മീനില്‍ പുതിയ രാസവസ്തു ചേര്‍ക്കുന്നു

 മീനിൽ ഫോർമലിൻ ചേർക്കുന്നോയെന്ന പരിശോധന കര്‍ശനമാക്കിയതോടെ എളുപ്പത്തിൽ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നതായി സംശയം. മീൻ കേടാകാതിരിക്കാൻ സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് സർക്കാർ അനലിറ്റിക്കൽ ലാബിൽ പരിശോധന തുടങ്ങി.വായു, വെള്ളം, മണ്ണ് എന്നിവയിലുൾപ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സിൽവർ ഹൈഡ്രജൻ പെറോക്സൈഡ്. നിറമോ മണമോ ഇല്ല. നേർപ്പിക്കാതെ ഉപയോഗിച്ചാൽ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേർത്ത് നേരിയ അളവിൽ മീനിൽ തളിക്കുന്നതായി സംശയിക്കുന്നു.കൃഷിയിടങ്ങളിൽ 400 ചതുരശ്ര മീറ്റർവരെ മണ്ണ് അണുവിമുക്തമാക്കുന്നതിന് മൂന്ന് ലിറ്റർ സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് മതിയെന്നാണ് കൃഷി വിദഗ്ധർ പറയുന്നത്. 20 ലിറ്റർ കന്നാസുകളിലാണ് എറണാകുളത്തെ കടകളിൽനിന്ന് ബോട്ടുകാർ ഇത് വാങ്ങിപ്പോകുന്നത്.