അയ്യപ്പസംഗമത്തിൽ വൻ പങ്കാളിത്തം

അയ്യപ്പസംഗമത്തിൽ വൻ പങ്കാളിത്തം ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ ഹിന്ദു ആദ്ധ്യാത്മിക നേതാക്കളെക്കൂടി ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. രണ്ടുലക്ഷം പ്രവർത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയാൻ ശബരിമല കർമ്മസമിതി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അയ്യപ്പസംഗമം നടത്താൻ നിശ്ചയിക്കുകയായിരുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട നാമജപ ഘോഷയാത്രകൾ പുത്തരിക്കണ്ടത്ത് സംഗമിച്ചപ്പോൾ മൈതാനം നിറഞ്ഞുകവിഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി മഠങ്ങളിലെ മഠാധിപതികൾ, ഹിന്ദു സംഘടനാ നേതാക്കൾ എന്നിവർ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശബരിമലയിൽ ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് അയ്യപ്പ ഭക്തജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മാതാ അമൃതാനന്ദമയി പറഞ്ഞു. സംസ്കാരത്തിന്‍റെ തൂണുകളാണ് ക്ഷേത്രങ്ങൾ. ആചാരങ്ങൾ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ആചാരങ്ങൾ നശിച്ചുപോയാൽ സംസ്കാരം നശിക്കുമെന്നും അമൃതാനന്ദമയി പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശ്രീ ശ്രീ രവിശങ്കറിന്‍റെ സന്ദേശം യോഗത്തിൽ വായിച്ചു. സ്ത്രീ പുരുഷ സമത്വത്തെ അംഗീകരിക്കുന്നു. എന്നാല്‍ കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. കേരളം മതസൗഹാർദ്ദത്തിന് പേരുകേട്ട നാടാണ്. സമൂഹത്തിന്‍റെ ഘടനയെ തകർക്കരുതെന്ന് ജനങ്ങളോടും സർക്കാരിനോടും അഭ്യർത്ഥിക്കുകയാണെന്നും ശ്രീ ശ്രീ രവിശങ്കർ സന്ദേശത്തിൽ പറഞ്ഞു.അയ്യപ്പസംഗമത്തിൽ മുൻ ഡിജിപി ടി പി സെൻകുമാർ നടത്തിയ രാഷ്ട്രീയ പരാമർശം ശ്രദ്ധേയമായി. അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികൾ 2019ൽ തെളിയിക്കണം. ഈ അവസരം പാഴാക്കരുതെന്നും ടി പി സെൻകുമാർ പറഞ്ഞു. വിശ്വാസികളായ ഒരു യുവതി പോലും ശബരിമലയിൽ കയറിയിട്ടില്ലെന്നും ടി പി സെൻകുമാർ കൂട്ടിച്ചേർത്തു. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന് ശബരിമലയിൽ ദർശനം നടത്തിയ യുവതി കനകദുർഗ്ഗയുടെ സഹോദരൻ ഭരത്‍ഭൂഷൺ യോഗത്തിൽ പറഞ്ഞു. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത്‍ഭൂഷൺ ആരോപിച്ചു.സെക്രട്ടേറിയറ്റിന് മുമ്പിലെ അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചതിന് ശേഷം ബിജെപി നേതാക്കളും അയ്യപ്പസംഗമത്തിന് എത്തി. ശബരിമല നട അടച്ചതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരം ആവശ്യങ്ങളൊന്നും നേടാതെ പിൻവലിക്കേണ്ടി വന്നതിൽ ബിജെപിയിൽ ഒരു വിഭാഗത്തിന് ശക്തമായ അമർഷമുണ്ട്. എന്നാൽ പ്രവർത്തകരെ സജീവമായി കൂടെ നിർത്താൻ സമരത്തിനായി എന്ന് മറുവിഭാഗം കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ വിശ്വാസികളെ ഒപ്പം നിർത്തിക്കൊണ്ടുള്ള പുതിയ സമരമുഖങ്ങൾ തുറക്കാനാണ് സംഘപരിവാറിന്‍റെ പദ്ധതി. ശബരിമല സമരം ബിജെപി ഇല്ലാതെയും നടത്താമെന്ന് ശബരിമല കർമ്മസമിതിക്ക് നേതൃത്വം നൽകുന്ന ആർഎസ്എസിലെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. നിലവിൽ ഇത്തരം ആഭ്യന്തര ആശയക്കുഴപ്പങ്ങളുണ്ടെങ്കിലും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുവികാരം വോട്ടാക്കി മാറ്റാമെന്നാണ് സംഘപരിവാറിന്‍റെ കണക്കുകൂട്ടൽ.