സഞ്ജു സാംസൺ ഇനി ചാരുവിനരികെ

സഞ്ജു സാംസൺ ഇനി ചാരുവിനരികെ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ തിരുവനന്തപുരം സ്വദേശിയായ ചാരുലതയും വിവാഹിതരായി മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിലേക്ക്. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്. തിരുവനന്തപുരം വെങ്ങാനൂരില്‍ താമസിക്കുന്ന സഞ്ജു ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ സാംസണിന്റെയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിന്റെയും എല്‍.ഐ.സി. തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലെ പി.ആന്‍ഡ് ജി.എസ്. വിഭാഗം ഡിവിഷണല്‍ മാനേജര്‍ ആര്‍.രാജശ്രീയുടെയും മകളാണ് ചാരുലത. അഞ്ചു വര്‍ഷം മനസ്സിലൊളിപ്പിച്ച പ്രണയം കാമുകി ചാരുലതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് സഞ്ജു പ്രണയം ആദ്യം ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഇരുവരുടേയും മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചതോടെയാണിത്. ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും സഞ്ജു പോസ്റ്റ് ചെയ്തിരുന്നു.. '2013 ഓഗസ്റ്റ് 22 11:11 pm ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് . ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം.' ചാരുവിനോടുള്ള സ്‌നേഹം പങ്കുവെച്ച് സഞ്ജുവെഴുതിയ കുറിപ്പാണിത്. കേരള ടീമംഗമായ സഞ്ജു ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കളിച്ചു തുടങ്ങിയ സഞ്ജു പിന്നീട് രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും വേണ്ടി കളിച്ചു. 2013 ഐ.പി.എല്ലില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി. 2015 ജൂലൈയില്‍ ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരെ ടി ട്വന്റിയിലൂടെ സഞ്ജു ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറി. സഞ്ജുവിനിപ്പോള്‍ പ്രായം ഇരുപത്തിനാലാണ്. സഞ്ജു നേരിട്ട ഒരു ചോദ്യം എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്നായിരുന്നു? എന്നാല്‍ അതിന് സഞ്ജുവിന് ഉത്തരമുണ്ട്. 'കളിക്കാന്‍ പോകുമ്പോള്‍, പ്രത്യേകിച്ച് ഐ.പി.എല്ലിലൊക്കെ സഹതാരങ്ങള്‍ അവരുടെ പങ്കാളികളുമായാണ് സഞ്ചരിച്ചിരുന്നത്. നമ്മുടെ കള്‍ച്ചര്‍ അനുസരിച്ച് അതൊന്നും സാധ്യമല്ലല്ലോ. പുറത്ത് ചാരുവിനെ ഒന്നു കാണണമെങ്കില്‍ തന്നെ ഭയങ്കര കഷ്ടപ്പാടായിരുന്നു. ഫ്രണ്ട്‌സിന്റെ ഒക്കെ കൂടെയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. എല്ലാവരും ചോദിച്ച ഒരു ചോദ്യം എന്തിനാണ് ഇത്ര പെട്ടെന്ന് കല്ല്യാണം കഴിക്കുന്നത് എന്നായിരുന്നു. എന്റെ ലൈഫില്‍ അങ്ങനെ മറ്റു റിലേഷനുകളൊന്നും തോന്നിയിട്ടില്ല. ഇതാദ്യത്തെ അനുഭവമാണ്. പുറത്ത് ട്രാവല്‍ ചെയ്യുമ്പോഴൊക്കെ ഞാന്‍ തനിച്ചാണ്. അപ്പോ എനിക്കൊരു കൂട്ട് വേണമെന്ന് തോന്നി. ചാരുവിനെപ്പോലൊരാള്‍ കൂടെയുണ്ടെങ്കില്‍ കുറേ സന്തോഷം തോന്നും. അത് ആലോചിച്ചപ്പോള്‍ അച്ഛന്‍ തന്നെയാണ് പറഞ്ഞത് എന്നാല്‍ കല്യാണം കഴിച്ചേക്കൂ എന്ന്- സഞ്ജു പറയുന്നു.