മിട്ടായി തെരുവ്

മിട്ടായി തെരുവ് 

കോഴിക്കോടെന്ന് കേൾക്കുമ്പോഴേ കണ്ണുമടച്ച് എല്ലാവരും പറയുന്ന സ്ഥലമാണ് മിഠായി തെരുവ്. മിഠായി തെരുവെന്ന് കേട്ടാലോ പിന്നെ നോക്കണ്ട കോഴിക്കോടൻ ഹൽവയുടെ രുചിയോർത്ത് വായിൽ കപ്പലോടിക്കുവാനുള്ളത്ര വെള്ളവുമുണ്ടാകും. കോഴിക്കോടിന്‍റെ മധുര രുചികളും ചരിത്രവുമറിയണമെങ്കിൽ മിഠായി തെരുവിലേക്ക് പോയാൽ മതി.

പല നിറങ്ങളിലും രുചികളിലുമുള്ള ഹൽവകൾ കണ്ടും രുചിച്ചും മിഠായി തെരുവിലൂടെ നടക്കുമ്പോൾ മനസിലാകും നിപ്പയെന്നല്ല ലോകത്ത്  എന്തു വന്നാലും കോഴിക്കോടുകാർക്ക് ഒന്നുമല്ലെന്ന്. നിപ്പ ബാധിച്ചതിന്‍റെ യാതൊരു ക്ഷീണവുമില്ലാതെയാണ് തെരുവിപ്പോഴും ഉണർന്നിരിക്കുന്നത്.

സഞ്ചാര സാഹിത്യത്തെ ജനപ്രിയമാക്കിയ അപൂർവ പ്രതിഭയായ കോഴിക്കോടുകാരൻ എസ്.കെ പൊറ്റെക്കാടിന്‍റെ കൂറ്റൻ പ്രതിമയിൽ നിന്നാണ് മധുരമൂറുന്ന തെരുവ് തുടങ്ങുന്നത്. ഒരു തെരുവിന്‍റെ കഥയുടെ ദൃശ്യാവിഷ്കരണമാണ് തെരുവിൽ നിറഞ്ഞു നിൽക്കുന്നത്. സാഹിത്യത്തെയും സഞ്ചാരത്തെയും കൂടെ കൂട്ടിയ മനുഷ്യന് കോഴിക്കോടൻ മണ്ണ് നൽകിയ ആദരവുകൂടിയാണ് മിഠായി തെരുവിൽ കാണാനാവുക. ഒരു തെരുവിന്‍റെ കഥ വായിച്ചും കഥാപാത്രങ്ങളെ ഓർത്തും കോഴിക്കോടൻ മധുര പലഹാരങ്ങൾ നുണഞ്ഞും തെരുവിലൂടെ നടക്കുവാൻ തന്നെ രസമാണ്.


മിഠായി തെരുവിന് പേര് നൽകിയത് സായിപ്പൻമാരാണ്. നീളത്തിൽ ഇറച്ചി പോലെയിരിക്കുന്ന ഹൽവയെ അവർ സ്വീറ്റ് മീറ്റെന്നു വിളിച്ചു. അങ്ങനെ സ്വീറ്റ് മീറ്റ് ലഭിക്കുന്ന തെരുവിനെ അവർ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്നു വിളിച്ചു. വൈകാതെ അവിടം മിഠായി തെരുവായി മാറി. വളരെ പഴക്കമുള്ള ബേക്കറികൾ ഉൾപ്പെടെ പുതിയ ന്യൂജനറേഷൻ കടകൾ വരെ മിഠായി തെരുവിന്‍റെ ഭാഗമാണ്.  പണ്ട് ഹൽവയും മിഠായികളും മാത്രം ലഭിച്ചിരുന്ന തെരുവായിരുന്നു ഇവിടമെങ്കിൽ ഇന്ന് അങ്ങനെയല്ല. രൂപവും ഭാവവും മാറി കൂടുതൽ മനോഹരമായിരിക്കുകയാണ് മിഠായി തെരുവ്. തുണിക്കടകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഉൾപ്പെടെ ഉപ്പു തൊട്ട് കർപ്പൂരം വരെ ഇവിടെ നിന്നു ലഭിക്കും.ഇന്നിപ്പോൾ കോഴിക്കോട്  ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലമായി മാറി മിഠായി തെരുവ്

ദൈവങ്ങളുടെ മിഠായി തെരുവ്

രുചിയും ഫാഷനും മാത്രമല്ല ഭക്തിക്കും പ്രാധാന്യമേറെയുണ്ട് മിഠായി തെരുവിൽ. തെരുവിനുള്ളിൽ പണികഴിപ്പിച്ചിരിക്കുന്ന ഹനുമാൻ മഠവും ദേവി ക്ഷേത്രവും തെരുവിനെ എപ്പോഴും ജീവസുറ്റതാക്കുന്നു. തെരുവിലേക്കെത്തുന്നവർ ഹനുമാൻ മഠവും ദേവി ക്ഷേത്രവും സന്ദർശിക്കുന്നത് പതിവാണ്. 

ഹൽവയിലെ രാജാവായ കോഴിക്കോടൻ ഹൽവയുടെ രുചിയറിയാത്തവർ ആരുമുണ്ടാകില്ല. ഒരു പക്ഷേ ഒരു മധുരപലഹാരത്തിന്‍റെ പേരിൽ ലോകം മുഴുവനും അറിയപ്പെടുന്ന സ്ഥലമായിരിക്കും മിഠായി തെരുവ്. മറ്റ് നാടുകളിൽ നിന്നും കോഴിക്കോടിനെ മാറ്റി നിർത്തുന്നത് തന്നെ കോഴിക്കോടിന്‍റെ മാത്രം സ്വന്തമായ ഹൽവ കാരണമാണ്.

പഴയതിൽ നിന്നും കോഴിക്കോടിന്‍റെ ഹൽവ രുചികൾക്കും മാറ്റങ്ങൾ വന്നു കഴിഞ്ഞു. ഇരുപത്തിയെട്ടോളം ഹൽവകൾ മിഠായി തെരുവിലെ ഓരോ ബേക്കറികളിലും കാണാം. തണ്ണിമത്തൻ മുതൽ പച്ചമുളക് വരെയുള്ള ഹൽവകളുടെ നീണ്ട നിര തന്നെയാണ് ഓരോ ബേക്കറികളും.
തണ്ണിമത്തൻ, ഇഞ്ചി, പച്ചമുളക്, ഗോതമ്പ്, പിസ്ത, പുതിന, കരിക്ക്, പൈനാപ്പിൾ, പപ്പായ, പാൽ, ഈന്തപ്പഴം, ക്യാരറ്റ്, ബീറ്റ്റൂട്ട്, ഓറഞ്ച്, റവ അങ്ങനെ നീളുന്ന ഹൽവ‍കളുടെ കൊതിയൂറുന്ന നിര. മധുരപലഹാരങ്ങൾ മാത്രമല്ല കായ വറുത്തതും, ബിരിയാണിയും, ചോക്ലേറ്റ് മിഠായികളുമെല്ലാം തെരുവിന്‍റെ രുചി മേളത്തിന് മാറ്റ് കൂട്ടുന്നു. തിന്നാലും പറഞ്ഞാലും തീരാത്തയത്ര വിഭവങ്ങളുമായി ഓരോ ദിവസവും മിഠായി തെരുവ് സഞ്ചാരികളെ കാത്തിരിക്കുകയാണ്. 

Candy Street