ഹൈവേ പോലീസിനെ കുരുക്കി വിജിലൻസ്

വിജിലൻസ് സംഘത്തെ കണ്ട് പൊലീസ് വാഹനവുമായി ഡ്രൈവർ കടന്നതോടെ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ പെരുവഴിയിലായി രാത്രി പരിശോധനയുടെ പേരിൽ പണപ്പിരിവ് നടത്തിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടി വിജിലൻസ് സംഘം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വിജിലൻസ് സംഘത്തെ കണ്ട് പൊലീസ് വാഹനവുമായി ഡ്രൈവർ കടന്നതോടെ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ പെരുവഴിയിലായി. ചരക്ക് ലോറികൾ തടഞ്ഞ് നിർത്തി ഹൈവേ പൊലീസ് പണപ്പിരിവ് നടത്തുന്നത് പ്രദേശത്ത് നിത്യസംഭവമായി മാറിയിരുന്നു. സംഭത്തെക്കുറിച്ച് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് രാത്രി പരിശോധനയ്ക്കിറങ്ങിയത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. കണക്കിൽപെടാത്ത 14000 രൂപ ഹൈവേപൊലീസ് വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്തു. സിഗരറ്റ് പായക്കറ്റിലും സീറ്റിനടിയിൽ നിന്നുമെല്ലാം പണം പിടിച്ചെടുത്തു. മലപ്പുറം വഴിക്കടവ് റൂട്ടിൽ പെട്രോളിംഗ് നടത്തിയ വാഹനത്തിൽ നിന്ന് പിടിച്ച 4222 രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്ത ഉയർന്ന തുക. നാൽപ്പതാം നമ്പർ ഹൈവേ പെട്രോൾ വാഹനത്തിന്‍റെ ഡ്രൈവറാണ് മുങ്ങിയത്. റോഡിലായ പൊലീസുകാര്‍ക്ക് മടങ്ങാന്‍ ഒടുവില്‍ വിജിലൻസ് ഉദ്യോഗസ്ഥരാണ് സഹായിച്ചത്. ഇട റോഡുകളിൽ വാഹനം ഒതുക്കിയിട്ട് ഉറങ്ങിയവരും റെയ്ഡില്‍ കുടുങ്ങി. കൊയിലാണ്ടിയിലും കൊണ്ടോട്ടിയിലും കരുനാഗപ്പള്ളിയിലും കഴക്കൂട്ടത്തും വിജിലൻസ് ഉദ്യോഗസ്ഥരെത്തി ഉറങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുണർത്തേണ്ടി വന്നു. തൃശൂരിൽ മദ്യപിച്ച എസ്ഐയെയും റെയ്ഡില്‍ പിടിച്ചു. സ്ട്രെക്ചർ കയർ തുടങ്ങി അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട പല സാധനങ്ങളും പെട്രോളിംഗ് വാഹനത്തിൽ സൂക്ഷിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ മുഴുവൻ വിജിലൻസ് യൂണിറ്റുകളും പരിശോധനയിൽ പങ്കെടുത്തു.വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് എഡിജിപി അനിൽകാന്ത് പറഞ്ഞു.