കേരളത്തിന്റെ നെതര്‍ലാന്‍റ്സ്

കേരളത്തിന്റെ നെതര്‍ലാന്‍റ്സ് 

ഇന്ത്യയിലെ 17 'ഐക്കണിക് ടൂറിസം സൈറ്റ്സ്' പട്ടികയിൽ സ്ഥാനം പിടിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്.

വേമ്പനാട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തടാകം. വടക്ക് കൊച്ചി മുതൽ തെക്ക് ആലപ്പുഴ വരെ വ്യാപിച്ച് കിടക്കുന്ന കായലിന്റെ സൗന്ദര്യമാണ് കുമരകത്തിന്റെ ഒന്നാമത്തെ ഹൈലേറ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികൾ ഇവിടെ എത്തുന്നു. കായലിലെ ഹൗസ് ബോട്ട് യാത്ര ഒരിക്കലും ഒഴിവാക്കരുത്. കായലിന്റെ ഓളങ്ങളിൽ അലതല്ലിയൊഴുകുന്ന ബോട്ട് യാത്ര ആരെയും വിസ്മയിപ്പിക്കും.

അരുവിക്കുഴി വെള്ളച്ചാട്ടം

കോട്ടയത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് 100 അടിയിലധികം ഉയരമുള്ള അരുവിക്കുഴി വെള്ളച്ചാട്ടം. ചിത്രങ്ങളെടുക്കാൻ അനുയോജ്യമായ സ്ഥലമാണിത്. ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇതിനടുത്തായി ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ആകർഷണീയമായ സ്പോട്ടുകളുണ്ട്. അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ചർച്ച് മറ്റൊരു ആകർഷണമാണ്.

കുമാരകം പക്ഷിസങ്കേതം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശാടനപക്ഷികളുടെ പ്രിയപ്പെട്ട സ്ഥലമാണ് 14 ഏക്കറിൽ സ്ഥിതി ചെയ്യുന്ന കുമരകം പക്ഷിസങ്കേതം. വേമ്പനാട് തടാകത്തിന്റെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു പക്ഷി നിരീക്ഷകരുടെ പറുദീസയാണിത്. അലസമായി നടക്കാനും തണൽ കൊണ്ടിരിക്കാനും മികച്ചയിടം.

ബേ ഐലന്റ് ഡ്രിഫ്റ്റ്‌വുഡ് മ്യൂസിയം

ബേ ഐലന്റ് ഡ്രിഫ്റ്റ്‌വുഡ് മ്യൂസിയത്തിൽ ഡ്രിഫ്റ്റ് വുഡ് കൊണ്ട് നിർമ്മിച്ച ലേഖനങ്ങളുടെ അതുല്യ ശേഖരങ്ങളുണ്ട്. ആധുനിക കലാ സങ്കേതങ്ങൾ അവയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ഡ്രിഫ്റ്റ് വുഡ് ലേഖനങ്ങൾ വളരെയധികം വിലമതിക്കുന്നു. ആൻഡമാൻ നിക്കോബാർ തീരങ്ങളിൽ നിന്നുള്ള ഡ്രിഫ്റ്റ് വുഡ് ഉപയോഗിച്ചാണ് ഇവിടെ കാണിച്ചിരിക്കുന്ന ശില്പങ്ങൾ നിർമിച്ചിരിക്കുന്നത്. മരങ്ങൾ, വേരുകൾ എന്നിവയുടെ വളച്ചൊടിച്ച കടപുഴകി ശില്പങ്ങളായി രൂപാന്തരപ്പെട്ടു. ചില ശില്പങ്ങൾ മൃഗങ്ങളെയും മത്സ്യത്തെയും പക്ഷികളെയും പോലെയാണ്.

പാതിരാമണൽ

വേമ്പനാട്ടു കായലിനു നടുവിൽ സ്ഥിതി ചെയ്യുന്ന പത്തു ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം.പലനാടുകളിൽ നിന്നും വന്നു കുടിയേറിപ്പാർത്ത അപൂർവയിനം പക്ഷികളും ഇവിടെ ധാരാളമായി കാണാറുണ്ട്നാലുഭാഗത്തും ജലം നിറഞ്ഞ ഈ ദ്വീപിലെ കാഴ്ച്ചകൾ ഏറെ സുന്ദരമാണ്.  കുമരകത്തെ കാഴ്ചകളിൽ പാതിരാമണലിന്റെ മനോഹാരിത കൂടിയുണ്ടെങ്കിൽ, യാത്ര കൂടുതൽ സുന്ദരമാകും. ഈ ദ്വീപിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

രുചിയിടങ്ങൾ

നാടൻ രുചി നുകരാൻ കുമരകത്തേക്കാൾ നല്ലയിടം വേറെ കാണില്ല. വാഴയിലയിൽ പൊള്ളിച്ചെടുത്ത കരിമീനിൽ തുടങ്ങി കായൽ‌ സമ്പത്തിന്റെ രുചിയറിയാം. എരിവും പുളിയും ഒരുമിക്കുന്ന തനിനാടൻ ശൈലിയിൽ വിഭവങ്ങൾ തയാറാക്കുന്ന ഒന്നിലധികം രുചിയിടങ്ങൾ കുമരകത്തെ കാഴ്ചകൾക്ക് മിഴിവേകുന്നു.  ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിദേശീയർ വിശേഷിപ്പിക്കുന്ന കേരളത്തിലെ പ്രധാനാകർഷണം പ്രകൃതിയുടെ ഹരിതാഭവും പച്ചപ്പും മാത്രമല്ല നാടൻ വിഭവങ്ങൾ നിറഞ്ഞമനസ്സോടെ വിളമ്പി തരുന്ന ഭക്ഷണശാലകളെയും കൂട്ടുപിടിച്ചാണ്. റിസോര്‍ട്ടുകള്‍,ബഡ്ജറ്റ് ഹോട്ടലുകള്‍,ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും രുചിയൂറും വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കുമരകത്തെ കാഴ്ചകൾക്കൊപ്പം ഷാപ്പുകളും തേടി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. കുടുപുളിയിട്ട്് വറ്റിച്ചെടുത്ത  മീൻകറി ചേർത്ത കപ്പവേവിച്ചതും കാരി മുതൽ കരിമീൻ വരെയുള്ള കായൽമല്‍സ്യത്തിന്റെ രുചിയറിയാനും കുമരകത്തെ ഷാപ്പുകളെ ആശ്രയിക്കുന്നതിൽ പ്രധാന കാരണം. ശുദ്ധമായ കായൽസമ്പത്തിന്റെ ലഭ്യത തന്നെയാണ്. കരിമീന്‍ പൊള്ളിച്ചത് ,ചെമ്മീന്‍ ഫ്രൈ, ഞണ്ട് ഫ്രൈ, ഫിഷ് മോളി,കരിമീന്‍ മപ്പാസ് ,കപ്പയും മീനും തുടങ്ങി മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാലപ്പം, മട്ടണ്‍ സ്റ്റ്യൂ,താറാവ് ഫ്രൈ,ബീഫ് ഫ്രൈ തുടങ്ങി കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന രുചിക്കൂട്ടുകള്‍ കുമരകത്തിന്‍െറ മാത്രം പ്രത്യേകതയാണ്

കുമരകത്തും പരിസരങ്ങളിലുമായി നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തളിക്കോട്ട ശിവക്ഷേത്രവും താഴത്തങ്ങാടി ജുമാമസ്ജിദും സെന്റ് മേരീസ് പള്ളിയും വൈക്കം മഹാദേവ ക്ഷേത്രവുമൊക്കെ അതിൽ ചിലതുമാത്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്  ഇതിൽ പല ആരാധനാലയങ്ങളും. കേരളത്തിന്റെ വാസ്തുവിദ്യാമാഹാത്മ്യം ഈ ക്ഷേത്രങ്ങളും പള്ളികളും. സഞ്ചാരപ്രിയർ കുമരകത്തെ കാഴ്ചകൾ സ്വന്തമാക്കിയെങ്കിൽ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റർ പിന്നിട്ടാൽ വൈക്കത്ത് എത്തിച്ചേരാം.

കായൽക്കാറ്റേറ്റ് വിശ്രമിക്കണമെങ്കിൽ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായൽ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവർത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശിൽപങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ അധികരിച്ച് വിവിധ ശിൽപികള്‍ തയറാക്കിയിരിക്കുന്ന പത്തു ശിൽപങ്ങളാണ് ബീച്ചിലേക്കുളള നടപ്പാതയിലുള്ളത്.