സ്ഥാനാർഥിയാകാനില്ല -മോഹൻലാൽ

സ്ഥാനാർഥിയാകാനില്ല -മോഹൻലാൽ ഏറ്റെടുത്ത ജോലി ധാരാളമുണ്ട്‌, അതിൽനിന്നു മാറിനിൽക്കാനാവില്ല-മോഹൻലാൽ ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് നടൻ മോഹൻലാൽ. ‘‘സ്ഥാനാർഥിയാകാൻ ഞാനില്ല. ഒരുപാട് ജോലി ചെയ്തുതീർക്കാനുണ്ട്. ഞാൻ മത്സരിക്കുന്നതായി ഒരുപാട് അഭ്യൂഹങ്ങളുണ്ട്. പക്ഷേ, എനിക്ക് ജോലിയിൽനിന്ന് മാറിനിൽക്കാനാവില്ല. അതിനാൽ മത്സരത്തിനില്ല. എന്റെ മേഖല രാഷ്ട്രീയമല്ല. സിനിമയാണ്. ഞാനൊരു കലാകാരനാണ്. 99 ശതമാനം സമയവും അതിനാണ് ഉപയോഗിക്കുന്നത്. ഏറ്റെടുത്ത ജോലി ധാരാളമുണ്ട്‌. അതിൽനിന്നു മാറിനിൽക്കാനാവില്ല’’ -തിങ്കളാഴ്ച േമാഹൻലാൽ മാതൃഭൂമിയോട് പറഞ്ഞു. മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് ആരാധകർക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുള്ള ആകാംക്ഷ അദ്ദേഹം അവസാനിപ്പിച്ചത്. നേരത്തേതന്നെ മത്സരത്തിന് തയ്യാറല്ലെന്ന് അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും കൂടുതൽ വ്യക്തതവരുത്തുന്നത് ഇപ്പോഴാണ്.ബി.ജെ.പി. ഏറ്റവും കൂടുതൽ ശ്രദ്ധനൽകുന്ന തിരുവനന്തപുരത്ത് മോഹൻലാൽ, മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കാൻ ആർ.എസ്.എസ്. സർവേ തുടങ്ങിയെന്നായിരുന്നു തിങ്കളാഴ്ചത്തെ പ്രചാരണം. ഇതിനിടെയാണ് ലാൽ മനസ്സുതുറന്നത്.