2050 ൽ കേരളം വെള്ളത്തിനടിയിലോ ?

 2050 ൽ കേരളം  വെള്ളത്തിനടിയിലോ ?

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം സമുദ്രനിരപ്പുയർന്ന് 2050 ഓടെ കേരളത്തിലെ പല മേഖലകളെയും കടലെടുത്തേക്കുമെന്ന് പഠന റിപ്പോർട്ട്.യുഎസിൽ പ്രവർത്തിക്കുന്ന ക്ലൈമറ്റ് സെൻട്രൽ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തൽ. ഗവേഷണ മാസികയായ ‘നേച്വർ കമ്യൂണിക്കേഷൻസി’ലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശാസ്ത്രജ്‍‍ഞരും ശാസ്ത്ര വാർത്താലേഖകരും ഉൾപ്പെട്ടതാണ് ക്ലൈമറ്റ് സെൻട്രൽ.

കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ നിലയും ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങളും വിശകലനം ചെയ്ത് ക്ലൈമറ്റ് സെൻട്രൽ രൂപപ്പെടുത്തിയ പ്രളയ ഭൂപടത്തിൽ ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലെ ഒട്ടേറെ പ്രദേശങ്ങളിൽ സമുദ്രജലം കയറാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. കടലോര ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾക്കും ഭീഷണിയുണ്ട്.30 വർഷത്തിനുള്ളിൽ മുംബൈ, കൊൽക്കത്ത നഗരങ്ങളുടെ ഭാഗങ്ങളും കടലിനടിയിലാകുമെന്നു പഠനം വിലയിരുത്തുന്നു. ആന്ധ്ര, തമിഴ്നാട്, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളുടെയും ബംഗ്ലദേശിന്റെയും തീരപ്രദേശങ്ങളും ഭീഷണിയിലാണ്.

മധ്യകേരളത്തിലെ തീരപ്രദേശമാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുകയെന്നും 2035 മുതൽക്കേ ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങാമെന്നും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസസ് പ്രഫസർ ഡോ. എസ്.കെ.സതീഷ് പറഞ്ഞു. coastal.climatecentral.org എന്ന വെബ്സൈറ്റിൽ ക്ലൈമറ്റ് സെൻട്രലിന്റെ ഭൂപടം കാണാം.

താപവും പുകയും പുറന്തള്ളുന്ന ഇന്നത്തെ രീതിയിലെ വികസനസമീപനം പിന്തുടർന്നാൽ ലോകമെമ്പാടും തീരത്തോട് ചേർന്നു കിടക്കുന്ന പല സ്ഥലങ്ങളും മുങ്ങിപ്പോകുമെന്ന മുന്നറിയിപ്പുമായി യുഎസിലെ ന്യൂജഴ്സി പ്രിൻസ്റ്റൺ ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രൽ എന്ന ഗവേഷണ സംഘടന. മുൻ കാലങ്ങളിൽ കരുതിയതിനെക്കാൾ ആശങ്കാജനകമാണ് കടൽ ജലനിരപ്പ് ഉയർന്നുണ്ടാകുന്ന പ്രളയമെന്ന് സംഘടന നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ വെളിപ്പെട്ടു.കടലോരം ഏറെയുള്ള ഏഷ്യൻ രാജ്യങ്ങളിലാവും സ്ഥിതി രൂക്ഷം. കേരളത്തിൽ പല തീരദേശ ജില്ലകളുടെയും പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളം കയറിവരാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, തുടങ്ങിയ ജില്ലകളുടെ പടിഞ്ഞാറൻ മേഖലയിലെ ചില സ്ഥലങ്ങളും ആ ആഗോള പ്രളയ ഭൂപടത്തിൽ ഇടം പിടിക്കാൻ യോഗ്യത നേടി. എന്നാൽ ഇത് കംപ്യൂട്ടർ അധിഷ്ടിതവും ഉപഗ്രഹാധിഷ്ടിതവും നിർമിത ബുദ്ധി ഉപയോഗിച്ചും തയാറാക്കിയ മാതൃകമാത്രമാണെന്നതാണ് ഏക ആശ്വാസം.കടലും കായലും പെരുകി 30 കിലോമീറ്റർ വരെ അകത്തേക്കു ഉപ്പുവെള്ളം കയറാൻ സാധ്യതയുണ്ടെന്നാണു ഇതു സംബന്ധിച്ച കംപ്യൂട്ടർ മാതൃകകൾ വരച്ചുകാട്ടുന്ന ചിത്രം. ആളുകൾ ഇപ്പോൾ താമസിക്കുന്ന പല താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറും. 2050 ആകുമ്പോഴേക്കും തീരത്തു താമസിക്കുന്ന 3.6 കോടി ജനങ്ങൾ പ്രളയം മൂലം മാറി താമസിക്കേണ്ടി വരും. 2100 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 4.4 കോടിയോളം ഉയരാമെന്നും പഠനം പറയുന്നു.

തീരദേശത്തെ കടലാക്രമണത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ വേണ്ട സംരക്ഷണ നടപടികളുടെ ചെലവ് ഇതിനു പുറമേയാണ്. ഫോസിൽ ഇന്ധന ഉപയോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കാനായാൽ 2100 ആകുമ്പോഴേക്കും 5.5 കോടി ജനങ്ങളെ വൻ പ്രളയങ്ങളിൽ നിന്നു രക്ഷപ്പെടുത്താൻ കഴിയും. ഇല്ലെങ്കിൽ ലോകമെങ്ങും 4.4 കോടി ആളുകൾ കൂടി അധികമായി പ്രളയബാധിതരാകും.വേലിയേറ്റ സമയത്തു കടൽജലം കൂടുതൽ ഉള്ളിലേക്കു വരും. 15 കോടി ആളുകൾ ഇപ്പോൾ താമസിക്കുന്ന ഇടങ്ങളിലേക്കാണ് അതിരു ലംഘിച്ചെത്തുന്ന വെള്ളം കയറി വരിക. കടൽഭിത്തി, പുലിമുട്ട് തുടങ്ങിയവയ്ക്കു താങ്ങാവുന്നതിനുമപ്പുറമായിരിക്കും സ്ഥിതി. ഇന്ത്യയിൽ ഇപ്പോൾ വേലിയേറ്റ പരിധിയോടു ചേർന്ന് താമസിക്കുന്നവരുടെ എണ്ണം ഏകദേശം 60 ലക്ഷമാണ്. 2100 ൽ ഇത് 3.8 കോടിയായി ഉയരും. ചൈന, ബംഗ്ലദേശ്, വിയറ്റ്നാം, ഇന്ത്യ, ഇന്തൊനീഷ്യ, തായ്ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ 23 കോടി ജനങ്ങൾ കടലേറ്റ ഫലമായി ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് നേ‘ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര ഗവേഷണ മാസികയിൽ പ്രസിദ്ധീകരിച റിപോർട്ടിൽ പറയുന്നത്.

ആകാശത്തു നിന്ന് ഉപഗ്രഹ സംവിധാനത്തിലൂടെ ഭൂമിയുടെ ചിത്രം പകർത്തുമ്പോൾ മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകൾ ഭാഗങ്ങളും ഭൂനിരപ്പും ഒരുപോലെ കണക്കാക്കി വിലയിരുത്തി ശേഖരിച്ചിരുന്നതു മുൻകാല ഡേറ്റകളുടെ പ്രശ്നമായിരുന്നു. എന്നാൽ അത്തരം ചെറിയ ഉയര വ്യത്യാസം പോലും കൃത്യമായി ഗണിച്ചാണ് ഈ മോഡൽ പഠനം നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ കൃത്യതയും കൂടുതലാണ്.2050 ലും 2100 ലും വെള്ളം കയറി വരാൻ സാധ്യതയുള്ള സ്ഥങ്ങളുടെ ഭൂപടം നോക്കിയാൽ ലോകത്തിലെ 135 രാജ്യങ്ങളിലെ ഏതൊക്കെ സ്ഥലങ്ങളാണ് വെല്ലുവിളി നേരിടുന്നതെന്നു മനസ്സിലാക്കാം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഏഴാമത്തെ കടലോരമുള്ള ഇന്ത്യയിൽ (7500 കിലോമീറ്റർ) ഒൻപതു തീരദേശ സംസ്ഥാനങ്ങളിലായി 56 കോടി ജനമാണു താമസിക്കുന്നത്

മുംബൈ, ചെന്നൈ, കൊൽക്കത്ത, ഗോവ, വിശാഖപട്ടണം തുടങ്ങിയ വൻ നഗരങ്ങളിലാണ് കാലാവസ്ഥാ മാറ്റവും കടലേറ്റവും ഭീഷണി ഉയർത്തുന്നത്. ഉപ്പുവെള്ളം കയറി വരുന്നത് ശുദ്ധജല ലഭ്യതയെ ബാധിക്കുമെന്നതാണ് ഭാവിയുടെ വെല്ലുവിളികളിലൊന്ന്. മത്സ്യസമ്പത്തിലെ വൻ കുറവ് ഭക്ഷ്യ—പോഷക സന്തുലനാവസ്ഥയെ തകിടം മറിക്കും. 2018 ലെയും ഈ വർഷത്തെയും അസാധാരണ പ്രളയം ഈ ദിശയിലെ സൂചനയാണ്. ചൂടു കൂടിയാൽ കടലും ചൂടാകാൻ മടിക്കില്ല. ഇതുമൂലം ചുഴലിക്കാറ്റുകളുടെ എണ്ണം കൂടും. ഇവ കടൽ ജലത്തെ കരയിലേക്ക് അടിച്ചു കയറ്റും