ഹര്‍ത്താല്‍ ദിനങ്ങളിലും പരീക്ഷ നടത്തും

ഹര്‍ത്താല്‍ ദിനങ്ങളിലും പരീക്ഷ നടത്തും പ്രകൃതിക്ഷോഭമല്ലാതെ മറ്റൊരു കാരണത്താലും പരീക്ഷ മാറ്റിവെക്കാതിരിക്കാനാണ് ആലോചന ഹർത്താൽമൂലം പരീക്ഷകൾ താളംതെറ്റുന്നത് തടയാൻ സർവകലാശാലകൾ ശ്രമംതുടങ്ങി. പരീക്ഷ മാറ്റിവെക്കുന്നത് അധ്യയനവർഷത്തെ മുഴുവൻ ബാധിക്കുന്നതാണ് കാരണം. പ്രകൃതിക്ഷോഭമല്ലാതെ മറ്റൊരു കാരണത്താലും പരീക്ഷ മാറ്റിവെക്കാതിരിക്കാനാണ് ആലോചന. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും യോജിച്ചാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഓൺലൈൻ പരീക്ഷ ഉൾപ്പെടെ ഇതിന് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നത് പരീക്ഷയും ഫലപ്രഖ്യാപനവും നീളാനും കാരണമാകുന്നു. വിദ്യാർഥികളുടെ തുടർപഠനത്തെയും ജോലിസാധ്യതയെയുംവരെ ഇത് ബാധിക്കുന്നു. യു.പി.എസ്.സി., ഗേറ്റ് പോലുള്ള പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരവും ഇല്ലാതാക്കുന്നു.പരീക്ഷാ കലണ്ടർ പാലിക്കാത്തത് ലോകറാങ്കിങ്ങിൽ സർവകലാശാലകൾ താഴോട്ടുപോകാനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. അധ്യയന വർഷത്തിന്റെ തുടക്കത്തിലേ സർവകലാശാലകൾ പരീക്ഷാ തീയതി ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി കലണ്ടർ പ്രസിദ്ധീകരിക്കും. എന്നാൽ, പലപ്പോഴും ഇത് നടക്കാറില്ല.ജനുവരി ഒന്നിന് വനിതാമതിൽ മൂലം സർവകലാശാലകൾ മുൻകൂറായി പരീക്ഷ മാറ്റിവെച്ചു. എട്ട്, ഒന്പത് തീയതികളിലെ ദേശീയ പണിമുടക്ക് മൂലവും പരീക്ഷ മാറ്റി. ഇതിനൊരു മാറ്റം ലക്ഷ്യമിട്ട് ജനുവരി മൂന്നിലെ ഹർത്താലിന് പരീക്ഷ മാറ്റാൻ സർവകലാശാലാ അധികൃതർ ആദ്യം തയ്യാറായിരുന്നില്ല. എം.ജി., കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷ മാറ്റില്ല എന്നമട്ടിലാണ് ആദ്യം പത്രക്കുറിപ്പുപോലും ഇറക്കിയത്. എന്നാൽ, രാത്രി വൈകി വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും എതിർപ്പുണ്ടായതോടെ മാറ്റാൻ നിർബന്ധിതരായി.ഏകീകൃത പരീക്ഷ എന്നതാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും നയം. എന്നാൽ, പരീക്ഷാ കലണ്ടർപോലും നടപ്പാക്കാനാവാത്ത സാഹചര്യത്തിൽ ഇതത്ര എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.