വമ്പൻ ഇആർടി എത്തിപ്പോയി

 73 ഇനം രക്ഷാസംവിധാനങ്ങളുമായി പുതിയ എമർജൻസി റസ്ക്യു ടെൻ‍ഡർ വാഹനം തൃശൂർ ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിലെത്തി.അപകടത്തിന്റെ സ്വഭാവം എന്തു തന്നെയായാലും നൂതന രക്ഷാസംവിധാനങ്ങളോടെ നമ്മുടെ അഗ്നിരക്ഷാ സേനയും സജ്ജമാകുകയാണ്.രക്ഷാസംവിധാനങ്ങളിലെ നൂതന സാങ്കേതികത്വവും വൈവിധ്യവുമാണ് ഇആർയുടെ പ്രത്യേകത. 73 ഇനം രക്ഷാസങ്കേതങ്ങളാണ് ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. അപകടത്തിന്റെ സ്വഭാവം, സ്ഥലം, സാഹചര്യം എന്നിവയ്ക്ക് അനുസൃതമായാണ് ഓരോ സംവിധാനങ്ങളുടെയും ക്രമീകരണം. 5500 വാട്ട്സ് പവറുള്ള ജനറേറ്റർ മുതൽ ശരീര താപനില നിയന്ത്രിക്കുന്ന വൂളൻ ബ്ലാങ്കറ്റുകൾ വരെ ഇതിൽ പെടും.തൃശൂരും മലപ്പുറവും ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനു കീഴിലാണ് വാഹനത്തിന്റെ രക്ഷാദൗത്യം.വാഹനത്തിന് 12 അടിയോളം ഉയരം. ഈ ഉയരത്തിൽനിന്ന് 35 അടി ഉയർത്താവുന്ന ലാഡർ സംവിധാനം. 1.15 കോടി രൂപ വിലമതിക്കുന്ന ഈ വാഹനം തൃശൂരിനു പുറമെ കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകൾക്കാണ് അനുവദിച്ചിട്ടുള്ളത്.തൃശൂർ യൂണിറ്റിനു നിലവിൽ എമർജൻസി റസ്ക്യു വെഹിക്കിൾ, സ്കൂബ വാൻ, ക്വിക് റെസ്പോൺസ് വെഹിക്കിൾ (പിക് അപ് വാൻ), ആംബുലൻസ്, റിക്കവറി വാൻ എന്നിവ ഓരോന്നും ഫയർ എൻജിൻ (വാട്ടർ ടെൻഡർ)–3, ജീപ്പ്–2, ബുള്ളറ്റ് ബൈക്ക്–1 എന്നിവയുമാണുള്ളത്.5 വയർലെസ് സെറ്റും വിഡിയോ റിക്കോർഡിങ് ക്യാമറയും ഉൾപ്പെടെ ഇ ആർ ഒരുങ്ങി കഴിഞ്ഞു.ജീവന് കാവലൊരുക്കാൻ.