ഏഷ്യയിലെ ഏറ്റവും വലിയ ശിവലിംഗം

ഏഷ്യയിലെ ഏറ്റവും വലിയ ശിവലിംഗം

തിരുവനന്തപുരം എന്നും സഞ്ചാരികളുടെ പറുദീസയാണ്. കടലും കായലും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മ്യൂസിയവും എന്നു വേണ്ട എല്ലാത്തരം സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്നതെല്ലാം അനന്തപുരിയിലുണ്ട്. നഗരത്തിൽ നിന്ന് ഏറ്റവു എളുപ്പത്തിൽ പൊൻമുടി എന്ന ഹിൽസ്റ്റേഷനിലേക്ക് എത്തിച്ചേരാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. കുറഞ്ഞ സമയം കൊണ്ട് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയിലേക്കും ഇവിടുന്ന് എത്തിച്ചേരാം. അങ്ങനെയുള്ള തിരുവനന്തപുരത്തിന് ആകർഷകമായി മറ്റൊരു തീർത്ഥാടക കേന്ദ്രം കൂടി ഒരുങ്ങുന്നു.

ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രമാണ് തീർഥാടകരുടെയും മറ്റ് സഞ്ചാരികളുടെയും പറുദീസയാകാൻ ഒരുങ്ങുന്നത്. 111 അടി ഉയരമുള്ള മഹാശിവലിംഗം ഈ മാസം തീർഥാടകർക്കായി അനാവരണം ചെയ്യുകയാണ്. എണ്ണൂറോളം തൊഴിലാളികൾ, പത്തു വർഷത്തോളം നീണ്ട നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ ഫലമാണ് ഈ ശിവലിഗം. ചെലവായത് ഭക്തരുടെ കാണിക്കയും സഹകരണവും വഴി ലഭിച്ച കോടിക്കണക്കിനു രൂപ. ഭക്തിയുടെയും അദ്ഭുതത്തിന്റെയും കാഴ്ചകൾ ഉള്ളിലൊളിപ്പിച്ച്, ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിലുയർന്ന111 അടി ഉയരമുള്ള ശിവലിംഗം പത്താം തീയതി തീർഥാടകർക്കായി തുറന്നുകൊടുക്കും. അന്നു 8.15ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ് സമർപ്പണം നടത്തുക. ഏറ്റവും ഉയരമേറിയ ശിവലിംഗനിർമിതിയായി ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് സ്തൂപ സമർപ്പണം.

മനുഷ്യശരീരത്തിന്റെ മൂലാധാരം മുതൽ മൂ‍ർധാവ് വരെ എട്ടു ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ശിവലിംഗത്തിലെ ഉള്ളിലെ നിർമാണം. എല്ലാവരുടെയും ശരീരം അവരവരുടെ വിരലുകൾ കൊണ്ട് അളന്നാൽ എട്ടു ചാൺ (ചാൺ എന്നാൽ തള്ളവിരലും മോതിരവിരലും അകത്തിപ്പിടിച്ചു നീളം അളക്കുമ്പോഴുള്ള അകലം) നീളം ആണെന്ന സങ്കൽപ്പത്തിലാണ് എട്ടു മണ്ഡപങ്ങൾ, പൃഥ്വി, മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധം, ആജ്ഞ, സഹസ്രാരം എന്നിങ്ങനെയാണ് എട്ടു മണ്ഡപങ്ങൾ. സ്തൂപത്തെ ഉള്ളിലൂടെ ചുറ്റിപ്പോകുന്ന തുരങ്കത്തിന്റെ മട്ടിലുള്ള നടപ്പാതയിൽ നിന്നാണ് ഓരോ മണ്ഡപത്തിലേക്കും പ്രവേശനം. മണ്ഡപങ്ങളും നടപ്പാതയും അപൂർവ ഭംഗിയാർന്ന ശിൽപ സമുച്ചയത്താലും വെളിച്ച വിന്യാസത്താലും അദ്ഭുതപ്പെടുത്തുന്നതാണ്.

ആറ് നിലകളിലായി വിശാലമായ മുറികളുണ്ട് ഇവിടെ ഭക്തർക്ക് ധ്യാനനിമഗ്നരാകാം. ഓരോ നിലയ്ക്കും വ്യത്യസ്ത നിറങ്ങളാണ് നൽകിയിരിക്കുന്നത്. ഓറഞ്ച്, മഞ്ഞ, ചുവപ്പ്, ഇൻഡിഗോ, പച്ച, നീല എന്നീ നിറങ്ങൾ ഓരോ നിലയ്ക്കും നൽകിയിരിക്കുന്നു. എട്ടാമത്തെ നില കൈലാസത്തിന്റെ പ്രതീകമാണ്. ആയിരം ഇതളുകളുള്ള സഹസ്രാരചക്രത്തെ പ്രതീകമാക്കുന്ന ഒരു താമര ഉണ്ട്. മഹാബലി പുരത്തെ കൃഷ്ണശിലകൾ കൊണ്ട് നിർമിച്ച 108 ശിവലിംഗങ്ങൾ ഒന്നാമത്തെ നിലയിൽ സ്ഥാപിച്ചിരിക്കുന്നു.

ഗുഹാരീതിയിലുള്ള ചവിട്ടുപടികളാണ് മഹാശിവലിംഗത്തിന് മുകളിലെത്താനായി ഒരുക്കിയിരിക്കുന്നത്. ചുവർചിത്രങ്ങളും വിഗ്രഹങ്ങളും കൊണ്ട് മുകളിലേക്ക് കയറുന്ന പാതയിലെ ചുവരുകൾ അലങ്കരിച്ചിരിക്കുന്നു. ഹിമാലയയാത്രയുടെ ഓർമ ഉണർത്തുന്ന തരത്തിലാണ് മുകളിലേക്കുള്ള യാത്ര.

സഹസ്രാര മണ്ഡപത്തിൽ കൈലാസമാണ്. വെൺമയാർന്ന ഹിമപാളികൾക്കിടയിൽ ഉപവിഷ്ടരായ പാർവതീ പരമേശ്വരൻമാരാണ് ഈ മണ്ഡപത്തിൽ. മഞ്ഞിന്റെ അനുഭൂതി സമ്മാനിക്കാനായി ഈ നിലയിൽ മാത്രം ശീതീകരണ സംവിധാനവുമുണ്ട്. തലസ്ഥാനനഗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെ തിരുവനന്തപുരം– കന്യാകുമാരി ദേശീയപാതയിൽ നെയ്യാറ്റിൻകരയിൽ നിന്നും ഉദിയൻകുളങ്ങര നിന്നുമാണ് ക്ഷേത്രത്തിലേക്കുള്ള വഴികൾ. കൃഷ്ണശിലയിൽ തീർത്ത അലങ്കാര ഗോപുരവും മണ്ഡപങ്ങളും 32 ഭാവത്തിലുള്ള ഗണപതി പ്രതിഷ്ഠയും 12 ജ്യോതിർലിംഗ പ്രതിഷ്ഠയും രഥവും ഉപക്ഷേത്രങ്ങളും പ്രാർഥനാ മണ്ഡപങ്ങളും ഒക്കെയായി വിപുലമായ സമുച്ചയമാണിത്.ഔദ്യോഗികമായി 2012 മാർച്ച് 23നാണു ശിലസ്ഥാപനം നടത്തിയതെങ്കിലും അതിനും രണ്ടു വർഷം മുൻപ്  തുടങ്ങിയ മഹായജ്ഞമാണ് ഈ മാസം 10ന് സമാപ്തിയിലെത്തുക. സ്വാമി മഹേശ്വരാരന്ദ രാജ്യമെമ്പാടും മാസങ്ങൾ ചുറ്റി സഞ്ചരിച്ച്തീർഥഭൂമികളിൽ നിന്നു മണ്ണും ജലവും സാളഗ്രാമവും അടക്കം പുണ്യവസ്തുക്കൾ ലോറിയിൽ സമാഹരിച്ചെത്തിച്ച് സ്ഥാപിച്ച അടിത്തറ മുതൽ തുടങ്ങുന്നു ‘മഹാലിംഗ’ത്തിന്റെ നിർമാണത്തിനു പിന്നിലെ അധ്വാനം.