ആശ്വാസമേകി സർക്കാർ

ആശ്വാസമേകി സർക്കാർ 

 പ്രളയബാധിതർക്ക് അതിജീവനത്തിന്റെ കൈത്താങ്ങ് പകർന്നു കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെയെത്തിയത് 1.82 കോടി രൂപ. ഊർജിത സമൂഹമാധ്യമ പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞ ദിവസവും രണ്ടരക്കോടിയിലേറെ രൂപ ലഭിച്ചിരുന്നു. കൂട്ടായ്മ കൊണ്ട് അതിജീവനം സാധ്യമാണെന്നു കഴി‍ഞ്ഞ പ്രളയകാലം തെളിയിച്ചെന്നും ഒന്നിച്ചുനിന്നു ദുരവസ്ഥയെ നേരിടുകയാണു വേണ്ടതെന്നും മേപ്പാടിയിലെയും കവളപ്പാറയിലെയും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചു വിതരണം ചെയ്യാൻ റെയിൽവേ തൃശൂർ, ആലുവ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, കോട്ടയം, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററുകൾ ആരംഭിച്ചു. അവശ്യ വസ്തുക്കൾ സൗജന്യമായി ട്രെയിനുകളിൽ എത്തിച്ചു നൽകാനുളള സൗകര്യം പൊതുജനങ്ങൾക്കും ഉപയോഗിക്കാം.

രക്ഷാപ്രവർത്തനം തുടരുന്ന മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയിൽ കാണാതായ 7 പേർക്കായി തിരച്ചിൽ തുടരുന്നു. മലപ്പുറം തിരുനാവായയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട മകനെയും ഭാര്യാസഹോദരന്റെ മകനെയും രക്ഷിച്ച ശേഷം ഗൃഹനാഥൻ തളർന്നുവീണു മരിച്ചു. തൃശൂർ ജില്ലയിൽ രണ്ടും ആലപ്പുഴയിൽ ഒന്നും മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഴക്കെടുതികളിൽ മരണം 97 ആയി.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും നൽകി. നാളെ മുതൽ മഴയുടെ ശക്തി കുറയും.

∙വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പരിസ്ഥിതി സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ കത്ത്. മണ്ഡലത്തിലെ എംപിയായ രാഹുൽ, വയനാട്ടിലെ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണു കത്തയച്ചത്. കഴിഞ്ഞയാഴ്ച അദ്ദേഹം മോദിയെ ഫോണിലും വിളിച്ചിരുന്നു

വയനാട് ഉൾപ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സ്ഥലങ്ങളിൽ ആശയവിനിമയ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുള്ള രക്ഷാപ്രവർത്തന ക്യാംപുകൾ ഒരുക്കണം. ജനജീവിതവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള കർമ പദ്ധതി തയാറാക്കണം. ഇതിനായാണു പ്രത്യേക സാമ്പത്തിക പാക്കേജ്. കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. വയനാട്ടിലെ കർഷക ദുരിതം, പശ്ചിമഘട്ട മലനിരകളിൽ വർധിച്ചുവരുന്ന ഖനനം, വനനശീകരണം എന്നിവയെക്കുറിച്ചും അദ്ദേഹം കത്തിൽ വിവരിച്ചു.

The Government Was Relieved