കേരളത്തില്‍ നൂറോളം ബാലമന്ദിരങ്ങള്‍കൂടി ഉടന്‍ പൂട്ടും

കേരളത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രക്ഷിതാക്കളുടെ കൈകളാല്‍ കൊല്ലപ്പെട്ടത് രണ്ടു കുട്ടികള്‍. ഇതിനൊപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം പൂട്ടേണ്ടി വരുന്ന ബാലാമന്ദിരങ്ങൾ കേന്ദ്ര ബാലനീതി നിയമത്തിലെ (ജെ.ജെ. ആക്ട്) കര്‍ശനവ്യവസ്ഥകളുടെ ബാധ്യത താങ്ങാനാകാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത് 346 ബാലമന്ദിരങ്ങള്‍; മോശം ജീവിതസാഹചര്യത്തിലേക്കു മടങ്ങേണ്ടിവന്നത് ആയിരത്തിലധികം കുട്ടികള്‍ക്ക്. കേന്ദ്രനിയമത്തിലെ വ്യവസ്ഥകളില്‍ ഇളവു വരുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചട്ടരൂപവത്കരണം എങ്ങുമെത്താതെ നീളുമ്പോള്‍, നൂറോളം ബാലമന്ദിരങ്ങള്‍ കൂടി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അനാഥക്കുട്ടികള്‍ക്ക് ആശ്രയം അരുളാനായി സര്‍ക്കാരിന്റെ കീഴിലുള്ളതാകട്ടെ, 20ല്‍ താഴെ സ്ഥാപനങ്ങള്‍ മാത്രവും. സുപ്രീംകോടതി അനുവദിച്ച സമയപരിധിയായ 2018 മാര്‍ച്ച് 31 വരെ കേരളത്തില്‍ 817 സ്ഥാപനങ്ങളാണ് ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ആദിവാസി-തോട്ടം മേഖലകളിലെ സ്ഥാപനങ്ങളാണ് അവയില്‍ അധികവും. പഠനാവശ്യങ്ങള്‍ക്ക് ബാലമന്ദിരങ്ങളെ ആശ്രയിക്കുന്ന കുട്ടികളാണ് കേരളത്തില്‍ അധികവുമെന്നിരിക്കേ, കേന്ദ്രനിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും അധികജീവനക്കാരും ബാധ്യതയായി സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച് കേന്ദ്രനിയമത്തിലെ മാതൃകാചട്ടങ്ങളിലെ നിര്‍ദേശങ്ങളില്‍ ഇളവുവരുത്താന്‍ സാമൂഹികനീതി വകുപ്പ് തീരുമാനിച്ചു. ചട്ടത്തിന്റെ കരട് രൂപം കഴിഞ്ഞ നവംബറിലെ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് ഉത്തരവിറക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. ജീവനക്കാരുടെ അഭാവം മൂലമാണ് ചട്ടത്തിന്റെ കരട് തയാറാക്കല്‍ നീളുന്നതെന്നാണ് സാമൂഹികനീതി വകുപ്പിന്റെ ന്യായം. അതേസമയം, ജെ.ജെ. ആക്ടിന്റെ പേരില്‍ അധികൃതര്‍ തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് സ്ഥാപനങ്ങളും ആരോപിക്കുന്നു.11 സംസ്ഥാനങ്ങളിലാണ് ഇതിനോടകം ജെ.ജെ. ആക്ട് നടപ്പിലാക്കിയിരിക്കുന്നത്. ഒട്ടുമിക്കയിടത്തും മാതൃകാചട്ടം അതേപടി നടപ്പിലാക്കുകയായിരുന്നു. about 100 children's homes likely to be closed