പരുന്തുകളെ ഉപയോഗിച്ച് ആലപ്പുഴയില്‍ ക്രൂരവിനോദം

പരുന്തുകളെ, ചിറകും വാലും മുറിച്ചുമാറ്റി വിനോദസഞ്ചാരികളുടെ മുന്നില്‍ പ്രദര്‍ശനവസ്തുവാക്കുന്നു പരുന്തുകളെ, ചിറകും വാലും മുറിച്ചുമാറ്റി വിനോദസഞ്ചാരികളുടെ മുന്നില്‍ പ്രദര്‍ശനവസ്തുവാക്കുന്നത് ആലപ്പുഴയിലെ കൈനകരി ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ വ്യാപകമായിരിക്കുകയാണ്. ചിരകരിഞ്ഞ പരുന്തുകളെ ഇണങ്ങിയ പരുന്തുകളെന്ന് വിനോദസഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് കൈയിലിരുത്താനും ഫോട്ടോയെടുക്കാനും നല്‍കുന്നു. 20 രൂപമുതല്‍ വാടക വാങ്ങും. വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പരുന്തിനെ വളര്‍ത്തുന്നതോ, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതോ ശിക്ഷാര്‍ഹമാണ്. ഏതാനും മാസംമുമ്പുവരെ ഒരു പരുന്തിനെ മാത്രമാണ് കൈനകരിയില്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. പുരവഞ്ചികളുടെ രാത്രി പാര്‍ക്കിങ്ങിനായി നിര്‍മിച്ച കൈനകരി ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ പരുന്തുകളുടെ എണ്ണവും കൂടി.ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാപ്പിടിയനെ പരിശീലിപ്പിച്ച് ഉപയോഗിക്കാറുണ്ട്.പ്രകൃതിയുടെ വൃത്തിയാക്കല്‍ സംഘത്തിലെ പ്രധാനകണ്ണിയാണ് പരുന്ത്. നമ്മുടെ ചുറ്റുവട്ടം മാലിന്യമുക്തമാക്കുന്നതില്‍ അവ വലിയ പങ്കുവഹിക്കുന്നു. ഒരുകാലത്ത് കേരളത്തില്‍ ധാരാളമുണ്ടായിരുന്ന കഴുകന്‍മാര്‍ ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലെത്തിയതും മനുഷ്യന്റെ തെറ്റായ സമീപനങ്ങളിലൂടെയാണ്.