ജീവൻ രക്ഷിച്ചവൻ ; ജീവൻ തിരയാൻ

ജീവൻ രക്ഷിച്ചവൻ  ജീവൻ തിരയാൻ 

ആർത്തലച്ചു വന്ന വെള്ളപ്പാച്ചിലിനെ കൂസാതെ പിഞ്ചുകുഞ്ഞിനെ മാറോടു ചേർത്ത് ചെറുതോണി പാലത്തിലൂടെ അതിവേഗത്തിൽ മറുകര കടന്ന കനയ്യ കുമാറിനെ ഓർമയില്ലേ? കഴിഞ്ഞ പ്രളയകാലത്ത് കേരളം ശ്വാസമടക്കി കണ്ട രംഗങ്ങളിലെ നായകൻ കഴിഞ്ഞ 3 ദിവസമായി പുത്തുമലയിലെ ഉരുൾപൊട്ടൽ മേഖലയിൽ ജീവന്റെ തുടിപ്പിനായി പരതുകയാണ്.

ദേശീയ ദുരന്ത നിവാരണസേനയുടെ നാലാം ബറ്റാലിയൻ അംഗമായി ചെന്നൈ ആർക്കോണത്തുനിന്നാണ് ഇത്തവണ കനയ്യ കേരളത്തിൽ വീണ്ടുമെത്തിയത്. ബിഹാർ സ്വദേശിയാണ്. കനയ്യയുടെ നേതൃത്വത്തിലാണു പുത്തുമലയിലെ 3 മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്നു പുറത്തെടുത്തത്

സൂപ്പർമാൻ

നൂറ്റാണ്ടിലെ പ്രളയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷവും, ചെറുതോണിയിലെ സ്കൂൾ കുട്ടികൾ കനയ്യയെയും അദ്ദേഹത്തിന്റെ വീരഗാഥയും മറന്നിട്ടില്ല. അവർക്ക് അയാൾ ‘സൂപ്പർമാൻ’ ആണ്. അതിന്റെ കാരണം കനയ്യ കുട്ടിയുമായി ചെറുതോണി പാലത്തിന് കുറുകെ ഓടുന്നതിന്റെ വിഖ്യാതമായ ചിത്രം സൂക്ഷിച്ചുനോക്കിയാൽ മനസിലാകും: കനയ്യ ധരിച്ചിരിക്കുന്നത് സൂപ്പർമാന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പ്, നീല ഉടുപ്പുകളായിരുന്നു.

2018 ഓഗസ്റ്റ് 10, വാഴത്തോപ്പ് പഞ്ചായത്തിലെ ആലിൻചുവട് ഭാഗത്തുള്ള കാരയ്ക്കാട്ട് പുത്തൻപുര വീട്ടിലെ വിജയരാജ് – മഞ്ജു ദമ്പതികളുടെ മകൻ സൂരജിനെയും കയ്യിലേന്തിയാണ് അന്നു കനയ്യ ഓടിയത്. പനി ബാധിച്ചു വിറയ്ക്കുന്ന കുഞ്ഞിന്റെ രക്ഷ മാത്രമായിരുന്നു അപ്പോൾ കനയ്യയുടെ മനസ്സിൽ. ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടർ തുറക്കുന്നതിനു നിമിഷങ്ങൾ മുൻപായിരുന്നു ജീവൻ പണയംവച്ചുള്ള ആ ഓട്ടം. അക്കരെനിന്നു കുട്ടിയുമായി കുത്തൊഴുക്കും കടന്ന് കനയ്യകുമാർ ഓടിക്കയറിയത് മലയാളി ഹൃദയത്തിലേക്കായിരുന്നു.

ഇപ്പോൾ നാല് വയസ്സുള്ള സൂരജ് എൽകെജി വിദ്യാർഥിയാണ്. അച്ഛൻ വിജയരാജ് കെട്ടിട നിർമാണ സൈറ്റുകളിൽ സഹായിയായി പോകുന്നയാളാണ്. വിജയരാജും മഞ്ജുവും ആ ദിവസം ഇന്നെന്നു പോലെ ഓർക്കുന്നു. ‘കുട്ടിക്ക് കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു, പെട്ടെന്ന് ആ ദിവസം ശ്വാസംമുട്ടലും തുടങ്ങി. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ല’ – മഞ്ജു പറയുന്നു.

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും അന്നു തുറക്കുമെന്നാണ് പറഞ്ഞിരുന്നത്. അതു കാണാൻ ഞാൻ അവിടെ ഉണ്ടായിരുന്നു. എന്നാൽ 11 മണിയായിട്ടും തുറക്കാത്തതിനാൽ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ചെന്നു. അപ്പോഴാണ് കുട്ടിക്ക് പനി കൂടിയെന്ന് അറിയുന്നത്. കുട്ടിയുമായി പാലത്തിന്റെ സമീപമെത്തിയപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചു. രണ്ടു മിനിറ്റിനുള്ളിൽ രണ്ടു എൻഡിആർഎഫ് ഉദ്യോഗസ്ഥർ എന്റെയടുത്തെത്തി – കനയ്യയും കൃപാൽ സിങ്ങും. സെക്കൻഡുകൾ കൊണ്ട് ഞങ്ങൾ പാലത്തിനപ്പുറമെത്തി’ – വിജയരാജ് പറഞ്ഞു.

ജീവിതത്തിലെ ആ അസുലഭ നിമിഷത്തെക്കുറിച്ച് പറയുമ്പോൾ കനയ്യയ്ക്കും നൂറുനാവാണ്. ‘ കേരളത്തിൽ ജോലിക്കെത്തിയ ആദ്യ ദിനമായിരുന്നു അന്ന്. ചെറുതോണി പാലത്തിനിപ്പുറം നിൽക്കുമ്പോൾ മറുവശത്ത് കുട്ടിയുമായി ഒരാൾ നിൽക്കുന്നതു കണ്ടു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി. കുട്ടിക്ക് പനിയുണ്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഞങ്ങളുടെ അടുത്തു നിൽക്കുന്ന പൊലീസുകാരൻ പറഞ്ഞു. ഞാൻ എന്റെ സീനിയറോട് അനുവാദം ചോദിച്ചശേഷം മറുവശത്തേക്ക് ഓടി. കുട്ടിയെ അച്ഛന്റെ കയ്യിൽ നിന്നു വാങ്ങിച്ച ശേഷം തിരിച്ച് ഓടാൻ തുങ്ങി. ഭയപ്പെടാതെ എന്നെ പിന്തുടരാൻ ആവശ്യപ്പെട്ടു. ഞാൻ ഒരു കുട തുറന്ന ശേഷം കുട്ടിയെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു’ – കനയ്യ പറഞ്ഞു.

ഒരു പ്രവർത്തിക്കൊണ്ടു സൂപ്പർഹീറോ ആയെങ്കിലും അതൊന്നും കനയ്യയുടെ ജോലിയെ ബാധിക്കുന്നില്ല. വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിടത്ത് രക്ഷപ്രവർത്തനവുമായി കർമനിരതനാണ് അദ്ദേഹം. കഴിഞ്ഞ തവണത്തേതിനേക്കാൾ ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ഇത്തവണ കേരളത്തിൽ കാണുന്നതെന്നും ഒരു ജീവനെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്നും അദേഹം മാധ്യമങ്ങളോട്  പറഞ്ഞു.

The Man Who Saved His Life To Search For Life