ബെല്ലടിച്ച് ഇറക്കി വിട്ടവർ; സർവീസുകൾ മുടങ്ങി കെഎസ്ആര്‍ടിസി

ബെല്ലടിച്ച് ഇറക്കി വിട്ടവർ; സർവീസുകൾ മുടങ്ങി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശിച്ചിട്ടുണ്ട് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഇന്നും നിരവധി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ഹൈക്കോടതിവിധി പാലിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. 3861 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടു. പി.എസ്.സി. പട്ടികയിലുള്ളവരെ നിയമിക്കാൻ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി തിങ്കളാഴ്ചയും അതൃപ്തി പ്രകടിപ്പിച്ചതിനിടെയാണ് നടപടി. രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോഴാണ് പുറത്തായ വിവരം മിക്കവരും അറിയുന്നത്. പലരും പൊട്ടിക്കരഞ്ഞു. പത്തുവർഷത്തോളം സർവീസുള്ളവർവരെ ജോലി നഷ്ടമായ കൂട്ടത്തിലുണ്ട്. കോട്ടയത്ത് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ കയറി ജീവനക്കാരൻ ആത്മഹത്യാഭീഷണി മുഴക്കി. കണ്ടക്ടർ കുട്ടനാട്‌ മിത്രക്കരി വി.എസ്‌. നിഷാദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപ്രവർത്തകർ ഇടപെട്ട് അനുനയിപ്പിച്ച് താഴെയിറക്കി. ഒറ്റയടിക്ക് ഇത്രയുംപേർ പുറത്തായതോടെ പലയിടത്തും കെ.എസ്.ആർ.ടി.സി. സർവീസ് മുടങ്ങി. മധ്യ-വടക്കൻ ജില്ലകളിലാണ് കൂടുതൽ ബാധിച്ചത്. ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ മാനേജ്‌മെന്റ് നടപടി തുടങ്ങി. അധിക ഡ്യൂട്ടിചെയ്യാൻ സ്ഥിരജീവനക്കാരെ പ്രേരിപ്പിക്കാനായി അധിക ഡ്യൂട്ടിക്ക് പ്രതിഫലം ഉൾപ്പെടെ ഉയർത്തി. രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും. അതേ സമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി. തിരു-കൊച്ചി സര്‍വീസുകളേയും ജനറല്‍ സര്‍വീസുകളേയുമാണ് ജീവനക്കാരില്ലാത്തത് ബാധിച്ചിരിക്കുന്നത്. മലബാറില്‍ രാവിലെ ഏഴ് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 79 സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം മലബാര്‍ മേഖലയില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്ന് 281 എംപാനല്‍ കണ്ടക്ടര്‍മാരേയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം മാത്രം 55 ഓളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഗ്രാമീണ മേഖലകളിലേക്ക് പോകേണ്ട ബസുകളായിരുന്നു ഇതിലധികവും. ഇന്നലെ സംസ്ഥാനത്തുടനീളം എണ്ണൂറിലധികം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ശബരിമലയിലും സർവീസുകളെ ബാധിച്ചു. കൂടുതൽപേരെ (500) ഒഴിവാക്കിയത് എറണാകുളത്തുനിന്നാണ്. പി.എസ്.സി. പട്ടികയിൽപ്പെട്ടവർക്ക് നിയമന ഉത്തരവ് അയക്കാനുള്ള നടപടിയും സർക്കാർ ആരംഭിച്ചു. 4051 പേരാണ് പട്ടികയിലുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും. 1000 പേരെങ്കിലും ജോലിയിൽ പ്രവേശിക്കുമെന്നാണ് നിഗമനം. കെ.എസ്.ആർ.ടി.സി. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം ഇന്ന് നൽകും. ഹൈക്കോടതിവിധിയിൽ വെള്ളം ചേർക്കുകയോ ധിക്കരിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ നിയമന ഉത്തരവും പിരിച്ചുവിടൽ നോട്ടീസും കഴിഞ്ഞദിവസംതന്നെ നൽകിത്തുടങ്ങി. സർവീസ് മുടങ്ങൽ, പിരിച്ചുവിടുന്നവരോടുള്ള മാനുഷിക പരിഗണന, എണ്ണായിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് സർക്കാരിന്റെ മുമ്പിലുള്ളതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. താത്കാലിക കണ്ടക്ടർമാരും ഡ്രൈവർമാരും ഒരിക്കലും കെ.എസ്.ആർ.ടി.സി.ക്ക് ബാധ്യതയല്ലെന്നു കെ.എസ്.ആർ.ടി.സി. എം.ഡി.ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. അവരെ നിലനിർത്താൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഇപ്പോഴത്തേത് അന്തിമ വിധിയല്ല. സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം ലഭിച്ചില്ല. ജനുവരി രണ്ടിന് കോടതി തുറക്കുമ്പോൾ അപ്പീൽ നൽകുമെന്ന് എം.ഡി പറഞ്ഞു.