ശശികലയ്‌ക്കെതിരെ കോടതിയിലേക്ക്; തന്ത്രിമാർക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്- മന്ത്രി

ശശികലയ്‌ക്കെതിരെ കോടതിയിലേക്ക്; തന്ത്രിമാർക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്- മന്ത്രി താന്ത്രിക ജോലി നിര്‍വഹിക്കുമ്പോള്‍ തന്ത്രിമാര്‍ ബോര്‍ഡിന്റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും ശശികല പ്രസംഗിക്കുന്ന വീഡിയോ ടേപ്പ് മാധ്യമങ്ങളെ കാണിച്ചിരുന്നു. അത് ശശികലയ്ക്ക് ക്ഷീണമായെന്നും തനിക്കെതിരെ ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ദേവസ്വം മന്ത്രി അവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു. രാജു എബ്രഹാം എം.എല്‍.എ ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചപ്പോഴാണ് ദേവസ്വം മന്ത്രി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. എംഎൽഎമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ താന്‍ സർക്കാരുമായി ചർച്ച നടത്തിയെന്ന് സ്പീക്കർ അറിയിച്ചു. നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തേണ്ടതുണ്ടെന്ന് സർക്കാർ വിവരം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ മറുപടി നല്‍കി. ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് എന്ന് മന്ത്രി പറഞ്ഞു. അവരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിന്റെ നാലാം അധ്യായത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും തന്ത്രിമാരില്‍ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്ര തന്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്ന് പ്രസ്തുത അധ്യായത്തിലെ എട്ട് 10,14 ഖണ്ഡികകളില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. താന്ത്രിക ജോലി നിര്‍വഹിക്കുമ്പോള്‍ തന്ത്രിമാര്‍ ബോര്‍ഡിലെ എതൊരു ജീവനക്കാരനേയും പോലെ ബോര്‍ഡിന്റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും. തന്ത്രിമാര്‍ക്ക് പൂജ സംബന്ധിച്ചല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.