നിരക്ക് കൂട്ടുന്നതിന്റെ കാര്യത്തിൽ ഒന്നിച്ച് ടെലികോം കമ്പനികൾ

ഐഡിയ- വോഡഫോണിനും, എയ‌‌ർടെല്ലിനും പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ ഫോൺ നിരക്ക് വ‌ർദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബ‌ർ ആറ് മുതലായിരിക്കും നിരക്ക് വ‌​ർ​ദ്ധന പ്രാബല്യത്തിൽ വരിക. മറ്റ് രണ്ട് കമ്പനികളെയും പോലെ 40 ശതമാനം വരെയുള്ള നിരക്ക് വ‌ർദ്ധന തന്നെയാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്.22 ശതമാനം മുതൽ 42 ശതമാനം വരെയാണ് മൊബൈല്‍ ചാര്‍ജുകള്‍ കൂട്ടി; അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍

വോഡഫോൺ-ഐഡിയയും, എയർടെല്ലും നിരക്കുകൾ വ‌ർദ്ധിപ്പിച്ചിരിക്കുന്നത് ഡിസംബർ മൂന്നോടെ ഈ നിരക്ക് വർദ്ധന നിലവിൽ വരിക. വലിയ കടബാധ്യതയിൽ കുരുങ്ങിയ കമ്പനികൾ നിരക്ക് വർദ്ധനയില്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന സുവര്‍ണ്ണകാലത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നൽകിയിരുന്നതാണ്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ - വോഡാഫോണും എയര്‍ടെല്ലും നിരക്കുകൾ വർധിപ്പിക്കുന്നത്.എന്നാല്‍ ഇന്ത്യന്‍ ടെലികോം മേഖലയുടെ ഇന്നത്തെ അവസ്ഥവച്ച് ഈ നിരക്ക് വര്‍ദ്ധനവ് ശരിയാണോ? ഈ ചോദ്യത്തിന് ഉത്തരമായി ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

1.ഇപ്പോള്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും തന്നെ ഫോണുകള്‍ ഉണ്ട്. 2019 സാമ്പത്തിക വര്‍ഷത്തെ ട്രായിയുടെ രണ്ടാം പാദ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 1,161 ദശലക്ഷമാണ്. 2018 സാമ്പത്തിക വര്‍ഷത്തില്‍ഇത് 1,183 ആയിരുന്നു. ടെലികോം കമ്പനികള്‍ വാലിഡിറ്റി റീചാര്‍ജ് നിര്‍ബന്ധമാക്കിയപ്പോള്‍ പലരും രണ്ടാം സിം എന്നത് അവസാനിപ്പിച്ചതോടെ മൊത്തം ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

2. എന്നാല്‍ ഈ മൊബൈല്‍ ഉപയോക്താക്കള്‍ എല്ലാം തന്നെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ അല്ലെന്നതാണ് സത്യം. ഇന്ത്യയില്‍ അടുത്തിടെ സംഭവിച്ചത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന മൊബൈല്‍ ഉടമകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതല്ല, പകരം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് കൂടിയതാണ്. ട്രായിയുടെ 2019 ധവളപത്രം അനുസരിച്ച് 2013ല്‍ ഇന്ത്യയില്‍ ഡാറ്റ ഉപയോഗം 50,000 ടിബിയില്‍ താഴെയായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 2019 ല്‍ നാല് ലക്ഷം ടിബിയായി വര്‍ദ്ധിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ശരാശരി ഡാറ്റ ഉപയോഗം ഇന്ന് ഇന്ത്യയില്‍ 10 ജിബിയാണ് ഒരു മാസം.

3. ജിയോയുടെ കടന്നുവരവും, ഇവര്‍ മറ്റ് ടെലികോം കമ്പനികളുമായി നടത്തിയ താരീഫ് യുദ്ധവുമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിയച്ചത് എന്ന് വ്യക്തമാണ്. ഇത് ഒരു ഉപയോക്താവില്‍ നിന്നും ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്ന തുകയിലും കുറവ് വരുത്തി. 2016 ല്‍ ഒരു ഉപയോക്താവില്‍ നിന്നും ശരാശരി ടെലികോം കമ്പനികള്‍ക്ക് ലഭിച്ചിരുന്നത് 126 രൂപയായിരുന്നു. എന്നാല്‍ ട്രായിയുടെ കണക്ക് പ്രകാരം 2018 ല്‍ ഇത് 81 രൂപയായും, 2019 ല്‍ എത്തിയപ്പോള്‍ 72 രൂപയായും കുറഞ്ഞു. അതേ സമയം ഡാറ്റ വിലകുറച്ച് ലഭിച്ചതോടെ ഉപയോക്താക്കളുടെ ഡാറ്റഉപയോഗം കൂടുകയും വീഡിയോ സ്ട്രീംഗ്, നെറ്റ് കോളിംഗ് തുടങ്ങിയവ വലിയ രീതിയില്‍ വര്‍ദ്ധിച്ചു. ഇത് മൂലം ടെലികോം കമ്പനികള്‍ക്ക് തങ്ങളുടെ ഒരോ ഉപയോക്താവിന് ചിലവാക്കേണ്ടിവരുന്ന തുക 100ന് മുകളില്‍ എത്തുകയും ചെയ്തു. ഇതിനാല്‍ തന്നെ ചിലവും വരവും അസന്തുലിതാവസ്ഥയിലായി. ടെലികോം കമ്പനികളുടെ ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം സാമ്പത്തിക വര്‍ഷം 2011-12 കാലഘട്ടത്തില്‍ 1.67 ശതമാനമായിരുന്നെങ്കില്‍. സാമ്പത്തിക വര്‍ഷം 2019-20 കാലത്ത് ഇത് 0.58 ശതമാനത്തിലേക്ക് താഴ്ന്നു

4.അതേ സമയം അതിന് അനുസരിച്ച് സ്പെക്ട്രം ചാര്‍ജ് ലൈസന്‍സ് ഫീസ് എന്നിവ വര്‍ദ്ധിച്ചിട്ടുണ്ട്. 2016, 2017 കാലത്ത് ടെലികോം നിരക്കുകള്‍ കുത്തനെ താഴ്ന്ന കാലത്ത് തന്നെയാണ് ടെലികോം കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ സ്പെക്ട്രം, ലൈസന്‍സ് ഫീ അടയ്ക്കേണ്ടി വന്നത് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ വന്ന സുപ്രീംകോടതി വിധിയോടെ ഐഡിയ വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലായി

5. അതേ സമയം ഡാറ്റയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ കൂടുതല്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഒരു ടവര്‍ പരിധിയില്‍ 3,000 ആളുകള്‍ വരുന്നു എന്നാണ് കണക്ക്. ഡാറ്റയുടെ ഉപയോഗം കൂടുന്നതിന് അനുസരിച്ച് ഇത് വര്‍ദ്ധിപ്പിക്കണം. അതിന് കൂടുതല്‍ നിക്ഷേപം വേണമെന്നാണ് ടെലികോം കമ്പനികളുടെ വാദം

6. ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനവ് 22 ശതമാനം മുതൽ 42 ശതമാനവരെയാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്. ഇത് വര്‍ഷം 30,000 കോടിയോളം അധിക വരുമാനം കമ്പനികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നതാണ് എന്നാണ് വിപണി വിലയിരുത്തലുകാരുടെ അഭിപ്രായം. അതായത് ഇപ്പോഴത്തെ കടബാധ്യതകളെ ഒന്നോ രണ്ടോ വര്‍ഷത്തില്‍ മറികടക്കാന്‍ സാധിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ് ടെലികോം രംഗത്ത് നടന്ന അനാരോഗ്യപരമായ താരീഫ് യുദ്ധത്താല്‍ നിശ്ചിതകാലത്ത് ഉപയോക്താവിന് ഒഴിഞ്ഞുനിന്ന ഭാരം വീണ്ടും ഉപയോക്താവിന് തിരിച്ചുലഭിക്കാന്‍ പോകുന്നു എന്നതാണ്. ഇടക്കാലത്ത് താരീഫ് നിരക്കിന്‍റെ പേരില്‍ കമ്പനികള്‍ കടുത്ത മത്സരം ആരംഭിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ അനവധി കമ്പനികളാണ് ടെലികോം രംഗത്ത് നിന്നും പിന്‍മാറിയത്. അതിനാല്‍ തന്നെ ഇന്ത്യയിലെ ടെലികോം വിപണിയില്‍ ഇപ്പോള്‍ കുറഞ്ഞ കമ്പനികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.ഇതും ഈ നിരക്ക് വര്‍ദ്ധനവിലേക്ക് വഴിവച്ച ഒരു കാരണമാണ്. ഡാറ്റ ചെറിയ നിരക്കില്‍ ലഭിക്കുന്നത മികച്ച കാര്യമാണെങ്കിലും. അതിന് വേണ്ടി സ്വന്തം നിലനില്‍പ്പ് പോലും മറന്ന് യുദ്ധം ചെയ്ത ടെലികോം കമ്പനികള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകും മുന്‍പ് ചെയ്ത സ്വയം ചികില്‍സയാണ് നിരക്ക് വര്‍ദ്ധനവ്. അതേ സമയം ഇത്രയും ആപത്കരമായ മത്സരം ഈ രംഗത്ത് നടന്നിട്ടും കാര്യക്ഷമമായി ഇടപെടല്‍ സര്‍ക്കാര്‍ സംവിധാനമായ ട്രായിക്കും മറ്റും നടത്താന്‍ സാധിച്ചില്ല എന്നതും ഒരു ചോദ്യചിഹ്നമാണ്