തേരാ പാരാ പിള്ളേരുടെ കരിക്കു

സുഹൃത്തുക്കളും മാത്രം സബ്സ്ക്രൈബ് ചെയ്തിരുന്ന കൊച്ചു യൂട്യൂബ് ചാനലിന് ഇന്ന് ഒരു മില്ല്യൺ ആരാധകർ. ലോലനും ശംഭുവും ജോർജും ഷിബുവും മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്.കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് കരിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് ആദ്യ വിഡിയോയെത്തിയത്. ഫിഫ ലോകകപ്പ് വിഡിയോയിലൂടെ കരിക്കിലെ പിള്ളേര് ഫേമസായി. പിന്നാലെ 'തേരാ പാരാ' എന്ന മിനി വെബ് സീരിസ്. മലയാളത്തിൽ ഇത്ര സൂപ്പർഹിറ്റായ മറ്റൊരു വെബ് സീരിസുണ്ടാകില്ല. പുതിയ എപ്പിസോഡിന്റെ പണിപ്പുരയിലാണ് കരിക്കിന്റെ എല്ലാമെല്ലാമായ നിഖിൽ പ്രസാദ് എന്ന ചെറുപ്പക്കാരൻ. കരിക്കിന്റെ ഫ്രഷ് വിശേഷങ്ങൾ മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് നിഖിൽ.


പത്ത് വർഷത്തോളം ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുകയായിരുന്നു നിഖിൽ. 2016ൽ ഡിജിറ്റൽ മീഡിയ ചാനൽ ആരംഭിക്കണമെന്ന് ആലോചനയാണ് എല്ലാത്തിന്റെയും തുടക്കം. കേരളത്തിൽ അന്ന് സജീവമായൊരു ഡിജിറ്റൽ ചാനൽ ഇല്ലായിരുന്നുവെന്ന് നിഖിൽ പറയുന്നു. ''അങ്ങനെയാണ് ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങുന്നത്. സ്വയം എഡിറ്റ് ചെയ്ത വിഡിയോ സ്റ്റോറികൾ അപ്ലോഡ് ചെയ്തുതുടങ്ങി. രണ്ടുവർഷം അങ്ങനെ പോയി.


''2018ൽ ജോലി രാജിവെച്ച് കമ്പനിയായി രജിസ്റ്റർ ചെയ്തു, യൂട്യൂബ് ചാനൽ ആരംഭിച്ചു. അന്ന് മുതലാണ് കരിക്കിനായി വിഡിയോ നിർമാണം തുടങ്ങിയത്. ഏപ്രിൽ ഫൂൾ വിഡിയോയിലൂടെ തുടങ്ങി. അന്ന് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചാനൽ സബ്സക്രൈബ് ചെയ്തിരുന്നത്.''
ലോകകപ്പിന്റെ സമയത്ത് ഫെയ്സ്ബുക്കിൽ ഫിഫ ക്യാംപെയിൻ ആരംഭിച്ചിരുന്നു. അതിനുവേണ്ടി കുറച്ച് ഫാൻ കഥാപാത്രങ്ങളെ സൃഷ്ടിച്ച് വിഡിയോകൾ നിർമിച്ചു. ആ വിഡിയോസിലൂടെയാണ് കരിക്കിനെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. പിന്നാലെ, യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വിഡിയോകൾക്കും സ്വീകാര്യത ലഭിച്ചുതുടങ്ങി. അങ്ങനെ ആ കഥാപാത്രങ്ങളെ ഉപയോഗിച്ച് മിനി വെബ് സീരിസ് ആരംഭിച്ചു. അതാണ് 'തേരാ പാര'. അത് വൻ ഹിറ്റായി.
മറ്റ് ഭാഷകളിലിറങ്ങുന്ന ഒരുപാട് വെബ് സീരിസുകൾ കാണാറുണ്ട് ഞാൻ. അവിടുത്തെ കഥാപാത്രങ്ങൾക്ക് ഒരു മലയാളി ടച്ച് കൊടുത്തതോടെ അവർ ലോലനും ജോർജും ശംഭുവും ഷിബുവുമായി. നമ്മുടെ സുഹൃത്തുക്കൾക്കിടയിലുമുണ്ടല്ലോ ഇത്തരം കഥാപാത്രങ്ങൾ. സുഹൃത്തുക്കൾക്കിടയിൽ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന സംഭാഷണങ്ങൾ കരിക്കിലും കാണാം. 

ഓഫീസ് ആവശ്യത്തിനായാണ് ആ വീട് എടുക്കുന്നത്. പിന്നീട് വിഡിയോകൾ വീടിനുള്ളിൽ ഷൂട്ട് ചെയ്യാൻ തുടങ്ങി. ഷൂട്ടില്ലാത്തപ്പോഴും ഞങ്ങൾ ആ വീട്ടിലായിരിക്കും. എല്ലാവരും തമ്മിൽ നല്ല സൗഹൃദമാണ്. പരസ്പരം പറയുന്ന തമാശകൾ കരിക്കിലേക്ക് കൊണ്ടുവരാറുണ്ട്.
കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദം വിഡിയോ നിർമാണത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതുതന്നെയാണ് കരിക്കിന്റെ വിജയത്തിന് പിന്നിലും''-നിഖിൽ പറയുന്നു.
പുതിയ വെബ് സീരിസുകളുടെ പണിപ്പുരയിലാണ് നിഖിൽ. ഇരുപതാമത്തെ എപ്പിസോഡോടെ തേരാ പാര സീരിസ് അവസാനിക്കും. പുതിയ രൂപത്തിലും ഭാവത്തിലുമാകും ലോലനും ജോര്ജുമെല്ലാം ഇനി പ്രേക്ഷകരിലേക്കെത്തിക്കുക.'ഇൻ വിഡിയോ ബ്രാന്ഡിങ്' ആണ് കരിക്കിന്റെ പ്രധാന വരുമാന മാർഗം. യൂട്യൂബ് വരുമാനത്തെ പൂർണമായി ആശ്രയിക്കാനാകില്ല, അതുകൊണ്ട് ബ്രാൻഡിങ്ങിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്