കേരളം ചുട്ടുപൊള്ളുന്നു....കൊടും ചൂടില്‍ കോട്ടയം...!!!

വെന്തുരുകി കേരളം പൊള്ളുന്ന ചൂടില്‍ പാലക്കാടിനും പുനലൂരിനും മുന്നില്‍ കോട്ടയം ഇന്നലെ കോട്ടയത്തു രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്. കോട്ടയത്ത് ഇതുവരെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്. 2004 മാര്‍ച്ച് ഒന്‍പതിനാണ് മുമ്പു കോട്ടയത്ത് 38.5 ഡിഗ്രി രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പുനലൂരിലും പാലക്കാട്ടും കോഴിക്കോട്ടും കണ്ണൂരും മാത്രമാണ് ഇത്രയും ഉയര്‍ന്ന തോതിലോ അതിനു മുകളിലോ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാഴാഴ്ചയിലെ 35.5-ല്‍നിന്നു മൂന്നു ഡിഗ്രി കൂടിയാണ് 38.5 ലെത്തിയത്.ഒറ്റ ദിവസം കൊണ്ടു മൂന്നു ഡിഗ്രി ചൂട് വര്‍ധിച്ചത് അപൂര്‍വ പ്രതിഭാസമാണെന്നും വരും ദിവസങ്ങളില്‍ ചൂടിന്റെ അളവില്‍ നേരിയ കുറവിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 2016 ല്‍ പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ്, 41.9 ഡിഗ്രി സെല്‍ഷ്യസ്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.