വീടുകളിലേക്കു മടങ്ങുമ്പോൾ ശ്രദ്ധിക്കാം

    പ്രളയകാല ദുരിതങ്ങൾ കടന്ന് ക്യാംപുകളിൽനിന്നു വീടുകളിലേക്കു മടങ്ങാൻ കാത്തിരിക്കുകയാണ് മലയാളികൾ. പ്രളയത്തെ അതിജീവിക്കാൻ ആദ്യം വേണ്ടത് മാനസികവും ശാരീരികവുമായ ആരോഗ്യമാണ്. തകർച്ചയിൽനിന്നു കരകയറ്റാൻ ഒരുപാടാളുകൾ ചുറ്റുമുണ്ടെന്ന ശുഭപ്രതീക്ഷ കൈവിടരുത്. 


 ആരോഗ്യസംരക്ഷണം 

∙ മലിനജലവുമായി ബന്ധപ്പെട്ടവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് കഴിക്കണം. 


 ∙കൈകാലുകൾ ശുചിയാക്കാൻ ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക. 


 ∙ പനിയോ മറ്റുരോഗലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ആശുപത്രിയിൽ ചികിൽസ തേടുക. 


 ∙പെട്ടെന്നു ദഹിക്കുന്നതും ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമായ ലളിതമായ ഭക്ഷണം കഴിക്കുക. 


 ∙തിളപ്പിച്ച ചെറു ചൂടുവെള്ളം ധാരാളം കുടിക്കുക. ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്തു തിളപ്പിച്ച വെള്ളം രോഗങ്ങളെ അകറ്റും. 


 ∙വയോജനങ്ങളുടെ ആഹാരത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി, ഓട്സ് എന്നിവ കൂടുതലായി ഉൾപ്പെടുത്തണം. 


 ∙പ്രളയകാലത്തെ പിരിമുറുക്കം ജീവിതശൈലീരോഗങ്ങൾ ഉള്ളവരുടെ രോഗാവസ്ഥ കൂടാനിടയാക്കാം. അതുകൊണ്ട് മരുന്നുകൾ മുടക്കരുത്. 


 ∙കുഞ്ഞുങ്ങൾക്കുള്ള മുലയൂട്ടൽ തുടരാൻ അമ്മമാർ ശ്രദ്ധിക്കണം. കഞ്ഞിയും പ്രോട്ടീൻ സമ്പുഷ്ടമായ പയറും കപ്പയും കാച്ചിലും ചേമ്പും പുഴുക്കുമൊക്കെ ആഹാരമാവണം. 


 വീട്ടിലേക്ക് മടങ്ങുമ്പോൾ 

 ∙ഉപയോഗശൂന്യമായ കട്ടിൽ, മെത്ത, കുഷ്യനുകൾ, വിരിപ്പ്തുടങ്ങിയവ കളയാം. 


 ∙ഉപയോഗ യോഗ്യമായവ വീടിനു പുറത്തേക്കു മാറ്റി അകം വൃത്തിയാക്കുക. 


 ∙കിണറിൽ ചെളി നിറഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം പമ്പ് ചെയ്ത് ചെളി നീക്കാം. 


 ∙കിണറിലെ വെള്ളം അണുവിമുക്തമാക്കാൻ സൂപ്പർ ക്ലോറിനേഷൻ ഗുണം ചെയ്യും. 


 ∙1000 ലീറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അളവിൽ ലായനി തയാർ ചെയ്യാം. 


 ∙ഇതു ബക്കറ്റിലാക്കി, കിണറ്റിലിറക്കി, വെള്ളവുമായി നന്നായി യോജിപ്പിക്കുക. 


 ∙വാട്ടർ ടാങ്കുകളിലെ വെള്ളം മുഴുവൻ കളഞ്ഞ് ശുചിയാക്കിയതിനു ശേഷം വീണ്ടും നിറയ്ക്കുക. 


 പാത്രങ്ങൾ 

 ∙പാത്രങ്ങൾ ആദ്യം തണുത്ത വെള്ളത്തിൽ കഴുകി, ചെളി കളയാം. 


 തുടർന്ന് പാത്രങ്ങൾക്കുള്ള ഡിറ്റർജന്റുകൾ ഉപയോഗിച്ചു നന്നായി കഴുകാം. 


 ∙ ഇവ ഉണക്കി, തിളച്ച വെള്ളത്തിൽ ഒന്നു കൂടി കഴുകിയാൽ ഉപയോഗിക്കാം. 


 ∙വെള്ളം കയറിയ,അരി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു കളയാം. 


 ∙പാചകവാതകസിലിണ്ടറിൽ നിന്നു ചോർച്ചയില്ലെന്ന് ഉറപ്പാക്കുക. 


 ∙ഫ്രിജിലെ ഭക്ഷണപദാർഥങ്ങൾ നശിച്ചിരിക്കാൻ സാധ്യതയുണ്ട്. 


 ചെളി നീക്കം ചെയ്യുമ്പോൾ 

 ∙കയ്യിൽ ഗ്ലൗസ് , മുഖത്ത് മാസ്ക് എന്നിവ ധരിക്കുക. 

 ∙വെള്ളത്തിനൊപ്പം ആണികൾ, കൂർത്ത കല്ലുകൾ, കുപ്പിച്ചില്ലുകൾ, മാലിന്യം തുടങ്ങിയവ കണ്ടേക്കാം. ചെരിപ്പോ, ബൂട്ടോ ഉപയോഗിക്കാം. 


 ∙മൺവെട്ടി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കാം. 


 ∙കൂടുതൽ വെള്ളം കെട്ടിനിന്നാൽ,പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും. 


 ∙വെള്ളവും ചെളിയും മാറ്റിക്കഴിഞ്ഞാൽ മുറികൾ വെള്ളം ഉപയോഗിച്ചു കഴുകാം. 


  ∙പിന്നീട് നീണ്ട ബ്രഷ് ഉപയോഗിച്ചു പലതവണ സോപ്പുവെള്ളത്തിൽ കഴുകുക. 


 അണു നശീകരണം 

 ∙ ഇ–കോളി ഉൾപ്പെടെയുള്ള അണുക്കൾ വീട്ടിൽ ഉണ്ടായിരിക്കും. 


 ∙ബ്ലീച്ചിങ് പൗഡർ ഫലപ്രദമായ അണു നശീകരണ ഉപാധി. 


 ∙വലിയ ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലീറ്റർ വെള്ളം ഒഴിക്കുക. 


 ∙15 മിനിറ്റുകൾ കാത്തതിനു ശേഷം ഇതുപയോഗിച്ചു നിലം തുടച്ചാൽ അണുക്കൾ നശിക്കും. 


 ∙പരിസരങ്ങൾ ശുചിയാക്കാൻ നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കാം. 


 ∙മുറികളിലെ വായുമലിനീകരണം ഒഴിവാക്കാൻ വാതിലുകളും ജനാലകളും ദീർഘനേരം തുറന്നിടാം.