ചികിത്സച്ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാൻ സർക്കാരിന് ബാധ്യത

ചികിത്സച്ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാൻ സർക്കാരിന് ബാധ്യത ഇത്തരക്കാരെ സഹായിക്കാൻ സർക്കാരിന് എന്തുപദ്ധതിയാണുള്ളതെന്ന് കോടതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവർക്ക് മനുഷ്യത്വപരമായ സഹായമേകാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരിൽ തെരുവിലിറങ്ങേണ്ടിവരുന്ന കുടുംബത്തിന്റെ നിസ്സഹായത മുന്നിൽക്കണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഈ നിരീക്ഷണം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയാണ് സർഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയുമായി കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ എതിർകക്ഷിയാക്കിയാണ് ഹർജി. ഹർജിക്കാരനും ഭാര്യയും രണ്ടുകുട്ടികളുമാണ് വീട്ടിലുള്ളത്. അലവിയെപ്പോലുള്ളവരെ കടക്കെണിയിൽനിന്ന് കരകയറ്റാൻ സർക്കാരിന് എന്തുപദ്ധതിയാണുള്ളതെന്ന് സർക്കാർ കോടതിയെ അറിയിക്കണം. അതേപ്പറ്റി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഹർജിക്കാരനുവേണ്ടിമാത്രമല്ല, സമാനസ്ഥിതിയിലുള്ള മറ്റുള്ളവർക്കുവേണ്ടിയും എന്തുചെയ്യാനാവുമെന്ന് അറിയിക്കണം. ഹർജിക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയും കുട്ടികളുടെ ചികിത്സതുടരാൻ സാധിക്കുന്നുണ്ടോ എന്നും മലപ്പുറം കളക്ടർ പ്രതിനിധിയെ വിട്ട് മനസ്സിലാക്കണം. അതേക്കുറിച്ചുള്ള റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം നൽകണം. ഇതിനായി സർക്കാരിനെയും മലപ്പുറം കളക്ടറെയും കോടതി സ്വമേധയാ ഹർജിയിൽ കക്ഷിചേർക്കുകയായിരുന്നു. ഹർജി ഡിസംബർ 18-ന് വീണ്ടും പരിഗണിക്കും. അതുവരെ ബാങ്ക് ജപ്തിനടപടിയെടുക്കരുതെന്ന് കോടതി നിർദേശിച്ചു. വായ്പക്കുടിശ്ശികയുടെ പേരിലെ ജപ്തിക്കെതിരായ അപേക്ഷയെന്ന നിലയിലാണ് ഹർജി കോടതിക്കുമുന്നിലെത്തിയത്. എന്നാൽ, പതിയെ അതിനുപിന്നിലെ കടുത്ത സാമൂഹികപ്രശ്നം കോടതി മനസ്സിലാക്കി. സാധാരണഗതിയിൽ ബദൽ തർക്കപരിഹാരമാർഗം തേടാനോ ഗഡുക്കളായി തിരിച്ചടവിന് സാവകാശത്തിനോ ആണ് കോടതി നിർദേശിക്കാറ് . എന്നാൽ, ഇതിൽ കോടതി പ്രശ്നം കൂടുതൽ ആഴത്തിൽ പരിശോധിക്കുകയായിരുന്നു. സഹായം നൽകുന്നതിൽ സർക്കാർ പരാജയമെന്ന് കോടതി കഷ്ടപ്പാടിൽ ഉഴലുന്നവർക്ക് സഹായം നൽകുന്നതിൽ സർക്കാർ പരാജയപ്പെടുന്നെന്ന് കോടതി. സാമൂഹിക ഉന്നമനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും സർക്കാർ വൻ‍തുക ചെലവിടുന്നുവെന്ന് പറയുന്നു. എന്നിട്ടും സഹായം നൽകുന്നതിൽ പരാജയപ്പെടുന്നത് ആശങ്കാജനകമെന്നും കോടതി പറഞ്ഞു. മറ്റ് ആവശ്യങ്ങളുടെ പേരിലാണ് ഹർജിക്കാരൻ വായ്പയെടുത്തിട്ടുള്ളതെങ്കിലും തുക ചെലവഴിച്ചത് കുട്ടികളുടെ ചികിത്സയ്ക്കുമാത്രമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. സാമ്പത്തികഭദ്രതയില്ലാത്ത കുടുംബമാണ്. ഉള്ളതുമുഴുവൻ വിറ്റാലും കടബാധ്യത തീർക്കാനാവില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജിക്കാരനെപ്പോലെയുള്ളവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ചുമതല എന്നതടക്കം കോടതി നിരവധി കാര്യങ്ങൾ ഇക്കാര്യത്തിൽ നിരീക്ഷിച്ചു. ചികിത്സാസഹായത്തിന് നാട്ടുകാരുടെ കരുണ തേടിയുള്ള അപേക്ഷകൾ പത്രങ്ങളിലും ചാനലുകളിലും എന്നുമുണ്ട്. മറ്റൊരാശ്രയവുമില്ലാത്തതിനാലാണ് ഇവർ നാട്ടുകാർക്കുമുന്നിൽ സഹായത്തിന് കൈനീട്ടുന്നത്. കടുത്ത വിഷമത്തിൽപ്പെട്ടുഴലുമ്പോഴും സർക്കാരിന്റെ സഹായംപോലും കിട്ടുന്നില്ല. നാട്ടുകാർ സഹായം നൽകും. എന്നാൽ, അതിന്‌ ബാധ്യതപ്പെട്ട സർക്കാരല്ലേ സഹായിക്കേണ്ടത്? കുട്ടികളുടെയുൾപ്പെടെ ചികിത്സയ്ക്ക് വഴിയില്ലാത്തവരെ സഹായിക്കാൻ സർക്കാർ സംവിധാനം മുന്നോട്ടുവരണം. അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ സർക്കാരിന്റെ സഹായം ആവശ്യമാണെന്ന് കോടതി പറഞ്ഞു