ആധുനിക അങ്കണവാടികള്‍ സ്ഥാപിക്കാന്‍ പദ്ധതിയായി

ആധുനിക അങ്കണവാടികള്‍ സ്ഥാപിക്കാന്‍ പദ്ധതിയായി മുതിർന്ന കുട്ടികൾക്കു പാഠ്യപദ്ധതിയും യൂണിഫോമും കളിക്കൊപ്പം പഠനവും ആധുനിക സംവിധാനങ്ങളുമായി അങ്കണവാടികൾ അടിമുടി മാറാനൊരുങ്ങുന്നു. പ്ലേ സ്‍കൂളിനൊപ്പം പ്രീ സ്‍കൂൾ സംവിധാനങ്ങളാണ് പുതുതായി ഒരുക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ (സി.ഡി.സി.) മന്ത്രി കെ.കെ.ശൈലജയ്ക്കു സമർപ്പിച്ചു. ആറു വയസ്സുവരെയുള്ള കുട്ടികൾക്കായി എല്ലാ ജില്ലയിലും മാതൃകാ അങ്കണവാടികൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാഠ്യപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. കളിയിലൂടെയും കലയിലൂടെയും വിഷയങ്ങൾ പഠിപ്പിക്കുന്ന ഇതിവൃത്താധിഷ്ഠിത പാഠ്യപദ്ധതി(തീം ബേസ്ഡ് കരിക്കുലം)യാകും പിന്തുടരുന്നത്. മുതിർന്ന കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാനും സൗകര്യമൊരുക്കും. ഇതിനായി ‘അങ്കണപ്പൂമഴ’ എന്ന കുട്ടികളുടെ കൈപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കും. പ്രീസ്കൂൾ വിദ്യാർഥികൾക്ക് യൂണിഫോമുമുണ്ടാകും. 10 സെന്റ് സ്ഥലത്ത് പഠനമുറി, വിശ്രമസ്ഥലം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോർ, കളിക്കാനുള്ള സ്ഥലം, മൾട്ടിപർപ്പസ് ഹാൾ, ചെറിയ പൂന്തോട്ടം എന്നിവയൊക്കെ അങ്കണവാടിയിലുണ്ടാകും. ആദ്യഘട്ടത്തിൽ എല്ലാ ജില്ലയിലും ഓരോ മാതൃകാ അങ്കണവാടി തുടങ്ങും. പഞ്ചായത്തിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് സ്ഥലം കണ്ടെത്തുക. പത്തു സെന്റിനു പുറമേ മൂന്നു സെന്റ്, അഞ്ചു സെന്റ്, ഏഴര സെന്റ് എന്നിങ്ങനെ സ്ഥലസൗകര്യത്തിനനുസരിച്ചു സ്ഥാപിക്കാവുന്ന കെട്ടിടങ്ങളുടെ മൂന്നു മാതൃകകളും തയ്യാറാക്കിയിട്ടുണ്ട്. കോളേജ് ഓഫ് ആർക്കിടെക്ചർ ട്രിവാൻഡ്രമാണ് രൂപകല്പന നിർവഹിച്ചത്.