കുരിശുപള്ളിയിലായിരുന്നു. ആശങ്കയുടെ ദിനങ്ങളിലും ആശ്വാസം കുരിശുപള്ളിയും അവിടുത്തെ മാതാവുമായിരുന്നു. അദ്ദേഹത്തിന് ചര്‍ച്ചയും യോഗങ്ങളും ഇല്ലാത്ത ലോകത്തേക്കുള്ള ഒരു മടക്കമാണിത്