ശബരിമല  7,200 ല്‍ 7000 പേരും സംഘപരിവാറുകാരെന്ന് പൊലീസ്

ശബരിമല 7,200 ല്‍ 7000 പേരും സംഘപരിവാറുകാരെന്ന് പൊലീസ്

ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ എത്തിയ 7,200 തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ഥ ഭക്തരെന്നും ബാക്കിയുള്ളവര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നും പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം നട ആദ്യമായി തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന അക്രമങ്ങളില്‍ പങ്കെടുത്ത 200 പേര്‍ ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലയ്ക്കലില്‍ അക്രമം നടത്തിയവരുടെ ഫോട്ടോ പൊലീസ് ശേഖരിച്ച് ഫെയ്സ് ഡിറ്റക്‌ഷൻ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശബരിമലയില്‍ സ്ഥാപിച്ച പ്രത്യേക ക്യാമറകളെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയാണ് മുന്‍പ് അക്രമം നടത്തിയവരിൽ 200 പേർ വീണ്ടും എത്തിയതായി കണ്ടെത്തിയത്. ഈ മാസം 16ന് മണ്ഡല- മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ഇവരുടെ പ്രവര്‍ത്തനം വീണ്ടും നിരീക്ഷിക്കും. നേരത്തെ അക്രമം നടത്തി പൊലീസിന്റെ പിടിയിലായവര്‍ ജാമ്യത്തിലിറങ്ങി ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാല്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. വീഴ്ചകള്‍ ഇനി അനുവദിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. വനമേഖലകളിലടക്കം സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.