എടാ, എടീ വിളി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വേണ്ട!

ഒരേ റാങ്കിലുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ ‘എടാ, എടീ’ വിളികൾ വിലക്കി സർക്കുലർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ ഭരണപരമായ ജോലികള്‍ നിര്‍വഹിക്കുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ ‘എടാ പോടാ, എടീ പോടി’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിനെ വിലക്കി ഇടുക്കി പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. ഒരേ റാങ്കിലുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇടുക്കിയിലാണ് ഉത്തരവിറങ്ങിയതെങ്കിലും എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തെ സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വനിതാ മിനിസ്റ്റീരിയല്‍ ഓഫിസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്കോ സീനിയോറിറ്റിയോ നോക്കാതെ പേരു വിളിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു ഒഴിവാക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. എഎസ്ഐ റാങ്കിനു മുകളിലുള്ള ചില ഓഫിസര്‍മാര്‍ നിസാര പരിഗണനകള്‍ക്കായി മിനിസ്റ്റീരിയല്‍ ജീവനക്കാരെ സല്യൂട്ട് ചെയ്യുന്നതായും ഇതു സേനയ്ക്കാകെ നാണക്കേടാണെന്നും സര്‍ക്കുലറിലുണ്ട്. ഓഫിസ് സംബന്ധമായ പരാതികളുണ്ടെങ്കില്‍ ജില്ലാ ആസ്ഥാനത്തെ പൊലീസ് ഹെല്‍പ്പ് ഡെസ്കിനെ സമീപിക്കണം. പൊലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ജീവനക്കാരെ സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണം. നന്നായി പെരുമാറുന്നത് സംബന്ധിച്ചു മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഈ മാസം 20ന് മുന്‍പ് ക്ലാസ് നല്‍കണം. ജീവനക്കാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനു മുന്‍പു മുങ്ങുന്നത് അനുവദിക്കില്ല. ക്ലാസ് ഫോര്‍ ജീവനക്കാരും താല്‍ക്കാലിക ശുചീകരണ തൊഴിലാളികളും പൊലീസ് ഉദ്യോഗസ്ഥരെ പേരു വിളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.