ലക്ഷദ്വീപില്‍ ഓഖി താണ്ഡവമാടുന്നു....!!!

ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റ് ദ്വീപില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുകയാണ്. ലക്ഷദ്വീപ് ഒറ്റപ്പെട്ടനിലയിലാണ്.കേരളാ തീരത്തും ഭീമന്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ നിന്നുപോയ മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോഴും കടലില്‍ത്തന്നെയാണ്. അതീവ ജാഗ്രതയിലാണ് ലക്ഷദ്വീപും കേരളാ തീരവും.വെള്ളിയാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച ഓഖി ഇനിയുള്ള മണിക്കൂറുകളില്‍ 120-130 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ലക്ഷദ്വീപില്‍ ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതിബന്ധവും തകരാറിലായി. കേന്ദ്രആഭ്യന്ത്രര മന്ത്രാലയം ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപ്പാട് വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയദുരന്തനിവാരണ സേന ഉടന്‍ കവരത്തിയിലെത്തും.കല്‍പ്‌പേനിയിലും മിനിക്കോയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. ലക്ഷദ്വീപിലേക്ക് നീങ്ങിയ ഓഖി അതിന്റെ ത്രീവരൂപത്തിലേക്ക് കടന്നതോടെയാണ് ദ്വീപില്‍ മഴ കനത്തത്.