നിരക്ക് കൂട്ടുന്നതിന്റെ കാര്യത്തിൽ ഒന്നിച്ച് ടെലികോം കമ്പനികൾ

നിരക്ക് കൂട്ടുന്നതിന്റെ കാര്യത്തിൽ ഒന്നിച്ച്  ടെലികോം കമ്പനികൾ 

രാജ്യത്തെ ടെലികോം കമ്പനികളെല്ലാം നിരക്ക് കൂട്ടാൻ പോകുകയാണ്. കഴിഞ്ഞ നാലു വർഷം ശത്രുക്കളായി കഴിഞ്ഞിരുന്ന മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്ക് കൂട്ടുന്നതിന്റെ കാര്യത്തിൽ ഒന്നിച്ചിരിക്കുകയാണ്. മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവരാണ് പ്രീപെയ്ഡ് വോയ്‌സ്, ഡേറ്റാ സേവനങ്ങളുടെ വില ഉയർത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് നിരക്ക് വലിച്ചിഴച്ച ഒരു താരിഫ് യുദ്ധത്തിന്‌ അവസാനം കുറിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരമാണ് മൂന്ന് ഓപ്പറേറ്റർമാരും നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. മിക്ക പ്ലാനുകളിലെയും വർധനവ് 15-47 ശതമാനം വരെയാണ്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയ്ക്കുള്ള പുതിയ താരിഫുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമ്പോൾ റിലയൻസ് ജിയോയുടെ പുതുക്കിയ താരിഫ് ഡിസംബർ 6 മുതൽ പ്രാബല്യത്തിൽ വരും.മൂന്ന് ഓപ്പറേറ്റർമാരുടെ താരിഫ് വർധനവ് ഒരു ദശാബ്ദത്തിലേറെയായി ഇത്തരത്തിലുള്ള ആദ്യത്തേതാണ്. വർഷങ്ങളുടെ മത്സരത്തിന് ശേഷം കോളുകളുടെയും ഡേറ്റാ സേവനങ്ങളുടെയും വില കുത്തനെ കൂട്ടുകയായിരുന്നു. 2016 സെപ്റ്റംബറിൽ റിലയൻസ് ജിയോയുടെ പ്രവേശനത്തോടെയാണ് നിരക്ക് യുദ്ധം ശക്തമായത്. ജിയോയുടെ വരവ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കി. ഇത് മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ മാത്രം അവശേഷിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവർക്ക് റെക്കോർഡ് നഷ്ടം സൃഷ്ടിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധിയും വർധിച്ചുകൊണ്ടിരിക്കുന്ന നഷ്ടവും കമ്പനിയുടെ പ്രാദേശിക അഫിലിയേറ്റിനെ പാപ്പരത്തത്തിലേക്ക് നയിക്കുന്നതിൽ നിന്ന് രക്ഷിക്കുന്നതിന് സർക്കാരിന്റെ ഇടപെടൽ തേടാൻ വോഡഫോൺ ഗ്രൂപ്പ് പി‌എൽ‌സിയുടെ ചീഫ് എക്സിക്യൂട്ടീവ് നിക്ക് റീഡിനെ വരെ പ്രേരിപ്പിച്ചിരുന്നു.രണ്ടാഴ്ച്ച മുൻപ് തന്നെ മൂന്ന് ഓപ്പറേറ്റർമാരും വില ഉയർത്തുമെന്ന് പറഞ്ഞിരുന്നു. എയർടെല്ലിന്റെ പുതിയ പ്ലാനുകൾ പ്രതിദിനം 50 പൈസയുടെ പരിധിയിൽ നിന്ന് പ്രതിദിനം 2.85 രൂപയുടെ താരിഫ് വർധനവാണ് കാണിക്കുന്നത്. ഇതോടൊപ്പം ഉദാരമായ ഡേറ്റയും കോളിങ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.എയർടെൽ അതിന്റെ ജനപ്രിയ 169, 199 പ്ലാനുകളെ ഒരൊറ്റ 248 പായ്ക്കിലേക്ക് ലയിപ്പിച്ചു. അവരുടെ മുൻപത്തെ 28 ദിവസത്തെ കാലാവധി അതേപടി തുടരുന്നു. അതിന്റെ 169 പായ്ക്ക് ഉപയോക്താക്കൾക്കുള്ള താരിഫ് വർധന 47 ശതമാനം ആണ്. എന്നാലും ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രതിദിനം 1.5 GB ഡേറ്റ ലഭിക്കും. നേരത്തെ ലഭിച്ചതിൽ നിന്ന് 50 ശതമാനം കൂടുതലാണിത്. ഉപയോക്താവ് 199 പ്ലാൻ ആസ്വദിച്ചതിന് സമാനമാണ്. പ്രീപെയ്ഡ് ഉൽ‌പന്നങ്ങൾക്കും സേവനങ്ങൾക്കുമായി 2 ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിവയുടെ കാലാവധിയുള്ള പുതിയ പദ്ധതികളും വോഡഫോൺ ഐഡിയ പ്രഖ്യാപിച്ചു.

40 ശതമാനം ചെലവേറിയതാണെങ്കിലും 300 ശതമാനം കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ‘ഓൾ ഇൻ വൺ’ പ്ലാനുകൾ അവതരിപ്പിക്കുമെന്ന് റിലയൻസ് ജിയോ പറഞ്ഞു. വൊഡാഫോൺ ഐഡിയയും ഭാരതി എയർടെലും സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു.സർക്കാറിന് കുടിശ്ശിക അടയ്ക്കാൻ പണം നീക്കിവച്ചതിനാൽ സെപ്റ്റംബർ പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം 4,874 കോടിയിൽ നിന്ന് 50,922 കോടി രൂപയായി ഉയർന്നു. എതിരാളിയായ ഭാരതി എയർടെൽ കഴിഞ്ഞ വർഷം 118 കോടി രൂപ ലാഭത്തിൽ നിന്ന് 23,045 കോടി രൂപയുടെ നഷ്ടത്തിലേക്ക്.ഒക്ടോബർ 24 ന് സുപ്രീംകോടതി ടെലികോം കമ്പനികളോട് കഴിഞ്ഞ കുടിശ്ശിക കുറഞ്ഞത് 92,000 കോടി രൂപ മൂന്ന് മാസത്തിനുള്ളിൽ സർക്കാരിനു നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വിധി പുനഃപരിശോധിക്കാൻ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും മറ്റ് രണ്ട് പേരും സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം ഭാരതി എയർടെല്ലിന്റെ ബാധ്യതകൾ ഏകദേശം 35,586 കോടി രൂപയാണ്. ഇതിൽ 21,682 കോടി രൂപ ലൈസൻസ് ഫീസും മറ്റൊരു 13,904.01 കോടി രൂപ സ്പെക്ട്രം കുടിശ്ശികയുമാണ് (ടെലിനോർ, ടാറ്റ ടെലി സർവീസസ് എന്നിവയുടെ കുടിശ്ശിക ഒഴികെ).