പ്രളയത്തിൽ രക്ഷകരായി ഓഫ് റോഡ് വാഹനങ്ങൾ

പ്രളയത്തിൽ രക്ഷകരായി  ഓഫ് റോഡ് വാഹനങ്ങൾ 

മോഡിഫിക്കേഷൻ വേണ്ട എന്ന തീരുമാനം വന്നതോടെ  ഓഫ് റോഡ് വാഹനങ്ങളുടെ കഷ്ടകാലമായിരുന്നു. ഓഫ് റോഡിനായി മോഡിഫിക്കേഷൻ വരുത്തിയ നിരവധി വാഹനങ്ങളെയാണ് കോടതിയുടെ ഈ നിർദ്ദേശം ബാധിച്ചത്. എന്നാൽ വലിയ ടയറുകൾ, ഉയർന്ന സ്നോർക്കൽ, ഹെവി ഡ്യൂട്ടി വിഞ്ചുമുള്ള ഈ ‘അനധികൃത, റോഡിൽ ഓടിക്കാൻ പറ്റാത്ത’ വാഹനങ്ങൾ ഇത്തവണയും പ്രളയത്തിൽ ജനത്തിന് കൈതാങ്ങായി എത്തി.

കൈമെയ് മറന്ന് പ്രവർത്തിച്ച അവർ സഹായിച്ചത് ദുരിതത്തിലാഴ്ത്തിയ നിരവധി പേരുടെ ജീവനാണ്. ഈ വാഹനങ്ങളിൽ വയനാട്ടിലും മലപ്പുറത്തും നിലമ്പൂരിലുമെല്ലാം ആളുകൾക്ക് നിരവധി അവശ്യസാധനങ്ങളും വിതരണം ചെയ്തു. ആളുകൾ‌ കുറ്റം പറഞ്ഞ വലിയ ടയറുകളും ഉയർന്ന എയർ ഇൻടേക്കുകളും ദുരിതത്തിൽ വെള്ളത്തിലൂടെ സഞ്ചരിക്കാൻ വലിയ സഹായമായി.

നാലു വീൽ ഡ്രൈവുള്ള വാഹനങ്ങളായതുകൊണ്ട് റോഡില്ലാത്ത സ്ഥലങ്ങളിലൂടെയും എളുപ്പം സഞ്ചരിക്കാൻ സാധിച്ചു. വള്ളങ്ങൾ എത്താത്ത, പോകാൻ കഴിയാത്ത. ഇടങ്ങളിലൂടെ ആളുകളെയും കൊണ്ട് നിഷ്പ്രയാസം സഞ്ചരിക്കാനും ഭക്ഷണ സാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കാനും മെഡിക്കൽ‌ സഹായങ്ങളുമായി ഓടിയണയാനും ഏറെ ഉപകരിച്ചു ഇവരുടെ സേവനം.

കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ തന്നെ ലക്ഷങ്ങൾ വില വരുന്ന ജീപ്പുകൾ വെള്ളത്തിലൂടെ നിരന്തരം ഓടി കേടുപാടുകൾ സംഭവിക്കുമെന്ന് അറിയാമായിട്ടും അതൊന്നും അവരെ പിന്നോട്ട് വലിച്ചില്ല. നഷ്ടങ്ങൾ സഹിച്ചും കയ്യിൽ നിന്നും പണം മുടക്കി ഡീസൽ അടിച്ചുമാണ് പലരും ദുരിത സ്ഥലങ്ങളിലൂടെ ഓടിനടന്നത്. ആളുകൾക്ക് വേണ്ട സഹായം എത്തിക്കണം. അവരെ രക്ഷിക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരം ഓഫ് റോഡ് വാഹനങ്ങൾ പ്രളയ മേഖലയിലെത്തുന്നത്.


Off-Road Vehicles Rescued By Flood