റഫാല്‍; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്ത്

റഫാല്‍; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്ത് മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്ന കത്താണ്‌ പുറത്തെത്തിയിരിക്കുന്നത്‌ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകള്‍ പുറത്ത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പി എം ഒ ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് പ്രതിരോധമന്ത്രിക്ക് വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ നല്‍കിയ കത്ത് ദേശീയമാധ്യമം പുറത്തുവിട്ടു.കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും പ്രതിരോധമന്ത്രാലയ സെക്രട്ടറിയുടെ കത്ത് പറയുന്നുണ്ട്. മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്ന കത്താണ്‌ പുറത്തെത്തിയിരിക്കുന്നത്‌. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നുമാണ്‌ കത്തില്‍ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടെന്ന് അന്നു പറഞ്ഞിരുന്നില്ല.