കോട്ടയ്ക്കകത്തെ ചരിത്രമറിയാം ആപ്പിലൂടെ

തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഈ വിവരങ്ങള്‍ ലഭിക്കും തലസ്ഥാന നഗരത്തിന്റെ ചരിത്രമുറങ്ങുന്ന കോട്ടയ്ക്കകത്തെ പൈതൃകങ്ങളെ ഡിജിറ്റൈസാക്കി പുരാവസ്തു വകുപ്പ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും കോട്ടയുടെ അകത്തും പുറത്തുമുള്ള കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ ഉള്‍പ്പെടെ മുപ്പതോളം പൈതൃകമന്ദിരങ്ങളുടെ ചരിത്രമാണ് മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന രൂപത്തിലാക്കിയിട്ടുള്ളത്. തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഈ വിവരങ്ങള്‍ ലഭിക്കും. വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് 'ട്രിവാന്‍ഡ്രം ഹെരിറ്റേജ് വാക്ക്' എന്ന ആപ് തയ്യാറാക്കിയിട്ടുള്ളത്. പൈതൃകകേന്ദ്രങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരണം മൂന്നു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രങ്ങളായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇവയെ മൊബൈല്‍ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സഞ്ചാരമാര്‍ഗം രേഖപ്പെടുത്തിയ ഡിജിറ്റല്‍ ഭൂപടം ആപ്പിലൂടെ അവരുടെ സ്മാര്‍ട്ട് ഫോണിലേക്കോ, ടാബിലേക്കോ എത്തും. ഓരോ സ്ഥലത്തെത്തുമ്പോഴും അതുമായി ബന്ധപ്പെട്ട വീഡിയോ ചിത്രങ്ങള്‍ കാണാന്‍ സൗകര്യം ലഭിക്കുകയും ചെയ്യും. മുപ്പതു വീഡിയോ ചിത്രങ്ങളില്‍ ഓരോന്നും ഏതു സ്ഥലത്തെത്തുമ്പോള്‍ കാണിക്കണമെന്നു തീരുമാനിക്കാനും ഈ സ്ഥലത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍ കണ്ടുപിടിച്ച് വീഡിയോ ലഭ്യമാക്കേണ്ട സ്ഥലം ഇതോടൊപ്പമുള്ള ഡിജിറ്റല്‍ മാപ്പില്‍ രേഖപ്പെടുത്താനും കഴിയും. ജിയോ കോഡുകള്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ തന്നെ വീഡിയോ ചിത്രങ്ങള്‍ തുറന്നുകിട്ടുകയും ചെയ്യും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ശ്രീപാദം കൊട്ടാരം, പദ്മതീര്‍ഥം, കുതിരമാളിക, കോട്ട, പഴവങ്ങാടി, ഉത്സവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ആധികാരികമായി ആപ്പില്‍ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാരികള്‍ക്ക് ഗൈഡുകളുടെ സഹായമില്ലാതെ തന്നെ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനാവുമെന്നതാണ് പ്രധാന പ്രത്യേകത. ഭാഷാപ്രശ്‌നവും ഉണ്ടാകില്ല. ഫ്രഞ്ച് അടക്കം വിവിധ ഭാഷകള്‍ ആപ്പിലുള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍ പറഞ്ഞു. അതുപോലെ ഇവയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള മറ്റ് രേഖകള്‍ പരിശോധിക്കാനുമാവും. ഗൈഡുമാരെ നല്ല രീതിയില്‍ പരിശീലിപ്പിച്ചെടുക്കാനും ഈ ദൃശ്യ-ശ്രാവ്യ പരിപാടി സഹായകമാവും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഡിജിറ്റല്‍ സംവിധാനം സഹായിക്കും. ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പുരാവസ്തു വകുപ്പിന്റെ ഇത്തരത്തിലെ ആദ്യ സംരംഭമാണിത്. മലബാറിലെ വിവിധ പ്രദേശങ്ങളെക്കുറിച്ചുള്ള ആപ്പുകളും തയ്യാറാക്കി വരികയാണ്. www.keralaarchaeology.org, www.keralaarchives.org എന്നീ വെബ്‌സൈറ്റുകളും ആരംഭിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയെക്കുറിച്ച് വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്മാരകങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവിധ ചിത്രങ്ങളും വീഡിയോകളും ഇതോടൊപ്പമുണ്ട്. മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എസ്.അബു, കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍ പിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, എഡ്യൂക്കേഷന്‍ ഓഫീസര്‍ ടി.കെ.കരുണദാസ്, വിദഗ്ധ പാനല്‍ അംഗം ഡോ. എസ്.ശിവദാസന്‍, സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് കെ.ആര്‍.സോന എന്നിവര്‍ സംസാരിച്ചു.