മഹ’ ചുഴലി; കടൽക്ഷോഭത്തിനു സാധ്യത

‘മഹ’ ചുഴലി; കടൽക്ഷോഭത്തിനു സാധ്യത

 ‘ക്യാർ’ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കേ കേരള തീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. കാറ്റുകളുടെ പട്ടികയിലേക്ക് ഒമാന്റെ സംഭാവനയായ ‘മഹ’ എന്ന പേരാണ് ഇതിനു നൽകുക.2017 നവംബർ അവസാനം കേരളത്തെ തൊട്ടു കടന്നുപോയ ‘ഓഖി’ ചുഴലിക്കാറ്റിന്റെ അതേ ദിശയിലൂടെയാവും ഈ കാറ്റും കടന്നുപോവുക. തിരുവനന്തപുരത്തിന് ഏകദേശം 270 കിലോമീറ്റർ പടിഞ്ഞാറായി നിലകൊള്ളുന്ന ന്യൂനമർദമാണ് വ്യാഴാഴ്ചയോടെ ചുഴലിയായി മാറുക.വടക്കൻ കേരളത്തിൽ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി) വിശദീകരിച്ചു. ഓഖിയിൽ സംഭവിച്ചതുപോലെ വൻ ദുരന്തങ്ങൾക്കു സാധ്യതയില്ലെങ്കിലും കടൽക്ഷോഭത്തിനു സാധ്യതയേറെയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.തീവ്രന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. തീവ്രന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.രാത്രി 11 ന് നൽകിയ അപ്‌ഡേറ്റ്,അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' എന്ന് പേരിട്ട ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറിൽ 24 കിമീ വേഗതയിൽ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

2019 ഒക്ടോബർ 30 ന് രാത്രി 11 മണിക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ബുള്ളറ്റിൻ പ്രകാരം നിലവിൽ 9.6°N അക്ഷാംശത്തിലും 73.8°E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്ക്-കിഴക്കായി 600 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 170 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 170 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 370 കിമീ ദൂരത്തുമായാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം.

ചുഴലിക്കാറ്റ് (Cyclonic Storm) എന്നത് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത 61 കിമീ മുതൽ 90 കിമീ വരെയുള്ള ഘട്ടമാണ്. അടുത്ത 12 മണിക്കൂറിൽ 'മഹാ' ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലക്ഷദ്വീപിലൂടെ കടന്ന് പോകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 'മഹാ' ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ഒരു അതിശക്തമായ ചുഴലിക്കാറ്റ് (Very Severe Cyclonic Storm ) ആയി മാറുമെന്നും വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.