എ എം ആരിഫെന്ന ‘ജയന്റ് കില്ലർ’

ഗൗരിയമ്മയുടെ തറവാട് പോലെ നിന്ന അരൂരിൽ കടന്നുകയറി സി.പി.എമ്മിൻെറ കൊടി കുത്തിയപ്പോൾ ചില്ലറക്കാരനല്ലെ എ.എം. ആരിഫ് എന്ന് ബോദ്ധ്യപ്പെട്ടു ആലപ്പുഴയില്‍ എ.എം. ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമ്പോൾ ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിക്കാൻ തുറുപ്പുചീട്ടുമായി സിപിഎം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവില്‍ അരൂര്‍ എം.എല്‍.എയാണ് ആരിഫ്.വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ച സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റിംഗ് എം.എല്‍.എയായ ആരിഫിനെ പാര്‍ട്ടി മത്സരരംഗത്തിറക്കുന്നത്. എം.എ ബേബി മുതല്‍ സി.എസ് സുജാത വരെ പല സീനിയര്‍ നേതാക്കളുടേയും പ്രാദേശിക നേതാക്കളുടേയും പേരുകള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ആരിഫിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചത്. 2006 അരൂരിൽ കെ. ആർ ഗൌരിയമ്മയെ തോൽപ്പിച്ച് നിയമസഭാംഗമായി. ആലപ്പുഴയുടെ ചരിത്രമെടുത്താൽ ‌ഈഴവ,നായർ, ക്രിസ്ത്യൻ സ്ഥാനാർത്ഥികളൊക്കെ നേരത്തെ മത്സരിച്ചിട്ടുണ്ടെങ്കിലും മുസ്ളിം സമുദായത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുന്നത് ആദ്യമായാണ്. അതു തന്നെയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷയും. ആരിഫ് മൂന്ന് തവണയായി അരൂരിൻെറ തേരാളിയാണ്. ഗൗരിഅമ്മയുടെ തറവാട് പോലെ നിന്ന അരൂരിൽ കടന്നുകയറി സി.പി.എമ്മിൻെറ കൊടി കുത്തിയപ്പോൾ ചില്ലറക്കാരനല്ലെന്ന് അന്നേ ബോദ്ധ്യപ്പെട്ടു. അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ച് എതിരാളിയില്ലെന്ന് ആരിഫ് തെളിയിച്ചു. ഗൗരിയമ്മയ്‌ക്കെതിരെ എ എം ആരിഫ് മത്സരിക്കാനെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2006ലെ നിയമസഭാ സ്ഥാനാര്‍ഥി ചര്‍ച്ചകളിലൊന്നും ആരിഫ് ഇടംപിടിച്ചിരുന്നുമില്ല. അപ്രതീക്ഷിതമായായിരുന്നു എന്‍ട്രി. യുഡിഎഫ് സര്‍ക്കാരില്‍ കൃഷിമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയുമായ കെ ആര്‍ ഗൗരിയമ്മയുടെ സ്വന്തം തട്ടകമായിരുന്ന അരൂരില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒന്ന് പേടിച്ചിരുന്ന സമയം കൂടിയായിരുന്നു അത്. 12,000 വോട്ടിനും 16,000 വോട്ടിനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഗൗരിയമ്മയോട് പരാജയപ്പെട്ടിരുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പലതും സ്ഥാനാര്‍ഥി പട്ടികയിലേക്ക് ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഒടുവില്‍ എ എം ആരിഫിനാണ് നറുക്ക് വീണത്. എന്നാല്‍ ഗൗരിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ആരിഫ് ഇറങ്ങുമ്പോള്‍ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗൗരിയമ്മയുടെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു പാര്‍ട്ടി അണികളുടെ തന്നെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 4650 വോട്ടുകള്‍ക്ക് ആരിഫ് അട്ടിമറി ജയം കരസ്ഥമാക്കി. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ, പ്രഗത്ഭയായ കെ ആര്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തിയ ‘ജയന്റ് കില്ലര്‍’ ആയി ആരിഫ് നിയമസഭയിലെത്തി. ‘അരൂരിന്റെ ഐശ്വര്യം ഇനി ആലപ്പുഴയുടെ ഐശ്വര്യം’ എ എം ആരിഫിനായി എല്‍ഡിഎഫ് പ്രചരണം തുടങ്ങിയിത് ഇങ്ങനെയാണ്. 2011ല്‍ താന്‍ വിജയിച്ചാല്‍ അരൂരിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുമെന്ന വാക്കാണ് ആരിഫ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ‘അരൂരിന്റെ ഐശ്വര്യം’ എന്ന സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു 2016ല്‍ വീണ്ടും നിയമസഭയിലേക്കുള്ള ജനവിധി തേടുമ്പോള്‍ ആരിഫിന്റെ പ്രധാനപ്പെട്ട ക്രെഡിറ്റ്. ഗൗരിയമ്മയെ അടിയറവ് പറയിച്ച ആത്മവിശ്വാസത്തിലാണ് രണ്ടാം തവണ ആരിഫ് മത്സരിക്കാനിറങ്ങിയത്. ഡി സി സി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ എ ഷുക്കൂര്‍ ആയിരുന്നു എതിര്‍. 16850 വോട്ടുകള്‍ക്കാണ് ആരിഫ് അന്ന് ജയിച്ചത്. ഭൂരിപക്ഷം മൂന്നിരട്ടി വര്‍ധിപ്പിച്ചു. 2016ല്‍ മൂന്നാം മത്സരം. ഈ മത്സരത്തില്‍ കായംകുളം നഗരസഭാ ചെയര്‍മാനും കെ പി സിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. സി ആര്‍ ജയപ്രകാശിനെതിരെ 38519 വോട്ടിന്റെ ഭൂരിപക്ഷത്തിന് മികച്ച വിജയം നേടി. ആലപ്പുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഇത്. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മൂന്നാമത്തെ മണ്ഡലമായി അരൂര്‍ മാറി. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ജനങ്ങളുടെ മതിപ്പ് നേടിയെടുക്കാന്‍ കഴിഞ്ഞ നേതാവാണ് ആരിഫ്. എംഎല്‍എയായിരുന്ന കാലയളവില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ആരിഫിന്റെ ഏറ്റവും വലിയ പ്രചരണായുധമായത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുജനത്തിനോ എതിര്‍ പാര്‍ട്ടികള്‍ക്കോ കാര്യമായ ആക്ഷേപമില്ല. യുഡിഎഫിന് മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ യുഡിഎഫുകാര്‍ മത്സരിക്കാന്‍ പേടിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന്റെ ക്രെഡിറ്റ് ആരിഫിനുള്ളതാണ്. ഏത് രാത്രിയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്ന എംഎല്‍എ എന്ന നിലയിൽ ജനപ്രീതി എ എം ആരിഫിനുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഞ്ചായത്ത് അംഗത്തേക്കാള്‍ സജീവമായി ഇടപെടുമെന്നുമുള്ളതിനാലും ജനകീയനാണ് എ എം ആരിഫ് എന്ന എംഎല്‍എ. ഒരു കാര്യത്തിനായി ബന്ധപ്പെട്ടാല്‍, അക്കാര്യം നടക്കുമോ ഇല്ലയോ എന്ന കാര്യം വരെ ആവശ്യക്കാരെ വിളിച്ച് അറിയിക്കുന്ന ഈ എംഎല്‍എയ്ക്ക് സാധാരണ ജനങ്ങള്‍ ഫുള്‍ മാര്‍ക്കാണ് കൊടുക്കുന്നതും. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദങ്ങള്‍ നോക്കാറില്ലെന്നതും ആരിഫിന്റെ സ്വീകാര്യതയേറ്റുന്നു. ആരിഫിന്റെ ജനസമ്മതി തന്നെയാണ് ഈ നേട്ടങ്ങൾ ഒക്കെയും ഈ നേതാവിന് നൽകിയതും.